വർക്കല: നഗരസഭയിലെ കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ അവസാന ഘട്ടത്തിലെ തുക വകമാറ്റി ചെലവിട്ട വിഷയത്തിൽ വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്തതായി ചെയർപേഴ്സൺ ബിന്ദു ഹരിദാസും വൈസ് ചെയർമാൻ അനി ജോയും വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2014-15ലെ വാർഷിക പദ്ധതിപ്രകാരം പൂർത്തിയാക്കേണ്ടത് ഏഴ് വികസന പദ്ധതികളാണ്. 2015-16ൽ സ്പിൽ ഓവർ പദ്ധതിയായി കൊണ്ടുവരാതെ പണികൾ നടത്തി ഫണ്ട് വകമാറ്റി ചെലവിട്ടുവെന്ന് ചെയർപേഴ്സൺ ബിന്ദു ഹരിദാസ് പറഞ്ഞു. 26,51,880 രൂപയാണ് വകമാറ്റി ചെലവിട്ടത്. ജില്ല ആസൂത്രണ സമിതിയുടെ അനുമതി ലഭിച്ച ഏഴു പദ്ധതികൾ നടത്തിയില്ല. പകരം വാച്ചർമുക്ക്- ജി.കെ ഓയിൽ മിൽ റോഡ് (5,70,321 രൂപ ), കല്ലുവിളയത്തിൽ റോഡ് (3.23,260), ആലുവിള റോഡ് (1,79,921), വള്ളക്കടവ് റോഡ് (1,19,868 രൂപ), മുണ്ടയിൽ -വാച്ചർമുക്ക് റോഡ് (2,59,486 ), ഐ.ഒ.ബി ജങ്ഷൻ -മുണ്ടയിൽ റോഡ് (2.73,716), കുറ്റിക്കാട് ക്ഷേത്രം -വലിയ വീട്ടിൽ ക്ഷേത്രം റോഡ് (9,25,308) എന്നീ റോഡുകളുടെ നവീകരണത്തിനും മറ്റുമായാണ് തുക വകമാറ്റി ചെലവഴിച്ചത്. ഈ പദ്ധതികൾക്കൊന്നും ജില്ല ആസൂത്രണ സമിതിയുടെ അനുമതിയില്ലായിരുന്നു. ഇത് അഴിമതിയാണെന്നും അന്വേഷണം നടത്തണമെന്നും വിജിലൻസിനോട് ആവശ്യപ്പെെട്ടന്നും അവർ അറിയിച്ചു. ഈ വിഷയം അജണ്ട നമ്പർ അഞ്ചാമതായി കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യേണ്ടതായിരുന്നു. ഇതിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് പ്രതിപക്ഷം മുൻകൂട്ടി യോഗം അലങ്കോലമാക്കാൻ തീരുമാനിച്ച് ബഹളമുണ്ടാക്കി പുറത്തുപോയതെന്നും അവർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.