കോടതി ഉത്തരവിട്ടു; സരസ്വതിയമ്മക്ക് ഇനി വീട്ടിൽ കഴിയാം

കൊട്ടാരക്കര: കോടതി ഉത്തരവിട്ടു, സരസ്വതിയമ്മക്ക് ഇനി മക്കളോടൊപ്പം വീട്ടിൽ കഴിയാം. എല്ലാ തർക്കങ്ങളും പരിഹരിച്ച് മക്കൾ ഒടുവിൽ അമ്മയെ സങ്കേതത്തിൽനിന്ന് കൊണ്ടുപോയി. വാർധക്യത്തി​െൻറ അവശതകൾക്കിടയിലും മക്കളോടൊപ്പം താമസിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടർന്നു സബ് ഡിവിഷനൽ മജിസ്‌ട്രേറ്റി​െൻറ ഉത്തരവ് പ്രകാരമാണ് സരസ്വതി അമ്മയെ മക്കൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പത്തു മക്കളുണ്ടായിട്ടും സംരക്ഷിക്കാനാരുമില്ലാതെ പൊളിഞ്ഞുവീഴാറായ കൂരക്കുകീഴെ അവശനിലയിൽ കിടന്നിരുന്ന ചിതറ ഗ്രാമപഞ്ചായത്തിലെ മുതയിൽ വാർഡിൽ തേരിക്കട ശ്യാമനിലയത്തിൽ സരസ്വതിയമ്മയെ (85) ഒരു വർഷം മുമ്പ് പഞ്ചായത്ത് പ്രസിഡൻറ് സുജിത കൈലാസി​െൻറ നിർദേശപ്രകാരമാണ് ആശ്രയ ഏറ്റെടുത്തത്. മാധ്യമങ്ങളിലൂടെ സരസ്വതിയമ്മയുടെ ദുരിതകഥയറിഞ്ഞ കലക്ടർ മക്കൾക്കെതിരെ സ്വമേധയാ കേസെടുത്തു. ഇതിനിടയിൽ കൊല്ലം സബ് കലക്ടർ ഡോ. എസ്. ചിത്ര സരസ്വതിയമ്മയെ കാണാനും വിവരങ്ങൾ മനസ്സിലാക്കുന്നതിനുമായി സങ്കേതത്തിലെത്തിയിരുന്നു. മക്കൾക്കെതിരെ കേസെടുത്തതോടെ അവരോരോരുത്തരും അമ്മയെ കാണാൻ പലപ്പോഴായി സങ്കേതത്തിലെത്തി. അപ്പോഴും അവർ പരസ്പരം കുറ്റപ്പെടുത്തി സ്വയം ന്യായീകരണങ്ങൾ തേടുകയായിരുന്നു. പ്രായാധിക്യം തീർത്ത അവശതകൾ സരസ്വതിയമ്മയെ ബാധിച്ചുവെങ്കിലും തനിക്കു ജീവിതാന്ത്യം വരെ സ്വന്തം വീട്ടിൽ കഴിയണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതോടെ ആശ്രയ പ്രസിഡൻറ് കെ. ശാന്ത ശിവനും ജനറൽ സെക്രട്ടറി കലയപുരം ജോസും ചേർന്ന് കൊല്ലം സബ് ഡിവിഷനൽ മജിസ്‌ട്രേറ്റിനു അപേക്ഷ സമർപ്പിച്ചു. തുടർന്ന് കോടതി സരസ്വതിയമ്മയെക്കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കുന്നതിന് കലയപുരം വില്ലേജ് ഓഫിസറെ ചുമതലപ്പെടുത്തി. അവരുടെ റിപ്പോർട്ട് പ്രകാരം കോടതി മക്കൾക്ക് ഉത്തരവ് നൽകുകയായിരുന്നു. സരസ്വതിയമ്മയെ ജീവിതാന്ത്യം വരെ മക്കൾ സംരക്ഷിക്കണമെന്നും ഒരുവിധ ഉപദ്രവമോ മാനസിക പീഡനമോ, ചികിത്സ പരിചരണത്തിൽ വീഴ്ചയോ വരുത്തരുതെന്നും ഉത്തരവിൽ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.