കൊല്ലം: ആധുനിക സൗകര്യങ്ങളും വൃത്തിയുമുള്ള 200 പുതിയ മത്സ്യമാർക്കറ്റുകൾ സംസ്ഥാനത്ത് യാഥാർഥ്യമാക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കൊറ്റങ്കര പഞ്ചായത്തിലെ കരിക്കോട് ആധുനിക മത്സ്യമാർക്കറ്റിന് ശിലയിട്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ കടപ്പാക്കട, അഞ്ചൽ, പുനലൂർ എന്നീ മാർക്കറ്റുകളാണ് ആദ്യഘട്ടത്തിൽ പൂർത്തിയാക്കുക. ഗുണനിലവാര പരിശോധന നടത്തിയാകും ആധുനിക മാർക്കറ്റുകളിലെ മീൻ വിൽപനയെന്ന് മന്ത്രി വ്യക്തമാക്കി. ഇതിനായി ഇവിടങ്ങളിൽ പരിശോധന ലാബുകളുണ്ടാകും. 48 മണിക്കൂറിലധികം പഴക്കമുള്ള മീൻ വിൽക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. കൊറ്റങ്കരയിൽ നിർമിക്കുന്നത് രണ്ടു നിലകളുള്ള മാർക്കറ്റാണ്. ലേല ഹാൾ, 44 വിപണന സ്റ്റാളുകൾ, അഞ്ചു കടമുറികൾ, ഒരു ശീതീകരണ മുറി, ഫ്ലേക് ഐസ് യൂനിറ്റ്, വിശ്രമ മുറി, ശുചിമുറി എന്നിവയൊക്കെ ചേർന്നതാണ് മാർക്കറ്റ് സംവിധാനം. 3.56 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന മാർക്കറ്റ് ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. വിനിതകുമാരി അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറ് എൻ. പ്രഭാകരൻപിള്ള, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ശോഭനാ സുനിൽ, എച്ച്. ഹുസൈൻ തുടങ്ങയവർക്കൊപ്പം ഗ്രാമപഞ്ചായത്തിലെയും അംഗങ്ങളും ഫിഷറീസ് -തീരദേശ വികസന വകുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയകക്ഷി നേതാക്കളും പങ്കെടുത്തു. ആന്മുള വള്ളസദ്യ കൊല്ലത്തും കൊല്ലം: ലോക പ്രശസ്തമായ ആന്മുള വള്ളസദ്യയുടെ രുചിവൈഭവം ഇക്കുറി പ്രസിഡൻറ്സ് േട്രാഫി ജലോത്സവത്തിന് എത്തുന്നവർക്കും ആസ്വദിക്കാം. വഞ്ചിപ്പാട്ടിെൻറ അകമ്പടിയോടെ 65 ൽപരം കറിക്കൂട്ടുകളോടെ വിളമ്പുന്ന വഴിപാട് വള്ളസദ്യയാണ് ജലോത്സവത്തിെൻറ ഭാഗമാകുന്നത്. കാൽനൂറ്റാണ്ടായി ആറന്മുള വള്ളസദ്യ ഒരുക്കിവരുന്ന വിജയൻ നടമംഗലമാണ് കൊല്ലത്തും വള്ളസദ്യ ഒരുക്കുന്നത്. ആശ്രാമം മൈതാനത്തെ അഷ്ടമുടി ഫെസ്റ്റിെൻറ ഫുഡ് കോർട്ടിൽ ഒക്ടോബർ 31നും നവംബർ ഒന്നിനാണ് വള്ളസദ്യ നടക്കുക. കൂപ്പണുകൾ ജലോത്സവകമ്മിറ്റി ഓഫിസിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.