വാമനപുരം നദിയും പള്ളിക്കല്‍പുഴയും ചിറ്റാറും വറ്റി

കിളിമാനൂര്‍: തെക്കുഭാഗത്തുകൂടി വാമനപുരം നദി, വടക്കേയറ്റത്ത് പള്ളിക്കല്‍പ്പുഴ, മധ്യേകൂടി ചിറ്റാര്‍. പിന്നെ അസംഖ്യം തോടുകള്‍, നൂറുകണക്കിന് കുളങ്ങള്‍... കിളിമാനൂരിന്‍െറ ജലസ്രോതസ്സുകളായിരുന്നു ഒരുകാലത്ത് ഇവയൊക്കെ. കുടിക്കാനും വീട്ടാവശ്യങ്ങള്‍ക്കുമൊക്കെ കിണറുകളെമാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന അന്നുള്ളവര്‍ക്ക്് വരള്‍ച്ചയും ജലക്ഷാമവുമൊന്നും പ്രശ്നമേ ആയിരുന്നില്ല. ഇന്ന് സ്ഥിതിയാകെ മാറി. ജനുവരി മുതല്‍ ജലക്ഷാമം തുടങ്ങി. ഇപ്പോള്‍ കുടിവെള്ളക്ഷാമവും. ബ്ളോക്ക് പഞ്ചായത്തിനു കീഴിലെ എട്ട് പഞ്ചായത്തുകളും കുടിവെള്ളക്ഷാമത്തിലാണ്. താഴ്ന്ന പ്രദേശങ്ങളും തോടുകളും വയലേലകളുമൊക്കെ കരിഞ്ഞുണങ്ങി. നെല്‍കൃഷി പലയിടത്തും വെള്ളമില്ലാതെ നശിച്ചു. കുടിവെള്ള പദ്ധതികള്‍ക്ക് ഒരു ക്ഷാമവും ഇല്ലാത്ത മേഖലയാണ് കിളിമാനൂര്‍. ഓരോ പഞ്ചായത്തുകളിലും ചെറുതുംവലുതുമായ ഒരു ഡസനിലേറെ കുടിവെള്ള പദ്ധതികള്‍ ഉണ്ട്. ഇവ സംരക്ഷിക്കാനോ അറ്റകുറ്റപ്പണി ചെയ്ത് നിലനിര്‍ത്താനോ ആരും ശ്രമിക്കുന്നില്ല. വാമനപുരം നദിയാണ് കിളിമാനൂര്‍ മേഖലയിലെ പ്രധാന ജലസേചന പദ്ധതിയുടെ ഉറവിടം. പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഇവിടെ ആരംഭിച്ച പദ്ധതി കിളിമാനൂരിന്‍െറ എല്ലാ മേഖലയിലും പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്തതോടെ ചിറ്റാറിലും പള്ളിക്കല്‍പ്പുഴയിലും വന്‍കിടപദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി. ഇവക്കും പ്രതീക്ഷിച്ച ഫലം നല്‍കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് കിളിമാനൂര്‍, പഴയ കുന്നുമ്മേല്‍, മടവൂര്‍ പഞ്ചായത്തുകള്‍ക്കായി ‘സമഗ്ര ത്വരിത ഗ്രാമീണശുദ്ധജല വിതരണപദ്ധതി’ നടപ്പാക്കാന്‍ തീരുമാനിച്ചത്. ഇക്കഴിഞ്ഞ മാസം ഒന്നിനും പിന്നീട് 25നും പദ്ധതിയുടെ ഉദ്ഘാടനം തീരുമാനിച്ചെങ്കിലും നടന്നില്ല. നദി വറ്റിയതോടെ പദ്ധതിയില്‍ ഒരുതുള്ളി വെള്ളവും ഇല്ലാത്ത അവസ്ഥയാണ്. വേനലിന്‍െറ ആരംഭത്തില്‍തന്നെ ബ്ളോക്കിനു കീഴിലെ മുഴുവന്‍ പഞ്ചായത്തുകളും രൂക്ഷ ജലക്ഷാമം നേരിട്ടു തുടങ്ങി. താഴ്ന്ന പ്രദേശങ്ങളിലൊഴികെ മുഴുവന്‍ കിണറുകളും വറ്റിവരണ്ടു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മിച്ച കുഴല്‍ക്കിണറുകള്‍ ഉപയോഗശൂന്യമാണ്. ഇവയില്‍ വെള്ളം ഉണ്ടെങ്കിലും ദുര്‍ഗന്ധമാണ്. ത്രിതലപഞ്ചായത്ത് സംവിധാനങ്ങള്‍ക്ക് കീഴില്‍ ചെറുതുംവലുതുമായ കുടിവെള്ളപദ്ധതികള്‍ ഏറെയുണ്ടെങ്കിലും മിക്കതും പ്രവര്‍ത്തനരഹിതമാണ്. വാമനപുരം നദി കൂടാതെ കിളിമാനൂര്‍ ചിറ്റാര്‍, പള്ളിക്കല്‍ പുഴ എന്നിവയാണ് ബ്ളോക്ക് പരിധിയിലെ പ്രധാനജലസ്രോതസ്സുകള്‍. ഇവയില്‍ പള്ളിക്കല്‍പുഴയിലും ചിറ്റാറിലും പലയിടത്തും നീരൊഴുക്ക് നിലച്ചു. പള്ളിക്കലില്‍ മുന്‍ എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് 30 ലക്ഷം രൂപ ചെലവഴിച്ച് തുടങ്ങിയ ‘വസ്യങ്കയം കുടിവെള്ള പദ്ധതി’ നിര്‍മാണം നിലച്ച അവസ്ഥയിലാണ്. ഇത്തിക്കര ആറ്റില്‍നിന്ന് ജലംശേഖരിച്ച് പള്ളിക്കല്‍ പഞ്ചായത്തില്‍ മുഴുവന്‍ വെള്ളം എത്തിക്കുകയെന്ന പദ്ധതിയാണ് ഇത്. പഞ്ചായത്തിലെ മുക്കംകോട്, ഊന്നന്‍കല്ല്, പ്ളാച്ചിവിള, ആനകുന്നം, കെ.കെ. കോണം, വല്ലഭന്‍കുന്ന് തുടങ്ങിയ പ്രദേശങ്ങള്‍ എല്ലാക്കാലത്തും ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളാണ്. മടവൂരില്‍ അമ്പതില്‍പരം കുടിവെള്ളപദ്ധതികള്‍ ഉണ്ടെങ്കിലും നാമമാത്രമായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. നഗരൂരില്‍ കീഴ്പേരൂര്‍, മലയില്‍, മാത്തയില്‍, പാറക്കുന്ന്, കാട്ടുചന്ത അടക്കമുള്ള പ്രദേശങ്ങള്‍ ഒന്നരമാസമായി കുടിവെള്ളക്ഷാമത്തിലാണ്. ചില പഞ്ചായത്ത് അംഗങ്ങള്‍ സ്വന്തം ചെലവില്‍ ടാങ്കറില്‍ വെള്ളം എത്തിച്ചിരുന്നു. എന്നാല്‍, വന്‍സാമ്പത്തിക ബാധ്യതയാല്‍ അവര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.