കൊല്ലം: ദലിതരോടുള്ള അവകാശങ്ങൾക്കും സാമൂഹിക സുരക്ഷിതത്വത്തിനും ജനിച്ച മണ്ണിൽ ജീവിക്കുന്നതിനുമുള്ള നിയമങ്ങൾ കോടതി ഇടപെട്ട് ദുർബലപ്പെടുത്തിയാൽ ദലിതർക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടമാകുമെന്ന് കെ.ഡി.എഫ് സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രൻ പറഞ്ഞു. 'പട്ടികവിഭാഗങ്ങളും ഭരണഘടനാ പരിരക്ഷയും' എന്ന വിഷയത്തിൽ കെ.ഡി.എഫ് സംഘടിപ്പിച്ച ചർച്ചാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിലുണ്ടായിരുന്ന നിയമങ്ങൾകൊണ്ട് ദലിതർക്കുനേരെയുള്ള കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ കഴിയില്ലെന്ന് പാർലമെൻറിന് ബോധ്യമായതുകൊണ്ടാണ് 1989ൽ പട്ടികജാതി/ പട്ടികവർഗക്കാർക്ക് നേരെയുള്ള അതിക്രമം തടയാൻ പ്രത്യേകം നിയമനിർമാണം നടത്തിയത്. പ്രഥമദൃഷ്ട്യാ കുറ്റകൃത്യം ബോധ്യപ്പെട്ടാൽ അറസ്റ്റ് ചെയ്യാമെന്ന് ഉത്തരവിട്ട കോടതിതന്നെയാണ് ഇപ്പോൾ സമഗ്രമായ അന്വേഷണത്തിനുശേഷം കേസെടുത്താൽ മതിയെന്ന് ഉത്തരവിട്ടിരിക്കുന്നത്. ഇതിനെതിരെ റിവ്യൂ ഹരജി നൽകുമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. എന്നാൽ, നാളിതുവരെ റിവ്യൂ ഹരജിയിലൂടെ ഒരു ഉത്തരവും തിരുത്തിയിട്ടില്ല. പ്രധാനമന്ത്രി ഈ വിഷയത്തിൽ മൗനം പാലിക്കുന്നത് ആശങ്കജനകമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് പി.കെ. രാധ അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.