പുറമ്പോക്ക് കൈയേറി വീട് നിർമാണം; പരിശോധനക്കെത്തിയ ഓവർസിയറെ വീട്ടുടമ ആക്രമിച്ചു

വർക്കല: പുറമ്പോക്ക് കൈയേറിയുള്ള വീട് നിർമാണം പരിശോധിക്കാനെത്തിയ നഗരസഭ ഓവർസിയറെ ആക്രമിച്ച് പരിക്കേൽപിച്ചു. വർക്കല നഗരസഭയിലെ കെട്ടിട നിർമാണവിഭാഗം ഓവർസിയർ ഗിൽഡ ജെയിനെയാണ് ആക്രമിച്ചത്. ഇവരുടെ വലതുകൈക്കുഴക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. തൊടുവെ കനാലോരത്ത് പുറമ്പോക്കിൽ വീട് നിർമിക്കുന്ന മുഹ്സിനാണ് വനിത ഉദ്യോഗസ്ഥയെ കൈയേറ്റം ചെയ്തത്. രണ്ടുമാസം മുമ്പാണിയാൾ തോട് പുറമ്പോക്കിൽ വീട് നിർമാണം തുടങ്ങിയത്. അന്നുതന്നെ നഗരസഭയിൽ ഇതു സംബന്ധിച്ച് പരാതിയും ലഭിച്ചിരുന്നു. അന്വേഷണത്തിൽ പുറമ്പോക്ക് ഭൂമി കൈയേറിയതായി കണ്ടെത്തുകയും പണികൾ നിർത്തിവെക്കാനും ഭൂമിയിൽനിന്ന് പിന്മാറാനും നഗരസഭ നോട്ടീസും നൽകിയിരുന്നു. എന്നാൽ, രഹസ്യമായി മുഹ്സിൻ വീടുപണി പൂർത്തിയാക്കുകയായിരുന്നു. വെള്ളിയാഴ്ച വീടിനുള്ളിൽ ഇലക്ട്രിക് പണികൾ നടക്കുന്നതായി നഗരസഭ സെക്രട്ടറിക്ക് രഹസ്യവിവരം ലഭിച്ചു. തുടർന്നാണ് അന്വേഷണം നടത്താൻ സെക്രട്ടറി ഓവർസിയറോട് നിർദേശിച്ചത്. നഗരസഭയുടെ ജീപ്പിൽ സ്ഥലത്തെത്തി പരിശോധന നടത്തി മടങ്ങുന്നതിനിടെയാണ് ബൈക്കിലെത്തിയ മുഹ്സിൻ ജീപ്പ് തടയുകയും ഓവർസിയറോട് കയർക്കുകയും ചെയ്തത്. തുടർന്ന് ഓവർസിയറുടെ കൈയിലിരുന്ന മൊബൈൽ ഫോൺ പിടിച്ചെടുക്കാനും ശ്രമിച്ചുവത്രെ. പിടിവലിക്കിടെയാണ് ഓവർസിയറുടെ കൈക്കുഴക്ക് പരിക്കേറ്റത്. ഇവർ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. സംഭവത്തെതുടർന്ന് ഉദ്യോഗസ്ഥ വർക്കല പൊലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷണം തുടങ്ങിയതായി എസ്.ഐ അറിയിച്ചു. രണ്ടു മാസത്തിന് മുമ്പ് ഇവിടെ അന്വേഷണത്തിനെത്തിയ മറ്റൊരു ഓവർസിയറെയും ഇയാൾ ആക്രമിച്ചിരുന്നു. File name 23 VKL 4 .Injuered Overseer@varkala ഫോട്ടോ കാപ്ഷൻ പരിക്കേറ്റ വർക്കല നഗരസഭ ബിൽഡിങ് വിഭാഗം ഓവർസിയർ ഗിൽഡ ജെയിൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.