കിളികൊല്ലൂര്‍: കൊല്ലം റെയില്‍േവ സ്റ്റേഷന്‍ മുതല്‍ പെരിനാട് വരെയുള്ള പഴകിയ പാളങ്ങള്‍ മാറ്റാന്‍ നടപടി. ഈ ഭാഗങ്ങളില്‍ അടിക്കടിയുണ്ടാകുന്ന വിള്ളലിനെ തുടര്‍ന്നാണ് നടപടി. ഇത് സംബന്ധിച്ച് 'മാധ്യമം' നല്‍കിയ റിപ്പോര്‍ട്ടുകള്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി റെയിൽവേ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു. തുടര്‍ന്നാണ് പഴക്കംചെന്ന പാളങ്ങള്‍ മാറ്റുന്നതിനായി പുതിയവ അനുവദിച്ചത്. പെരിനാട് മുതല്‍ കിളികൊല്ലൂര്‍ വരെയുള്ള ഭാഗങ്ങളില്‍ പുതിയ പാളങ്ങള്‍ ഇറക്കിത്തുടങ്ങി. പാളങ്ങള്‍ മാറ്റുന്നതിനോടൊപ്പം തന്നെ സ്ലീപ്പറും മാറ്റും. ഒരാഴ്ചക്കുള്ളില്‍ പുതിയ പാളങ്ങള്‍ സ്ഥാപിച്ചുതുടങ്ങും. കൊല്ലം റെയില്‍വേ സ്റ്റേഷന്‍ വിട്ടുകഴിഞ്ഞാല്‍ ഏറണാകുളം പാതയില്‍ കിളികൊല്ലൂര്‍ പാല്‍കുളങ്ങര മുതല്‍ പെരിനാട് റെയില്‍വേ സ്റ്റേഷനുമിടയില്‍ ചെമ്മക്കാട് മേല്‍പാലം വരെ 30ലധികം ഭാഗങ്ങളില്‍ പാളത്തില്‍ വിള്ളലുകൾ റെയില്‍വേ എൻജിനീയറിങ് വിഭാഗം കണ്ടെത്തിയിരുന്നു. ഒരുവര്‍ഷത്തിനിടെ ചാത്തിനാംകുളത്ത് പുലരിനഗര്‍ ഭാഗത്തും റെയിൽവേ ഗേറ്റിന് സമീപവും എട്ടിടത്ത് ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയിരുന്നു. ഓരോ വിള്ളല്‍ കണ്ടെത്തുമ്പോഴും കാലാവസ്ഥ വ്യതിയാനമെന്നായിരുന്നു റെയിൽവേ നിരത്തുന്ന കാരണം. വര്‍ഷങ്ങള്‍ പഴക്കമുള്ള ട്രാക്കുകളാണ് കൊല്ലത്തുനിന്ന് പെരിനാട് വരെയുള്ള ഒമ്പത് കിലോമീറ്റർ ഭാഗത്തുള്ളത്. പലഭാഗങ്ങളിലും പാളത്തില്‍ വരപോലെ പൊട്ടലുകളുണ്ട്. വിള്ളല്‍ പതിവായതോടെ ഗ്യാങ്മാന്‍മാര്‍ക്ക് രാത്രി ഡ്യൂട്ടിയും ഈ ഭാഗങ്ങളില്‍ നല്‍കിയിരുന്നു. ഇതേ ട്രാക്കില്‍ കിളികൊല്ലൂര്‍ മൂന്നാംകുറ്റി സിയാറത്തുംമൂട് ജുമാമസ്ജിദിന് പിറകിലും കിളികൊല്ലൂരും ചാത്തിനാംകുളത്തും പെരിനാട് ഭാഗത്തും കല്ലുംതാഴം റെയില്‍വേ ഗേറ്റിന് സമീപവും ഉണ്ടായ വിള്ളലുകളില്‍നിന്ന് ട്രെയിനുകള്‍ രക്ഷപ്പെട്ടതും തലനാരിഴക്കാണ്. പഴകിയ പാളങ്ങള്‍ മാറ്റാനാവശ്യപ്പെടും -എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി കൊല്ലം: ജില്ലയിലെ മിക്കയിടത്തും ഉണ്ടാകുന്ന വിള്ളലുകള്‍ പൂര്‍ണമായും പരിഹരിക്കാന്‍ 15 വര്‍ഷം കഴിഞ്ഞ പാളങ്ങള്‍ മാറ്റിയേ മതിയാവൂവെന്നും ഇത് സംബന്ധിച്ച് റെയില്‍വേ മന്ത്രാലയവുമായി ബന്ധപ്പെടുമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി മാധ്യമത്തോട് പറഞ്ഞു. കൊല്ലം മുതല്‍ പെരിനാട് വരെയുള്ള പഴകിയ പാളങ്ങള്‍ മാറ്റുന്നതിന് റെയില്‍വെ പാളങ്ങളില്‍ അടിക്കടിയുണ്ടാകുന്ന വിള്ളലുകളെക്കുറിച്ച് മാധ്യമം നല്‍കിയ റിപ്പോര്‍ട്ടുമടക്കമാണ് തിരുവനന്തപുരം ഡി.ആര്‍.എമ്മിന് കത്ത് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.