കൊല്ലം: പരേതാത്മാക്കളുടെ മോക്ഷപ്രാപ്തിക്കായി പിണ്ഡം സമർപ്പിച്ച് പതിനായിരങ്ങൾ ജില്ലയിലെ വിവിധ സ്നാനഘട്ടങ്ങളിൽ ബലിതർപ്പണം നടത്തി. ശനിയാഴ്ച വൈകീട്ട് ആരംഭിച്ച ചടങ്ങുകൾ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സമാപിച്ചത്. ഞയറാഴ്ച പുലർച്ചയോടെ ജില്ലയിലെ പ്രധാനപ്പെട്ട സ്നാനഘട്ടങ്ങൾ ബലിതർപ്പണത്തിനെത്തിയവരെ കൊണ്ട് നിറഞ്ഞു. ബലിയിട്ടശേഷം ആചാരാനുഷ്‌ഠാന പ്രകാരം തിലഹോമം ഉൾപ്പെടെയുള്ള പൂജാകർമങ്ങൾക്ക് ക്ഷേത്രങ്ങളിൽ വിപുലമായ സൗകര്യങ്ങളും ഒരുക്കിയിരുന്നു. മഴ മാറിനിന്നതിനാൽ ബലിതർപ്പണ ചടങ്ങുകൾക്ക് തടസ്സമുണ്ടായില്ല. പ്രധാന സ്നാനഘട്ടങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി പ്രത്യേക സർവിസുകൾ ഏർപ്പെടുത്തിയിരുന്നു. പൊലീസ് സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പ്രധാന സ്നാനഘട്ടമായ തിരുമുല്ലവാരത്ത് പതിനായിരങ്ങളാണ് ബലിതർപ്പണം നടത്തിയത്. ശാന്തമായ കടൽതീരത്തേക്ക് ബലിതർപ്പണത്തിനായി ആളുകളുടെ പ്രവാഹമായിരുന്നു. വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. കൂടുതൽ ബലിപ്പുരകളും കർമികളേയും വിന്യസിച്ചിരുന്നു. ദേവസ്വം ബോർഡ് സ്നാനഘട്ടത്തോട് ചേർന്ന് ബി.എസ്.എൻ.എൽ ഗ്രൗണ്ടിൽ 500 പേർക്ക് ഒരേസമയം കർമംചെയ്യുന്നതിന് സൗകര്യം ഒരുക്കിയിരുന്നു. മുള്ളാടകം, അഞ്ചുകല്ലുംമൂട്, രാമൻകുളങ്ങര തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് തിരുമുല്ലവാരത്തേക്കുള്ള റോഡുകളെല്ലാം നിറഞ്ഞിരുന്നു. വാഹന പാർക്കിങ്ങിന് മുളങ്കാടകം സ്കൂൾ ഗ്രൗണ്ട്, സെൻറ് അലോഷ്യസ് എച്ച്.എസ്.എസ്, ട്രിനിറ്റി ലൈസിയം സ്കൂൾ എന്നിവിടങ്ങളിൽ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു. വനിത പൊലീസുകാർ അടക്കം 360 ഓളം പൊലീസുകാരെയും സുരക്ഷക്കായി നിയോഗിച്ചിരുന്നു. കോർപറേഷെൻറ നേതൃത്വത്തിൽ കുടിവെള്ളവും ഒരുക്കിയിരുന്നു. ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നതിെൻറ ഭാഗമായി പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പരിസരത്തെ കടകളും മറ്റും ഒഴുവാക്കിയിരുന്നു. വിശ്വഹിന്ദു പരിഷത്, ഗുരുജി സാംസ്കാരികസമിതി എന്നിവയുടെ നേതൃത്വത്തിലും ബലിതർപ്പണ കേന്ദ്രങ്ങൾ ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.