കാട്ടുചന്തയിലെ അനധികൃത കുന്നിടിക്കൽ നിർത്തിവെപ്പിച്ചു

'മാധ്യമം' വാർത്ത ശ്രദ്ധയിൽപെട്ട വില്ലേജ് ഓഫിസർ സ്ഥലത്തെത്തി രേഖകൾ ആവശ്യപ്പെട്ടെങ്കിലും നൽകാനായില്ല കിളിമാനൂർ: നിയമപരമായ രേഖകളുണ്ടെന്ന് വില്ലേജ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് കാട്ടുചന്തയിൽ നടത്തിവന്ന അനധികൃത കുന്നിടിക്കൽ വില്ലേജ് ഓഫിസർ എത്തി നിർത്തിവെപ്പിച്ചു. കുന്നിടിക്കാൻ അനുവദിച്ചുകൊണ്ടുള്ള നിയമപരമായ രേഖകൾ കാണിക്കാൻ ഇവർക്ക് കഴിയാതിരുന്നതോടെയാണ് പ്രവൃത്തി നിർത്തിവെക്കാൻ ആവശ്യപ്പെട്ട് വെള്ളല്ലൂർ വില്ലേജ് ഓഫിസർ നോട്ടീസ് നൽകിയത്. നഗരൂർ പഞ്ചായത്തിലെ വെള്ളല്ലൂർ വില്ലേജിൽപെട്ട പേരൂർ കാട്ടുചന്തയിലാണ് റോഡിനോട് ചേർന്ന് ദിവസങ്ങളായി കുന്നിടിക്കൽ നടന്നിരുന്നത്. റോഡിൽനിന്ന് ആഴത്തിൽ മണ്ണിടിക്കൽ തുടങ്ങിയതോടെ റവന്യൂ അധികൃതർ ഒത്താശ ചെയ്യുന്നതായി ആരോപിച്ച്‌ നാട്ടുകാർ രംഗത്തെത്തിയിരുന്നു. കോടികൾ ചെലവഴിച്ച് അടുത്തിടെ റീ-ടാറിങ് പൂർത്തിയാക്കിയ പോങ്ങനാട്- കല്ലമ്പലം റോഡ് ചളിക്കുണ്ടാകുകയും റോഡിലെ ഓട കൈയേറി നികത്തുകയും ചെയ്തു. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ ഇക്കഴിഞ്ഞ 21 ന് 'കാട്ടുചന്തയിൽ കുന്നിടിക്കൽ തുടരുന്നു' എന്ന തലക്കെട്ടിൽ 'മാധ്യമം' വാർത്തനൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ട വില്ലേജ് ഓഫിസർ തൊട്ടടുത്ത ദിവസം തന്നെ സ്ഥലത്തെത്തി രേഖകൾ ആവശ്യപ്പെടുകയായിരുന്നു. രേഖകൾ ഇല്ലെന്ന് വ്യക്തമായതോടെ ഓടയും റോഡും പൂർവസ്ഥിതിയിലാക്കി കുന്നിടിക്കൽ അവസാനിപ്പിക്കാൻ വില്ലേജ് ഓഫിസർ മിഥിലാജ് ആവശ്യപ്പെടുകയായിരുന്നു. മൈനിങ് ആൻഡ് ജിയോളജി വകുപ്പി​െൻറ രേഖകൾ ഉണ്ടെന്നാണ് ഇവർ ഫോണിൽ അറിയിച്ചിരുന്നതെന്നും വില്ലേജ് ഓഫിസർ പറഞ്ഞു. ചിത്രവിവരണം: കാട്ടുചന്തയിലെ അനധികൃത കുന്നിടിക്കൽ സംബന്ധിച്ച് 'മാധ്യമം' നൽകിയ വാർത്ത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.