തലസ്ഥാന നഗരത്തില്‍ പ്ളാസ്റ്റിക് കാരിബാഗ് നിരോധനം പ്രാബല്യത്തില്‍

തിരുവനന്തപുരം: പ്ളാസ്റ്റിക് കാരിബാഗുകളും പോളി പ്രൊപ്പിലിന്‍ കാരിബാഗുകളും നിരോധിച്ചുള്ള കോര്‍പറേഷന്‍ നടപടി തലസ്ഥാന നഗരത്തില്‍ നിലവില്‍ വന്നു. തീരുമാനം കര്‍ശനമായി നടപ്പാക്കുന്നതിന്‍െറ ഭാഗമായി ആദ്യദിനം നഗരത്തിലെ വ്യാപാരശാലകളില്‍ നടത്തിയ പരിശോധനയില്‍ 1500 കിലോയിലധികം നിരോധിത പ്ളാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. പാളയം, കിഴക്കേകോട്ട, നന്തന്‍കോട് തുടങ്ങി നഗരത്തിലെ പ്രമുഖ വ്യാപാരമേഖലകളുള്‍പ്പെടെ 25 സര്‍ക്കിള്‍ ഓഫിസുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. 350ഓളം വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. കാരിബാഗുകള്‍ക്ക് പുറമെ ഭക്ഷണം പാര്‍സല്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന പ്ളാസ്റ്റിക് കവറുകളും പേപ്പറുകളും പിടിച്ചെടുത്തു. പരിശോധന നടത്തിയ സ്ഥാപനങ്ങള്‍ക്കെല്ലാം നോട്ടീസും നല്‍കി. ഒപ്പം പ്ളാസ്റ്റിക് കാരിബാഗുകള്‍ കൊണ്ടുനടക്കുന്ന പൊതുജനങ്ങളെ ആദ്യഘട്ടമെന്ന നിലയില്‍ ബോധവത്കരിക്കാനുള്ള നടപടികളും ആരംഭിച്ചു. കോര്‍പറേഷന്‍ ഓഫിസില്‍ പ്ളാസ്റ്റിക് കാരിബാഗുകളുമായി എത്തിയ ആള്‍ക്കാരില്‍നിന്ന് കാരിബാഗുകള്‍ ശേഖരിച്ച് പകരം പേപ്പര്‍ നല്‍കി. ആവശ്യക്കാര്‍ക്ക് വിലനല്‍കി തുണിസഞ്ചി വാങ്ങാനുള്ള സൗകര്യവും ഒരുക്കി. കാരിബാഗ് നിരോധനത്തോട് ക്രിയാത്മക പ്രതികരണമാണ് പൊതുജനങ്ങളുടെയും വ്യാപാരി സമൂഹത്തിന്‍െറയും ഭാഗത്തുനിന്നുണ്ടായതെന്ന് മേയര്‍ വി.കെ. പ്രശാന്ത് അറിയിച്ചു. ഏപ്രില്‍ മുതല്‍ നിരോധനം ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തുകയും വ്യാപാര ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെ നടപടി സ്വീകരിക്കുകയും ചെയ്യാനാണ് ഉദ്ദേശ്യം. നഗരപരിസ്ഥിതിയെയും നഗരവാസികളുടെ ആരോഗ്യത്തെയും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് കോര്‍പറേഷന്‍ നടപ്പാക്കുന്ന ഈ പ്രവര്‍ത്തനത്തോട് മുഴുവന്‍ നഗരവാസികളും സഹകരിക്കണമെന്നും മേയര്‍ അഭ്യര്‍ഥിച്ചു. അതേസമയം, ബദല്‍സംവിധാനം ഇല്ലാതെ ഒറ്റയടിക്ക് പ്ളാസ്റ്റിക് നിരോധിക്കാനുള്ള നടപടി വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആരോപണവുമായി വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നുകഴിഞ്ഞു. ബദല്‍ സംവിധാനമുറപ്പാക്കുമെന്ന് പലതവണ കോര്‍പറേഷന്‍ വാഗ്ദാനം നല്‍കിയെങ്കിലും ഒരുനടപടിയും ഉണ്ടായില്ല. നേരത്തേ 50 മൈക്രോണിന് മുകളിലുള്ള പ്ളാസ്റ്റിക് കാരിബാഗ് നിരോധിച്ച് കോര്‍പറേഷന്‍ നടപടി തുടങ്ങിയിരുന്നു. പകരം സംവിധാനമില്ലാത്തതിനാല്‍ അത് അപ്പാടെ പാളി. അതിനുശേഷമാണ് ഇപ്പോള്‍ സമ്പൂര്‍ണ നിരോധനവുമായി കോര്‍പറേഷന്‍ നടപടി ആരംഭിച്ചിരിക്കുന്നത്. കാരിബാഗുകള്‍ നിരോധനം ഏര്‍പ്പെടുത്തുന്നതിന് മുന്നോടിയായി ബദല്‍ ഉല്‍പന്നങ്ങളുടെ പ്രദര്‍ശന- വിപണനമേളയായ ഗോ ഗ്രീന്‍ എക്സ്പോ സംഘടിപ്പിച്ചു. സ്റ്റാളുകളില്‍ അഞ്ചുലക്ഷം തുണിസഞ്ചിക്കും 10 ലക്ഷം പേപ്പര്‍ ബാഗിനും ഓര്‍ഡര്‍ ലഭിച്ചെന്ന് കോര്‍പറേഷന്‍ അറിയിച്ചു. കോര്‍പറേഷന്‍െറ 2016-17 വാര്‍ഷിക പദ്ധതി പ്രകാരം 25 ലക്ഷം തുണിസഞ്ചി നിര്‍മിച്ച് സബ്സിഡി നിരക്കില്‍ ജനങ്ങളില്‍ എത്തിക്കാനുള്ള നടപടി ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.