സംസ്ഥാന ബോക്സിങ് ചാമ്പ്യൻഷിപ്പിന്​ കല്ലുകടിയോടെ തുടക്കം

കൊല്ലം: കേരള സ്റ്റേറ്റ് അമച്വർ ബോക്സിങ് അസോസിയേഷൻ സംസ്ഥാന ചാമ്പ്യൻഷിപ്പിന് കല്ലുകടിയോടെ തുടക്കം. മത്സരം ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ചാമ്പ്യൻഷിപ്പിനെത്തിയ ടീം പിന്മാറി. കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ ആരംഭിച്ച കേരള സ്റ്റേറ്റ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ തൃശൂർ ജില്ലയെ പ്രതിനിധീകരിച്ച് ബുധനാഴ്ച പുലർച്ചെ എത്തിയ സംഘത്തിന് സംഘാടകർ അവസരം നിഷേധിച്ചെന്ന് പറഞ്ഞാണ് പിന്മാറിയത്. തൃശൂർ ജില്ലയിൽനിന്ന് കേരള ടീം മുൻ ക്യാപ്റ്റൻ ബാലുവി​െൻറ നേതൃത്വത്തിൽ 44 അംഗ സംഘമാണ് പങ്കെടുക്കാനെത്തിയത്. അവസരം നിഷേധിച്ചതിനെതുടർന്ന് മത്സരാർഥികളും സംഘാടകരുമായി കൈയാങ്കളിയുടെ വക്കിലെത്തിയപ്പോൾ പൊലീസ് ഇടപെട്ടു. തുടർന്ന് സംഘം മടങ്ങി. മത്സരത്തിൽ പെങ്കടുക്കാനെത്തിയവർക്ക് പ്രാഥമിക കൃത്യങ്ങളും മറ്റും നിർവഹിക്കുന്നതിനുള്ള സൗകര്യങ്ങളും പരിമിതമായിരുന്നു. ഏറെ വൈകിയാണ് ടോയ്ലറ്റുകളും മറ്റും തുറന്നുനൽകിയത്. മത്സരാർഥികളായ പെൺകുട്ടികളാണ് ഏറെ ബുദ്ധിമുട്ടിയത്. അതിരാവിലെ മുതൽ ഇതര ജില്ലകളിൽനിന്ന് ഹോക്കി സ്റ്റേഡിയത്തിലെത്തിയ മത്സരാർഥികൾ തറയിലും മറ്റുമാണ് വിശ്രമിച്ചത്. മത്സരത്തിൽ പങ്കെടുക്കാൻ എത്തിയവരിൽനിന്ന് എണ്ണൂറോളം രൂപ രജിസ്ട്രേഷൻ ഫീസായി വാങ്ങിയെന്ന പരാതി ഉയർന്നു. എന്നാൽ, 400 രൂപ മാത്രമാണ് വാങ്ങിയതെന്ന് സംഘാടകർ അറിയിച്ചു. മാത്രമല്ല, തൃശൂർ ടീം രജിസ്ട്രേഷന് അധികൃതരെ സമീപിച്ചില്ലെന്നും കേരള സ്റ്റേറ്റ് അമച്വർ ബോക്സിങ് അസോസിയേഷനിൽ കൂടാതെ മറ്റൊരു അസോസിയേഷൻ ഉണ്ടാക്കിയാണ് തൃശൂർ ടീം മത്സരിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. അതേസമയം കുട്ടികളിൽനിന്ന് ഉയർന്ന ഫീസ് വാങ്ങിയിട്ടും സൗകര്യങ്ങൾ ഏർപ്പെടുത്താത്തതിനെക്കുറിച്ച് ചോദ്യം ചെയ്തതാണ് സംഘാടകരെ പ്രകോപിപ്പിച്ചതെന്ന് തൃശൂർ ടീം കോച്ച് ബാലു 'മാധ്യമ'ത്തോട് പറഞ്ഞു. ബുധനാഴ്ച മുതൽ തുടങ്ങിയ മത്സരങ്ങൾ വെള്ളിയാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.