പണി കിട്ടിയവരിൽ പെട്ടിക്കടക്കാർ വരെ

*ശമ്പളം കൊടുക്കാൻ കഴിയാത്തതിനാൽ ചെറുകിടകച്ചവടക്കാർക്ക് സഹായികളെ പോലും പിരിച്ചുവിടേണ്ടി വന്നു കുണ്ടറ: നോട്ട് നിരോധനം കുണ്ടറയിലെ വ്യാപാരമേഖലക്ക് തിരിച്ചടിയായി. ഇടത്തരം, ചെറുകിട, പെട്ടിക്കട വ്യാപാരികൾ ഉൾപ്പെടെ നോട്ട് നിരോധനത്തി​െൻറ തിക്തഫലങ്ങൾ അനുഭവിക്കുകയാണ്. നോട്ട് നിരോധനത്തോടൊപ്പം പണമായി കൈമാറാവുന്ന തുകക്ക് കൂടി നിയന്ത്രണം വന്നതോടെ തകർന്നത് സാധാരണക്കാരാണ്. ഇടത്തരം വ്യാപാരമേഖലയിൽ ഉൾപ്പെടുന്ന സ്വർണവ്യാപാരം, ഗൃഹോപകരണ വ്യാപാരം, ഗൃഹനിർമാണ സാമഗ്രികളുടെ വ്യാപാരം, വസ്ത്രവ്യാപാരം തുടങ്ങിയ ഇടങ്ങളിൽ വിറ്റുവരവിൽ വൻ കുറവാണ് വന്നത്. വ്യാപാരത്തിലെ ഇടിവും ലാഭം കുറഞ്ഞതും ഈ മേഖലയെ പ്രതിസന്ധിയിലേക്ക് നയിക്കുകയാണ്. ഇതോടൊപ്പം ബാങ്കുകൾ നടപ്പാക്കി തുടങ്ങിയ പുതിയ കമീഷൻ വ്യവസ്ഥകളും സർവിസ് ചാർജ് പോലുള്ള ചൂഷണവും പ്രതിസന്ധിക്ക് ആക്കം കൂട്ടുകയാണ്. വ്യാപാരമേഖലയിൽ ഉണ്ടായ ഇടിവ് തുടരുമ്പോഴും സ്ഥാപനം നടത്തിക്കൊണ്ടുപോകുന്നതിനുള്ള ദൈനംദിന ചെലവുകളിൽ മാറ്റമില്ലാത്തതും രാഷ്ട്രീയ പാർട്ടികളുടെയും മതസ്ഥാപനങ്ങളുടെയും പിരിവിലുള്ള വർധനയും അവർ ചെലുത്തുന്ന സമ്മർദങ്ങളും കൂടിയാകുമ്പോൾ ഇടത്തരം വ്യാപാരികൾ നട്ടംതിരിയുകയാണ്. നിർമാണമേഖലയിൽ പകുതിയിലധികവും പ്രതിസന്ധിയിലാണ്. ഇതര സംസ്ഥാനക്കാരായ തൊഴിലാളികളിൽ 30 ശതമാനവും നാട്ടിലേക്ക് തിരികെ പോയി. നിർമാണ മേഖലയിലെ സ്തംഭനാവസ്ഥ ഗൃഹോപകരണ വ്യാപാരത്തെയും പ്രതികൂലമായി ബാധിച്ചു. മെഡിക്കൽ സ്റ്റോർ, ചെറുകിട ഹോട്ടലുകൾ, സ്റ്റേഷനറിക്കടകൾ, പച്ചക്കറി കടകൾ തുടങ്ങിയ ചെറുകിട വ്യാപാരികൾ ദൈനംദിന ചെലവുകൾ കഴിഞ്ഞ് ജീവിതം കരുപ്പിടിപ്പിക്കാൻ പ്രയാസപ്പെടുകയാണ്. കടകളിൽ സഹായത്തിന് നിർത്തിയിരുന്ന ഏക തൊഴിലാളിയെയും പലരും ശമ്പളം കൊടുക്കാൻ കഴിയാത്തതിനാൽ പിരിച്ചുവിട്ടിട്ടുണ്ട്. കൂലിപ്പണിക്കാരിൽ ആഴ്ചയിൽ ആറുദിവസവും ജോലി ചെയ്തിരുന്ന പലർക്കും ഇപ്പോൾ പകുതി ദിവസം പോലും തൊഴിലില്ലാത്ത സ്ഥിതിയാണ്. ഇത് മൂലമൂണ്ടാകുന്ന മാനസിക സമ്മർദം സാമൂഹിക പ്രശ്നമായി രൂപപ്പെടാൻ തുടങ്ങിയിട്ടുണ്ട്. പഴം-പച്ചക്കറി, പൊരിപ്പ്, ചായ, ചട്ടി, കുട്ട, വട്ടി, മത്സ്യ കച്ചവടക്കാർ തുടങ്ങിയ അന്നന്നത്തെ അന്നത്തിനു വേണ്ടി തെരുവോരങ്ങളിൽ ഉന്തുവണ്ടിയിലും മറ്റുമായി കച്ചവടം നടത്തുന്ന വ്യാപാരമേഖലയിലെ ഏറ്റവും താഴേതട്ടിലുള്ളവർക്കും ദുരിതംതന്നെ. ഇവരിൽ ഏറെപ്പേരും പൊതുഇടങ്ങളിലാണ് കച്ചവടം നടത്തുന്നത് എന്നതിനാൽ വാടക ഇനത്തിൽ പണം നൽകേണ്ടതില്ല. സാധാരണക്കാരുടെ കൈയിൽ പണമില്ലാതായതോടെ ഇത്തരം കടകളിലും കയറുന്നവരുടെ എണ്ണത്തിലും വലിയ കുറവുണ്ടായി. വരുമാനം കുറഞ്ഞതോടെ പലകുടുംബങ്ങളും കടക്കെണിയിലായി. കുണ്ടറയിലെ വ്യാപാരമേഖലയിൽ ഒരാൾ പോലും നോട്ട് നിരോധനത്തെ അംഗീകരിക്കുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.