തിരുവനന്തപുരം: വരൾച്ചയുടെയും ജലക്ഷാമത്തിെൻറയും കെടുതികളുടെ നോവുപേറുന്ന ജില്ലക്ക് ഉയിരായി പച്ചപ്പാടങ്ങളൊരുങ്ങുന്നു; ഓരോ തുള്ളിവെള്ളവും ജീവനും ഭാവിക്കും വേണ്ടി സംരക്ഷിക്കാൻ കർമപദ്ധതികളും. ഹരിതകേരളം പദ്ധതി അവലോകനയോഗത്തിലാണ് ജില്ല കലക്ടർ എസ്. വെങ്കടേസപതി ഒരു കോടി തൈകൾ വെച്ചുപിടിപ്പിക്കാനുള്ള മാർഗരേഖ നൽകിയത്. സ്കൂൾ അധികൃതരും പഞ്ചായത്തുകളും നിശ്ചയിച്ചുനൽകുന്ന സ്ഥലങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈ നഴ്സറികൾ ഒരുക്കും. അടിയന്തരമായി സ്ഥലങ്ങൾ കണ്ടെത്തി നഴ്സറികൾ ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് കലക്ടർ നിർദേശിച്ചു. ഈ ആശയത്തിന് തൊഴിലുറപ്പ്, കൃഷി, സോഷ്യൽ ഫോറസ്ട്രി, വിദ്യാഭ്യാസ മേഖലകളിലെ ജില്ലാതല ഉദ്യോഗസ്ഥർ പൂർണപിന്തുണ വാഗ്ദാനം ചെയ്തു. പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വിദ്യാലയങ്ങളിലും പരിസരത്തെ വീടുകളിലും റോഡരികുകളിലും വെച്ചുപിടിപ്പിക്കാൻ അഞ്ച് ലക്ഷം വൃക്ഷത്തൈകൾ ജില്ലയിലെ മൂന്ന് നഴ്സറികളിലായി സോഷ്യൽ ഫോറസ്ട്രിയുടെ നേതൃത്വത്തിൽ ഒരുക്കുന്നുണ്ട്. മേയ് അവസാനവാരം ഇവ വിദ്യാലയങ്ങളിൽ വിതരണത്തിനെത്തും. കൃഷിവകുപ്പിെൻറ നേതൃത്വത്തിൽ സ്കൂളുകളിൽ ജൈവ പച്ചക്കറി കൃഷി ആരംഭിക്കും. എല്ലാ സ്കൂളുകളിലും മഴക്കുഴികളും സാധ്യമാകുന്നിടത്തൊക്കെ മഴവെള്ളം കൊണ്ട് കിണർ റീചാർജിങ്ങും നടത്തും. ജില്ല, ഉപജില്ല വിദ്യാഭ്യാസ ഓഫിസുകളിൽ ഇവയുടെ വിജയത്തിന് മോണിറ്ററിങ് സെൽ പ്രവർത്തിക്കും. മഴക്കുഴി നിർമാണത്തിനുപുറമെ ജൈവ മാലിന്യസംസ്കരണത്തിനും ജൈവ പച്ചക്കറികൃഷിക്കും തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണം ലഭ്യമാക്കും. ജലസംഭരണത്തിന് ജലനിധി പിന്തുണ നൽകും. ജില്ലയിൽ 27 എൽ.പി, യു.പി സ്കൂളുകളിലായി ജൈവവൈവിധ്യ പാർക്കുകൾ ആരംഭിക്കും. ഇതിനായി കുട്ടികളുടെ ഹരിതസേന രൂപവത്കരിക്കും. കൂടുതൽ സ്കൂളുകളിൽ പാർക്ക് ആരംഭിക്കുന്നതിന് തൊഴിലുറപ്പ് പദ്ധതിയുടെ സഹായം ലഭ്യമാക്കും. കലക്ടറേറ്റ് ഉൾപ്പെടെ എല്ലാ സർക്കാർസ്ഥാപനങ്ങളിലും മഴവെള്ളസംഭരണികൾ സ്ഥാപിക്കണമെന്നും ജലഅതോറിറ്റിയുടെ ജലസംഭരണമേഖലകളിൽ മഴത്താവളങ്ങൾ നിർമിക്കുന്നതിനുള്ള സാധ്യതകൾ ആരായണമെന്നും കലക്ടർ നിർദേശിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ഹരിതകേരളം അവലോകനയോഗത്തിൽ ജില്ലാ പ്ലാനിങ് ഓഫിസർ വി.എസ്. ബിജു, പ്രിൻസിപ്പൽ കൃഷി ഓഫിസർ മിനി കെ. രാജൻ, ജെ.പി.സി േപ്രമാനന്ദ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഷൈൻമോൻ, േപ്രാജക്ട് ഡയറക്ടർ (പി.എ.യു) അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.