കാട്ടാക്കട: കെ.എസ്.ആർ.ടി.സി കാട്ടാക്കട ഡിപ്പോയിലെ സെപ്റ്റിക് ടാങ്ക് പൊട്ടി മാലിന്യം അടക്കമുള്ളവ റോഡിലേക്ക് പൊട്ടിയൊലിക്കുന്നത് തടയാൻ കെ.എസ്.ആർ.ടി.സി അധികൃതർ നടപടിയെടുക്കാത്തത് നിയമ ലംഘനമായി കണക്കാക്കി കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കാട്ടാക്കട മണ്ഡലം കമ്മിറ്റി പ്രസിഡൻറ് എസ്.ടി. അനീഷ് പൊലീസിന് പരാതി നൽകി. പരാതി സ്വീകരിച്ചതായും പരിശോധിച്ചുവരുകയാണെന്നും എസ്.ഐ ബിജുകുമാർ അറിയിച്ചു. കെ.എസ്.ആർ.ടി.സി എം.ഡി, എ.ടി.ഒ എന്നിവരെ എതിർകക്ഷികളാക്കിയാണ് പരാതി. മാസങ്ങളായി മാലിന്യം പൊട്ടി ഒഴുകുന്നത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ആയിട്ടും അധികൃതർ അനങ്ങുന്നില്ലെന്നും മാലിന്യം പൊതുസ്ഥലത്തേക്ക് ഒഴുക്കിവിടുന്നത് ഗുരുതരമായ നിയമ ലംഘനമാണെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികൾ പലതവണ സമരം നടത്തിയിട്ടും പ്രശ്നം പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി തയാറായിട്ടില്ല. വാണിജ്യ സമുച്ചയത്തിലെ കടകളിൽനിന്നുള്ള മാലിന്യം ഈ സംഭരണിയിൽ ഒഴുക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ഇതു പാടില്ലെന്നുമാണ് അധികൃതരുടെ പക്ഷം. ഓരോ തവണയും മാലിന്യപ്രശ്‌നം ഉണ്ടാകുമ്പോൾ ഇവിടെയുള്ള വ്യാപാരികൾക്ക് നോട്ടീസ് നൽകി കൈയൊഴിയുകയാണ് പതിവ്. എന്നാൽ, 30 ലക്ഷത്തോളം രൂപ കരുതൽ ധനമായി വാങ്ങുകയും കൂടാതെ, അറ്റകുറ്റപ്പണിക്കെന്ന പേരിൽ തുക ഈടാക്കുകയും ചെയ്യുന്ന കെ.എസ്.ആർ.ടി.സിക്ക് മാലിന്യ സംഭരണത്തിനും ഉത്തരവാദിത്തം ഉണ്ടെന്ന് വ്യാപാരികളും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.