ഇ-പോസ് മെഷീനിലൂടെ റേഷൻകടകളിലെ കരിഞ്ചന്ത നല്ലൊരു ശതമാനം കുറയുമെങ്കിലും ഗോഡൗണുകളിലെ വെട്ടിപ്പ് തടയാൻ ഒരു നടപടിയും സർക്കാർ കൈക്കൊണ്ടിട്ടില്ല. എഫ്.സി.ഐയിൽനിന്ന് സപ്ലൈകോ ഏറ്റെടുക്കുന്ന ഭക്ഷ്യധാന്യം കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വെയർഹൗസിങ് കോർപറേഷൻ ഗോഡൗണുകളിലേക്കും സ്വകാര്യവ്യക്തികളുടെ ഗോഡൗണുകളിലേക്കുമാണ് എത്തുന്നത്. എന്നാൽ, ഇവിടെവെച്ച് തൊഴിലാളികളും ഉദ്യോഗസ്ഥരും ചേർന്ന് വാതിൽപടി വിതരണംചെയ്യേണ്ട ചാക്കുകൾ കുത്തിത്തുരക്കുകയാണ്. ഇതോടെ ചാക്കുകളിൽ മൂന്ന് മുതൽ നാലു കിലോയുടെ കുറവാണ് ഉണ്ടാകുന്നത്. ജനുവരിയിൽ മേനംകുളത്തെ കേന്ദ്ര വെയർഹൗസിങ് കോർപറേഷെൻറ ഗോഡൗണിൽനിന്ന് 45 ലക്ഷം രൂപയുടെ (15 ലോഡ്) അരിയാണ് ഭക്ഷ്യമന്ത്രി പി. തിലോത്തമെൻറ പ്രത്യേക സ്ക്വാഡ് പിടികൂടിയത്. അന്വേഷണത്തിൽ തൊഴിലാളികളും ഉദ്യോഗസ്ഥരും ചേർന്ന് ചാക്കുകളിൽനിന്ന് കുത്തിയെടുത്ത അരിയാണ് ഇതെന്ന് കണ്ടെത്തി. സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ്തല നടപടിയെടുത്തെങ്കിലും തൊഴിലാളികൾക്കെതിരെ ഒന്നും ഉണ്ടായില്ല. വ്യാപാരികൾക്ക് മുന്നിൽ റേഷൻ സാധനങ്ങളുടെ തൂക്കം ബോധ്യപ്പെടുത്തണമെന്ന് ചട്ടമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. തൂക്കം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികളെ ഗോഡൗണിലെ തൊഴിലാളികൾ കൂട്ടംചേർന്ന് ആക്രമിക്കുന്ന സംഭവങ്ങൾവരെയുണ്ടായി. 45 മുതൽ 72 ക്വിൻറൽ വിൽക്കുന്ന വ്യാപാരിക്ക് പരമാവധി സർക്കാർ നൽകുന്ന വേതനം 16,000 രൂപയാണ്. എന്നാൽ, കടവാടകയും സെയിൽസ്മാനുള്ള കൂലിയും വൈദ്യുതി ചാർജും പോയിട്ട് മാസാവസാനം വ്യാപാരിക്ക് ലഭിക്കുന്നത് 4000-6000 രൂപവരെയാണ്. ഇ-പോസ് മെഷീെൻറ വിതരണം പൂർണമായ കൊല്ലം ജില്ലയിലെ കണക്കുകൾ ഇതിന് ഉദാഹരണമാണ്. ഈ തുകകൊണ്ട് കടകൾ നടത്തിക്കൊണ്ട് പോകാനാവില്ലെന്ന നിലപാടിലാണ് വ്യാപാരികൾ. വിൽക്കുന്ന സാധനത്തിെൻറ അളവിനനുസരിച്ചാണ് വ്യാപാരിക്ക് വേതനം. അതുകൊണ്ട് ഉപഭോക്താക്കൾക്ക് റേഷൻ വേണ്ടെങ്കിലും അരിയും ഗോതമ്പുമെല്ലാം അവരുടെ വീട്ടിൽ കൊണ്ടുപോയി കൊടുക്കേണ്ട അവസ്ഥയാണ് വ്യാപാരികൾക്കെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറി പോത്തൻകോട് ജയകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.