തങ്കശ്ശേരി ബ്രേക്ക് വാട്ടർ ടൂറിസം മത്സ്യത്തൊഴിലാളികൾക്ക് തലവേദനയോ?

കൊല്ലം: തങ്കശ്ശേരി മത്സ്യബന്ധന തുറമുഖം ടൂറിസം മേഖലയാക്കാൻ ശ്രമിക്കുന്നത് പാരമ്പര്യ മത്സ്യത്തൊഴിലാളികളെ ആശങ്കയിലാക്കുന്നു. തങ്കശ്ശേരി ബ്രേക്ക് വാട്ടർ ടൂറിസം പദ്ധതിയുടെ നിർമാണം തീരദേശവാസികളായ മത്സ്യത്തൊഴിലാളികളുടെ അറിവോടുകൂടി ആരംഭിച്ചതല്ലെന്നും ഈ പദ്ധതിയിലൂടെ മത്സ്യബന്ധനമേഖലയെയും തൊഴിലാളികളെയും പുറന്തള്ളാനുള്ള നീക്കമാണ് നടക്കുന്നതെന്നും ആരോപണമുണ്ട്. തങ്കശ്ശേരി മുതൽ പോർട്ട് കൊല്ലം വരെയുള്ളത് മത്സ്യബന്ധന തുറമുഖമാണ്. പോർട്ട് കൊല്ലത്ത്നിന്ന് 300 മീറ്ററോളമുള്ള സ്ഥലത്ത് ഇപ്പോൾ ആഡംബര കപ്പലെത്തിക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ. തങ്കശ്ശേരി കടപ്പുറത്തും അവിടെനിന്ന് നൂറുമീറ്റർ അകലെ തെക്കുവശത്തായുള്ള ഗലീലി കടപ്പുറത്തും ആഡംബര കപ്പൽ ടെർമിനൽ, സിമൻറ് ടെർമിനൽ, ഗ്യാസ് ടെർമിനൽ, മാലിന്യ സംസ്‌കരണ പ്ലാൻറ് എന്നിവ നിർമിക്കാനാണ് പദ്ധതി. ഇതിനോടൊപ്പംതന്നെ കൊല്ലം തോട് മുറിച്ച് 300 മീറ്റർ വീതിയിലും 150 മീറ്റർ ആഴത്തിലും ലിങ്ക് കനാൽ നിർമിക്കാനും അതിനുമുകളിലായി മേൽപ്പാലങ്ങൾ നിർമിക്കാനും പദ്ധതിയുണ്ടെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെ‌ഡറേഷൻ ജില്ല സെക്രട്ടറി എ. ആൻഡ്രൂസ് പറഞ്ഞു. മത്സ്യബന്ധന തുറമുഖം നിലനിർത്തുക, കുടിയൊഴിപ്പിക്കാനുള്ള നീക്കം ഒഴിവാക്കുക, മത്സ്യബന്ധന നിയന്ത്രണനിയമങ്ങൾ പ്രാവർത്തികമാക്കുക, രാത്രികാല ട്രോളിങ് നിരോധനനിയമം നടപ്പാക്കുക എന്നീ ആവശ്യങ്ങൾക്കായി പല തവണ ബന്ധപ്പെട്ട അധികൃതരെ സമീപിച്ചിട്ടും നടപടി ഉണ്ടാവുന്നില്ലെന്നും അദ്ദേഹം പരാതിപ്പെടുന്നു. ഒപ്പം മൺസൂൺ കാലമാവുന്നതോടെ ഇതരസംസ്ഥാനത്ത് നിെന്നത്തുന്ന തൊഴിലാളികളും തലവേദന സൃഷ്‌ടിക്കുന്നുണ്ട്. സ്ഥലപരിമിതി, വിപണന സ്ഥലങ്ങളിലുണ്ടാകുന്ന പ്രശ്‌നങ്ങൾ, താമസസൗകര്യം എന്നിവയുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ടാവുന്നതായും തൊഴിലാളികൾ പറയുന്നു. പൊലീസിൽ പരാതിനൽകിയതിനെ തുടർന്ന് ഒരുഭാഗം ഒഴിഞ്ഞുപോയെങ്കിലും ഇവരിൽ പലരുടെയും വള്ളങ്ങൾ ഇപ്പോഴും പ്രദേശത്തുതന്നെ നിലനിൽക്കുന്നു. അതേസമയം, മത്സ്യത്തൊഴിലാളികളെ ബുദ്ധിമുട്ടിക്കാത്ത തരത്തിൽ വികസനം കൊണ്ടുവരാനായി നിരവധി സാധ്യകൾ ഉണ്ടെന്നാണ് ജനപ്രതിനിധികൾ പറയുന്നത്. ബെക്കിംഗ്ഹാം കനാൽ, ലൈറ്റ്ഹൗസ്, കോട്ട മുതലായ സ്ഥലങ്ങൾ ടൂറിസ്‌റ്റുകൾക്ക് പ്രിയപ്പെട്ട മേഖലയാണ്. ഇവിടെതന്നെ കൂടുതൽ വികസനം കൊണ്ടുവരണം. അത് പാരമ്പര്യതൊഴിലാളികളെ ബുദ്ധിമുട്ടിച്ചാകരുത്. പദ്ധതിക്കായി അനുവദിച്ചിരിക്കുന്ന തുക ചെലവഴിക്കുന്നതിനെകുറിച്ച് കൂടുതൽ ചർച്ചകൾ നടത്തണം. ശേഷം മാത്രമേ വികസനപ്രവർത്തനങ്ങൾ ആരംഭിക്കൂ. അതിന് കാലതാമസം ഉണ്ടാവുമെന്നുമാണ് ജനപ്രതിനിധികളുടെ വാദം. വിവിധകാരണം കൊണ്ട് വലക്കും മറ്റുപകരണങ്ങൾക്കും കേടുപാടുകൾ സംഭവിക്കുേമ്പാൾ തിരിഞ്ഞുനോക്കാത്തവർ ബ്രേക്ക് വാട്ടർ ടൂറിസത്തിന് തുക അനുവദിച്ചത് നീതീകരിക്കാനാവാത്തതാണെന്ന് തൊഴിലാളികൾ പറഞ്ഞു. തൊഴിലെടുക്കാൻ പറ്റാത്തരീതിയിൽ ഏത് വികസനം കൊണ്ടുവന്നാലും ചെറുത്തുതോൽപിക്കുമെന്നും അവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.