വിദ്യാർഥികളുടെ സൗജന്യയാത്ര: സാമ്പത്തിക നഷ്​ടം സർക്കാറിനോട്​ ആവശ്യപ്പെടാനുറച്ച്​ കെ.എസ്​.ആർ.ടി.സി

തിരുവനന്തപുരം: വിദ്യാർഥികൾക്ക് സൗജന്യയാത്ര അനുവദിക്കുന്നതിലൂടെ കെ.എസ്.ആർ.ടി.സിക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം സർക്കാറിനോട് ആവശ്യപ്പെടാൻ ഉപസമിതിയുെട നിർദേശം. ഇതോടൊപ്പം ഹർത്താലുകൾ വഴിയുണ്ടാകുന്ന നഷ്ടങ്ങൾക്കും സർക്കാറിനോട് സാമ്പത്തിക സഹായം തേടണമെന്നും കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ രൂപവത്കരിച്ച ഉപസമിതി ശിപാർശ ചെയ്യുന്നു. യാത്ര സൗജന്യത്തിന് പുറത്തുള്ള വിദ്യാർഥികളിൽനിന്ന് നിലവിൽ ഇൗടാക്കുന്ന കൺസഷൻ നിരക്കായ 17.32 ശതമാനത്തിൽനിന്ന് 25 ശതമാനമായി ഉയർത്തണമെന്നതാണ് മറ്റൊരു നിർദേശം. വിദ്യാർഥികൾക്ക് സൗജന്യയാത്ര അനുവദിക്കുന്നതിലൂടെ 105 കോടി രൂപയുടെ നഷ്ടമാണ് പ്രതിവർഷമുണ്ടാകുന്നതെന്നാണ് കെ.എസ്.ആർ.ടി.സിയുടെ കണക്ക്. കടക്കെണിയിലായ സ്ഥാപനത്തിന് ഇൗ ഭാരിച്ച തുക താങ്ങാവുന്നതല്ലെന്നും ഇക്കാര്യം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി മുൻ എം.ഡിയായിരുന്ന എം.ജി. രാജമാണിക്യം സർക്കാറിന് കത്ത് നൽകിയിരുന്നു. സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി സൗജന്യനിരക്കിലെ യാത്ര നിജപ്പെടുത്തണമെന്നും അല്ലെങ്കില്‍ വരുമാനപരിധി കണക്കാക്കി നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് മാത്രമായി ആനുകൂല്യം ചുരുക്കണമെന്നും കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ടിരുന്നു. ഇൗ ആവശ്യങ്ങളൊന്നും പരിഗണിക്കാത്ത സാഹചര്യത്തിലാണ് സൗജന്യയാത്ര അനുവദിക്കുന്നതിലൂടെയുള്ള നഷ്്ടം സർക്കാറിൽനിന്ന് ഇൗടാക്കാനുള്ള നടപടികളിലേക്ക് നീങ്ങുന്നത്. 2015 ഫെബ്രുവരിയിലാണ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതില്‍ സ്വകാര്യബസുകാര്‍ പങ്കാളികളായിരുന്നില്ല. സൗജന്യം ലഭിച്ചതോടെ കെ.എസ്.ആര്‍.ടി.സി ബസുകളിലേക്ക് വിദ്യാര്‍ഥികള്‍ തള്ളിക്കയറി. രാവിലെയും വൈകീട്ടും കെ.എസ്.ആര്‍.ടി.സി ബസുകളുടെ വരുമാനം ഗണ്യമായി കുറഞ്ഞു. വിദ്യാര്‍ഥികളുടെ ബാഹുല്യം കാരണം ഈ സമയങ്ങളില്‍ ഒന്നരലക്ഷം യാത്രക്കാര്‍ കോര്‍പറേഷന്‍ ബസുകളെ കൈയൊഴിഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 3000 ഷെഡ്യൂളുകളിലെ വരുമാനം ഇതുകാരണം കുറഞ്ഞിട്ടുണ്ട്. ഓഫിസ് സമയങ്ങളിലാണ് ബസുകളില്‍ വരുമാനം കൂടിയിരുന്നത്. ലക്ഷങ്ങള്‍ ഫീസ് നല്‍കി സ്വകാര്യസ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്കു വരെ നിലവിൽ യാത്രാസൗജന്യം നല്‍കാന്‍ കെ.എസ്.ആര്‍.ടി.സിയെ നിര്‍ബന്ധിച്ചത് സ്ഥാപനത്തോട് ചെയ്ത ദ്രോഹമാണെന്നാണ് വിലയിരുത്തൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.