തിരുവനന്തപുരം: ജില്ല സൂപ്പർ ഡിവിഷൻ ലീഗ് ഫുട്ബാളിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് ഉജ്ജ്വല വിജയം. യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ആദ്യമത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്ലാക്ക് ആരോസിനെ ബാങ്ക് ടീം തകർത്തത്. മറ്റൊരു മത്സരത്തിൽ കോവളം എഫ്.സി ഏകപക്ഷീയമായ രണ്ട് ഗോളിന് എസ്.ബി.ഐ ജൂനിയേഴ്സിനെയും തകർത്തു. കഴിഞ്ഞ മത്സരത്തിൽ ടൈറ്റാനിയവുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞതിെൻറ കണക്കുതീർക്കാനാണ് മുൻ മുഹമ്മദ്സൻസ് സ്കോട്ടിങ് താരം റഫീക്ക് പരിശീലിപ്പിക്കുന്ന ബാങ്ക് ടീം കളത്തിലിറങ്ങിയത്. ഗ്രൂപ് എയിൽനിന്ന് ഫൈനൽ റൗണ്ടിലേക്ക് കടക്കുന്നതിന് വിജയമല്ലാതെ മറ്റൊന്നും മുന്നിലില്ലാത്തതുകൊണ്ടുതന്നെ 4-3-3 ഫോർമേഷനിലാണ് കോച്ച് റഫീക്ക് ടീമിനെ ഇറക്കിയത്. ആർ.ബി.ഐയെ പിടിച്ചുകെട്ടാൻ 4-4-2 ഫോർമേഷനിലായിരുന്നു ബ്ലാക്ക് ആരോസ്. ആദ്യ വിസിൽ മുതൽ ആരോസിെൻറ വലയിലേക്ക് ഇരച്ചുകയറിയ ബാങ്ക് ടീം മൂന്നാം മിനിറ്റിൽ തന്നെ ലക്ഷ്യം കണ്ടു. മധ്യത്തിൽനിന്ന് സനൂപ് തൊടുത്ത പന്ത് മുന്നേറ്റ താരം ഷിയാസ് മനോഹരമായി വലയിലെത്തിക്കുകയായിരുന്നു. എന്നാൽ, 17ാം മിനിറ്റിൽ തന്നെ ഡാനിയലിലൂടെ ബ്ലാക്ക് ആരോസ് തിരിച്ചടിച്ചു. ഇടതുവശത്തുനിന്ന് ഉയർന്നുവന്ന പന്ത് നിലംതൊടും മുമ്പേ ഡാനിയൽ ബാങ്ക് ടീമിെൻറ വലയിലെത്തിച്ചു. സ്കോർ 1-1. സമനിലയുടെ ആവേശം അധികം നീണ്ടുനിന്നില്ല. 23ാം മിനിറ്റിൽ ഗോളിയെപ്പോലും നിഷ്പ്രഭമാക്കി സനൂപിെൻറ മനോഹരമായ ഷോട്ട് ആർ.ബി.ഐയെ വീണ്ടും മുന്നിലെത്തിച്ചു. സമനിലക്കായി പൊരുതിയ ബ്ലാക്ക് ആരോസിെൻറ ഞെട്ടിച്ച് 63ാം മിനിറ്റിലായിരുന്നു ആർ.ബി.ഐയുടെ മൂന്നാംഗോൾ. ഗോളിയെയും രണ്ട് പ്രതിരോധ താരങ്ങളെയും വെട്ടിച്ച് ഷിജു ലക്ഷ്യം നേടുകയായിരുന്നു. യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന രണ്ടാംമത്സരത്തിൽ ബെനിസണിെൻറ ഇരട്ടഗോളാണ് കോവളത്തെ വിജയതീരമണിയിച്ചത്. 40, 50 മിനിറ്റുകളിലായിരുന്നു എസ്.ബി.ഐ ജൂനിയേഴ്സിെൻറ ഗോൾമുഖത്ത് ബെനിസൺ നിറയൊഴിച്ചത്. ഇരുടീമും പരുക്കൻ അടവുകൾ പുറത്തെടുത്തതോടെ 44ാം മിനിറ്റിൽ കോവളത്തിെൻറ പ്രതിരോധതാരം അലനെയും എസ്.ബി.ഐയുടെ മുന്നേറ്റതാരം പ്രദീപിനെയും റഫറി ചുവപ്പ് കാർഡ് നൽകി പുറത്താക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.