തീരദേശം ഭീതിയില്‍: വേനല്‍ക്കാല രോഗങ്ങള്‍ പടരുന്നു

പൂന്തുറ: തീരദേശത്ത് വേനല്‍ക്കാല രോഗങ്ങല്‍ പടരുന്നതിനിടെ നോക്കുകുത്തിയായി ആരോഗ്യവകുപ്പ്. ചൂട് കനത്തതോടെയാണ് പൂന്തുറ, ബീമാപള്ളി, വലിയതുറ, ചെറിയതുറ, ശംഖുംമുഖം പ്രദേശങ്ങളില്‍ വേനല്‍ക്കാലരോഗങ്ങള്‍ വ്യാപകമായത്. ശരീരത്തിലെ ധാതുലവണങ്ങളില്‍ വരുന്ന കുറവാണ് പലരോഗങ്ങള്‍ക്കും കാരണം. ഫെബ്രുവരിയില്‍ മാത്രം 3105 പേര്‍ അതിസാരബാധിതരായി ജില്ലയില്‍ ചികിത്സ തേടി. ഇതില്‍ പകുതിയിലധികവും തീരദേശത്ത് നിന്നുള്ളവരാണ്. കുടിക്കാനും പാചകത്തിനും ഉപയോഗിക്കുന്നത് മലിനജലമാണ്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ 50ലധികംപേര്‍ക്ക് ചിക്കന്‍പോക്സ് പിടിപെട്ടെന്നാണ് ആരോഗ്യവകുപ്പിന്‍െറ കണക്കുകള്‍. മഞ്ഞപ്പിത്തവും വ്യാപകമായി പടര്‍ന്നുപിടിക്കുന്നു. പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാത്തത് വരുംദിവസങ്ങളില്‍ ദുരിതാശ്വാസക്യാമ്പുകളില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു. ഡെങ്കിക്ക് ചികിത്സതേടി എത്തുന്നവരുടെ എണ്ണം പ്രതിദിനം നൂറിന് മുകളിലാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ കുട്ടികളടക്കം നൂറിലധികം പേര്‍ക്കാണ് തീരദേശത്ത് പകര്‍ച്ചവ്യാധികള്‍ പിടിപെട്ടത്. ഇതില്‍ 20ഓളം പേര്‍ മരിച്ചു. എലിപ്പനി, ചികുന്‍ഗുനിയ എന്നിവയുടെ ഭീഷണിയുണ്ട്. ഫിഷറീസ്മന്ത്രി വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീരദേശത്ത് ശുചിത്വതീരപദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ആറ് മാസം പിന്നിട്ടിട്ടും പദ്ധതി നടപ്പായില്ല. ഇതരസംസ്ഥാനതൊഴിലാളിക്യാമ്പുകളില്‍ ഒരിക്കല്‍ പോലും ആരോഗ്യവകുപ്പ് പരിശോധന നടത്തിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.