വിപണിയില്ലാതെ കുടുംബശ്രീ വിപണന കേന്ദ്രങ്ങൾ

ചവറ: കൊട്ടിഗ്ഘോഷിച്ച് ഉദ്ഘാടനം നടത്തിയ കുടുംബശ്രീ വിപണന കേന്ദ്രങ്ങൾ വിപണിയില്ലാതായതോടെ അനാഥാവസ്ഥയിൽ. ജില്ല പഞ്ചായത്തി​െൻറ സഹായത്തോടെയാണ് വിവിധ പഞ്ചായത്തുകളിൽ കുടുംബശ്രീ വനിതകൾക്കായി വിപണന കേന്ദ്രങ്ങൾ സ്ഥാപിച്ചത്. എന്നാൽ, മിക്കയിടത്തും ഇവയുടെ പ്രവർത്തനം പ്രഖ്യാപനത്തിൽ മാത്രമാണ്. തേവലക്കര ഗ്രാമപഞ്ചായത്തിൽ മാർക്കറ്റിനുള്ളിൽ പണികഴിപ്പിച്ച കെട്ടിടം ഉദ്ഘാടനം നടത്തി രണ്ടു വർഷമായിട്ടും പ്രവർത്തനരഹിതമാണ്. പൊതു മാർക്കറ്റിൽ പ്രവർത്തിച്ചിരുന്നതും പഞ്ചായത്തിന് വാടക നൽകിയിരുന്നതുമായ കടകൾ പൊളിച്ചുനീക്കിയ ശേഷമാണ് 2015ൽ കെട്ടിടം നിർമിച്ചത്. നാലു കട മുറികൾക്ക് ഒപ്പം മുകൾ നിലയിലും സൗകര്യം ഒരുക്കി നിർമിച്ച കെട്ടിടം ഇപ്പോൾ കാടുമൂടി നശിക്കുന്ന സ്ഥിതിയിലാണ്. കുടുംബശ്രീ വനിതകൾ നടത്തുന്ന സംരംഭങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനും പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനും ലക്ഷ്യമിട്ട് ഉദ്ഘാടനം നടത്തിയ കെട്ടിടം വൈദ്യുതീകരിക്കുന്ന ജോലികൾ പോലും പൂർത്തീകരിച്ചിട്ടില്ല. പന്മന ഗ്രാമപഞ്ചായത്തിൽ ഇടപ്പള്ളിക്കോട്ട മാർക്കറ്റിൽ സി.പി. സുധീഷ് കുമാർ ജില്ല പഞ്ചായത്ത് അംഗമായിരിക്കുമ്പോൾ 2013ലാണ് 15 ലക്ഷത്തോളം രൂപ ചെലവഴിച്ച് പട്ടികജാതി കുടുംബശ്രീ വിപണനകേന്ദ്രം പണിതത്. രണ്ടു നിലകളിലായുള്ള കെട്ടിടത്തിൽ മുകളിൽ കശുവണ്ടി തൊഴിലാളി ക്ഷേമ നിധി ഓഫിസ് പ്രവർത്തിക്കുന്നതൊഴിച്ചാൽ താഴത്തെ നാലു മുറികളും നാലു വർഷമയി അടഞ്ഞുകിടക്കുകയാണ്. കെട്ടിടത്തി​െൻറ താക്കോൽ പോലും ഇതുവരെ കുടുംബശ്രീക്ക് കൈമാറിയിട്ടില്ല. കുടുംബശ്രീയുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായുള്ള കെട്ടിടമായതിനാൽ ആവശ്യക്കാരുണ്ടെങ്കിലും മറ്റാർക്കും നൽകാനാകാത്ത സ്ഥിതിയാണ്. ചവറ ഗ്രാമപഞ്ചായത്തിൽ മാത്രമാണ് വിപണന കേന്ദ്രം പേരിനെങ്കിലും പ്രവർത്തിക്കുന്നത്. വനിതകൾക്ക് വരുമാനവും പുതിയ സംരംഭങ്ങളും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച വിപണന കേന്ദ്രങ്ങൾ പ്രവർത്തന സജ്ജമാക്കാത്തതിൽ നാട്ടുകാരും പ്രതിഷേധത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.