തിരുവനന്തപുരം: യുദ്ധവിമാങ്ങള്ക്കിടയില്നിന്ന് മാതാപിതാക്കളെ കാണാന്‍ ഓടി എത്തിയിരുന്ന ‘അളക’യുടെ മുറ്റത്ത് അച്ചുദേവിെൻറ ചേതനയറ്റ ശരീരം പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍ കണ്ടുനിന്ന ഉറ്റവരും സുഹൃത്തുക്കളും നാട്ടുകാരും വിതുമ്പലടക്കാന്‍ പാടുപെട്ടു. കരഞ്ഞു തളര്‍ന്ന് കണ്ണീര്‍വറ്റിയ മിഴികളുമായി മകെൻറ മൃതദേഹപേടകത്തില്‍ നോക്കി പിതാവ് സഹദേവനും മാതാവ് ജയശ്രീയും. കഴിഞ്ഞ ഞായറാഴ്ച അച്ചുദേവിെൻറ പിറന്നാളായിരുന്നു. മകനെ ഫോണില്‍ വിളിച്ച് ജന്മദിനാശംസകള് നേര്‍ന്നപ്പോഴാണ് സഹദേവന് അവസാനമായി മകെൻറ ശബ്ദം കേട്ടത്. പിന്നീട് എത്തിയത് ദുരന്തവാര്‍ത്തയായിരുന്നു. മേയ് 27നാണ് സുഖോയ്- 30 വിമാനത്തിെൻറ പരിശീലന പറക്കലിനിടെ അസം-ചൈന അതിര്‍ത്തിയില്‍ അച്ചുവിനെയും സ്ക്വാഡ്രണ്‍ ലീഡര്‍ ഡി. പങ്കജിനെയും കാണാതായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട നിരീക്ഷണ പറക്കല്‍ നടത്തുന്നതിനിടെയാണ് ഇവര്‍ നിയന്ത്രിച്ചിരുന്ന സുഖോയ് വിമാനം അപകടത്തില്‍പെട്ടത്. വിമാനം അപകടത്തില്‍പെട്ടെന്ന് സ്ഥിരീകരിച്ചെങ്കിലും അച്ചുവും സഹവൈമാനികനും സുരക്ഷാമാര്‍ഗങ്ങള്‍ ഉപയോഗിച്ച് രക്ഷപ്പെട്ടിരിക്കാമെന്ന പ്രതീക്ഷയും പ്രാർഥനയുമായി കഴിയുകയായിരുന്നു ജയശ്രീയും സഹദേവനും. വിമാനം തകര്‍ന്നുവീണതായി സ്ഥിരീകരിച്ചതോടെ വ്യോമസേനാ അധികൃതര്‍ അച്ചുദേവിെൻറ മാതാപിതാക്കളെ വിമാനമാര്‍ഗം ബംഗളൂരുവിലേക്കും അവിടെനിന്ന് ഗുവാഹതിയിലേക്കും കൂട്ടിക്കൊണ്ടുപോയിരുന്നു. പ്രതികൂല കാലാവസ്ഥയില്‍ കൊടുംകാടിനുള്ളില്‍ സൈന്യം തിരച്ചില്‍ ശക്തമാക്കിയിരുന്നു. ഒടുവില്‍ മകെൻറ ദുരന്തവാര്‍ത്തയാണ് ഇവരെ തേടിയെത്തിയത്. തകര്‍ന്നുവീണ വിമാനത്തിനുള്ളില്‍നിന്ന് അച്ചുദേവിെൻറയും സ്ക്വാഡ്രണ്‍ ലീഡര്‍ ഡി. പങ്കജിെൻറയും ഭൗതികശരീരങ്ങള്‍ സൈന്യം കണ്ടെത്തുകയായിരുന്നു. ബാല്യത്തില്‍ത്തന്നെ വിമാനങ്ങളിൽ ആകൃഷ്ടനായിരുന്നു അച്ചുദേവ്. തിരുവനന്തപുരം ലയോള സ്കൂളില്‍ പഠിക്കുന്നതിനിടെ ഡറാഡൂണ്‍ സൈനിക കോളജിലേക്കുള്ള പ്രവേശന പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി. എസ്.എസ്.എല്‍.സിയും പ്ലസ് ടുവുമെല്ലാം ഡറാഡൂണ്‍ സൈനിക കോളജിലായിരുന്നു. നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍നിന്നായിരുന്നു ബിരുദം നേടിയത്. ബാല്യത്തില്‍ സ്വപ്നങ്ങള്‍ കണ്ടപോലെതന്നെ അച്ചു സ്വന്തം ജീവിതം നെയ്തെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.