തിരുവനന്തപുരം: ഷിഗെല്ല ബാധിച്ച് രണ്ടുവയസ്സുകാരി ഉൾപ്പെടെ സംസ്ഥാനത്ത് പനിബാധിച്ച് 10 പേർ കൂടി മരിച്ചു. മാസങ്ങൾ കഴിഞ്ഞിട്ടും സംസ്ഥാനത്ത് ഇതുവരെയും പകർച്ചപ്പനിക്ക് ശമനമില്ല. ഡെങ്കിപ്പനിയും എലിപ്പനിയും പടർന്നുപിടിക്കുകയാണ്. ഷിഗെല്ല വൈറസ് ബാധിച്ച് കോഴിക്കോട്, പയ്യനാക്കൽ രണ്ടുവയസ്സുകാരി ഇഷ ഫാത്തിമയാണ് മരിച്ചത്. രണ്ടാഴ്ച മുമ്പും കോഴിക്കോട്ട് ഷിഗെല്ല വൈറസ് ബാധിച്ച് കുട്ടി മരിച്ചിരുന്നു. പനി ബാധിച്ച് തൃശൂർ, ആലപ്പാട് സ്വദേശി സുനിൽകുമാർ (39), മലപ്പുറം, ചേലേമ്പ്ര സ്വദേശി ഹംസ (58), ഡെങ്കിപ്പനി ബാധിച്ച് എറണാകുളം തോട്ടൂർ സ്വദേശി ശ്യാമളകുമാരി (54), പാലക്കാട്, പഴമ്പലക്കോട് സ്വദേശി സന്തോഷ് (32), പുതുക്കോട് സ്വദേശി ജിഷ (അഞ്ച്), കോഴിക്കോട്, കട്ടിപ്പാറ സ്വദേശി ആൻസി (60), മലപ്പുറം പള്ളിക്കൽ സ്വദേശി സുനിത (38) എന്നിവരും എലിപ്പനി ബാധിച്ച് കൊല്ലം കിളിെകാല്ലൂർ സ്വദേശി ഗോപിനാഥൻ (69) എച്ച്1എൻ1 ബാധിച്ച് മലപ്പുറം, ഇരിബ്ലിയം സ്വദേശി വിജയമ്മ (58) എന്നിവരുമാണ് മരിച്ചത്. വെള്ളിയാഴ്ച പനി ബാധിച്ച് 23,173 പേർ ചികിത്സ തേടി. ഇതിൽ 841പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പനിബാധയിൽ മലപ്പുറമാണ് മുന്നിൽ. ഡെങ്കിപ്പനി 203 പേർക്ക് സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ പേർക്ക് ഡെങ്കിപ്പനിബാധ റിപ്പോർട്ട് ചെയ്തത്-- 86 പേർ. കോഴിക്കോട് 31 പേർക്കും കൊല്ലത്ത് 29 പേർക്കും ഇന്നലെ ഡെങ്കി സ്ഥിരീകരിച്ചു. വിവിധ ജില്ലകളിലെ പനിബാധിതരുടെ എണ്ണം, ബ്രാക്കറ്റിൽ ഡെങ്കിബാധിതരുടെ കണക്ക്: തിരുവനന്തപുരം 2481(86), കൊല്ലം 1349 (29), പത്തനംതിട്ട 560 (ഒന്ന്), ഇടുക്കി 521(ഒന്ന്), കോട്ടയം 867 (ഒന്ന്), ആലപ്പുഴ 1296 (14), എറണാകുളം 1233(11), തൃശൂർ 2108(0), പാലക്കാട് 2692 (15), മലപ്പുറം 4107 (ആറ്), കോഴിക്കോട് 2237 (31), വയനാട് 885(2), കണ്ണൂർ 1940 (അഞ്ച്), കാസർകോട് 897 (ഒന്ന്). മലേറിയ 19പേർക്ക് സ്ഥിരീകരിച്ചു. ഇതിൽ ഒമ്പതുപേരും എറണാകുളം ജില്ലയിലാണ്. എച്ച്1എൻ1 ആറുപേർക്ക് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് രണ്ടുപേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഈ വർഷം ഇതുവരെ 19.49 ലക്ഷം പേർക്കാണ് പനി പിടിപെട്ടത്. 12,703പേർക്കാണ് ഇക്കാലയളവിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.