വെള്ളീച്ചകളുടെ ആക്രമണത്തിന് ജൈവ നിയന്ത്രണ മാർഗങ്ങൾ

കൊല്ലം: കുലശേഖരപുരം, ക്ലാപ്പന പഞ്ചായത്തുകളിൽ വെള്ളീച്ചകളുടെ ആക്രമണം വ്യാപകമായി കണ്ടുവരുന്ന സാഹചര്യത്തിൽ പ്രതിരോധത്തിനായി ജൈവകീട നിയന്ത്രണ മാർഗങ്ങൾ ഫലപ്രദമാണെന്ന് ആത്മ േപ്രാജക്ട് ഡയറക്ടർ അറിയിച്ചു. 200ലധികം വിളകളെ വെള്ളീച്ചകൾ ബാധിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തെങ്ങുകളിലാണ് ഇവയുടെ ആക്രമണം കൂടുതൽ. കൂടാതെ വാഴ, ഓമ, കറിവേപ്പ്, പച്ചക്കറികൾ, കിഴങ്ങുവർഗ വിളകൾ എന്നിവയെയും ഇവ ആക്രമിക്കുന്നു. നീരൂറ്റിക്കുടിക്കുന്ന വെള്ളീച്ചകൾ ഓലയുടെ അടിവശത്ത് വളഞ്ഞോ അർധ വൃത്താകൃതിയിലോ വരികളായോ വെളുത്ത പഞ്ഞിപോലെയോ ആണ് കാണപ്പെടുന്നത്. ഇവയുടെ മുട്ട ഏഴ്, എട്ട് ദിവസംകൊണ്ട് വിരിയുകയും 12 മുതൽ 14 ദിവസത്തിനുള്ളിൽ പൂർണ ശലഭങ്ങളായി മാറുകയും ചെയ്യും. വെള്ളീച്ചകൾ പുറപ്പെടുവിക്കുന്ന മധുരസ്രവം താഴെയുള്ള ഇലകളിലും മറ്റും വീഴുമ്പോൾ അത് ചാരപ്പൂപ്പലായി വളരുകയും ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനം, കൂടിയ അന്തരീക്ഷ ആർദ്രത, കൂടിയ താപനില, വിട്ടുവിട്ടുള്ള മഴ എന്നിവ വെള്ളീച്ചകളുടെ വംശ വർധനക്ക് അനുകൂലമാണ്. ഇവയെ നിയന്ത്രിക്കുന്നതിന് രാസകീടനാശിനികൾ ആവശ്യമില്ല. എൻകാർസിയ വർഗത്തിൽപ്പെട്ട പരാദങ്ങൾ, ചിലന്തികൾ, ലേഡി ബേഡ് വിഭാഗത്തിൽപ്പെട്ട ചെറുവണ്ടുകൾ എന്നിവ വെള്ളീച്ചകളെ പൂർണമായി തിന്നുനശിപ്പിക്കും. ഇലകളിൽ കാണപ്പെടുന്ന ചാരപ്പൂപ്പലി​െൻറ കറുത്ത പാടുകൾ നീക്കം ചെയ്യാൻ ഒരു ശതമാനം വീര്യമുള്ള കഞ്ഞിപ്പശ തളിക്കുന്നത് ഫലപ്രദമാണ്. ആവശ്യമെങ്കിൽ അര ശതമാനം വീര്യത്തിൽ വേപ്പെണ്ണ-ബാർ സോപ്പ് മിശ്രിതമോ, രണ്ടു ശതമാനം വീര്യത്തിൽ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതമോ തളിച്ചുകൊടുക്കാം. ജൈവ കീടനിയന്ത്രണ മാർഗമെന്നനിലയിൽ വളം കടകളിലും എക്കോഷോപ്പുകളിലും ലഭിക്കുന്ന ലെക്കാനി 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ഇലകളുടെ അടിയിൽ വീഴത്തക്ക വിധം തളിച്ചുകൊടുക്കണം. ഇത്തരത്തിൽ മുൻകരുതലുകൾ എടുത്ത് വെള്ളീച്ചകളെ നിയന്ത്രിച്ച് വിളകളെ സംരക്ഷിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.