മുറതെറ്റാതെ ഹർത്താലുകൾ; താളംതെറ്റി പാഠ്യദിനങ്ങൾ

കാട്ടാക്കട: രാഷ്ട്രീയ സംഘടനകളുടെ നിരന്തര സമരാഹ്വാനങ്ങളും ഹർത്താലുകളും കാരണം സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ പാഠ്യദിനങ്ങൾ നഷ്ടപ്പെടുന്നു. അധ്യയനവര്‍ഷം ആരംഭിച്ച് ഒന്നരമാസം എത്തുമ്പോള്‍ എട്ടു ദിവസമാണ് സമരത്തി​െൻറയും ഹര്‍ത്താലി​െൻറയും പേരില്‍ നഷ്ടപ്പെട്ടത്. നിരന്തരമായി ക്ലാസ് നഷ്ടപ്പെടുന്നതിനെതിരെ രക്ഷിതാക്കള്‍ കടുത്ത പ്രതിഷേധത്തിലാണ്. രാവിലെ സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികള്‍ ഉച്ചക്ക് മുമ്പുതന്നെ മടങ്ങിവരുന്ന സംഭവങ്ങളാണ് ഗ്രാമങ്ങളില്‍ നടക്കുന്നത്. ഇത്തരത്തിലുള്ള സമരങ്ങള്‍ പെണ്‍കുട്ടികളെ വല്ലാതെ ബുദ്ധിമുട്ടിക്കുകയാണ്. മക്കള്‍ വൈകുന്നേരംവരെ സ്കൂളില്‍ സുരക്ഷിതരായിരിക്കുമെന്ന് കരുതി ജോലിക്കുപോവുകയാണ് രക്ഷിതാക്കള്‍. എന്നാൽ, അധ്യയനം മുടങ്ങി മക്കള്‍ വീട്ടിലെത്തി ഒറ്റക്കിരിക്കേണ്ടിവരുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായാണ് രക്ഷിതാക്കള്‍ പറയുന്നത്. കോടതിവിധിയെ തുടര്‍ന്ന് ഒരു കുടുംബത്തെ കുടിയൊഴിപ്പിച്ചതി​െൻറ പേരില്‍ രണ്ടു ദിവസമാണ് കാട്ടാക്കടയില്‍ ക്ലാസ് നഷ്ടപ്പെടുത്തിയത്. ഈ അധ്യയനവർഷം ജൂണിൽ ഏഴ്, എട്ട്, 23, 28, ജൂലൈ നാല്, ഏഴ്, 12, 14 തീയതികളിലാണ് വിവിധ രാഷ്ട്രീയകക്ഷികളുടെ സമരാഹ്വാനത്താലും പ്രാദേശിക ഹർത്താലുകളാലും അധ്യയനദിവസങ്ങൾ നഷ്ടമായിരിക്കുന്നത്. പൊതുവിദ്യാലയങ്ങൾ ശക്തിപ്പെടുത്താൻ സർക്കാറും പൊതുജനവും ഒന്നിച്ച് പരിശ്രമിക്കുന്ന സാഹചര്യത്തിൽ നിരന്തരമായി അധ‍്യയനം നഷ്ടപ്പെടുന്നത് തിരിച്ചടിയാകും. മിക്കയിടങ്ങളിലും സ്കൂളുകളുടെ പ്രവേശന വാതിലുകൾ തല്ലിത്തകർത്ത് വിദ്യാലയത്തിൽ പ്രവേശിക്കുകയും മുദ്രാവാക്യം വിളിച്ച് ക്ലാസിൽ അതിക്രമിച്ചുകയറി ബഹളം വെക്കുകയും അധ്യാപകരോട് മോശമായി പെരുമാറുകയും ചെയ്യുന്നതായും പരാതിയുണ്ട്. പലപ്പോഴും അധ‍്യാപകർ നോക്കിനിൽക്കെ ബലം പ്രയോഗിച്ചാണ് സമരക്കാരുടെ നിർബന്ധത്തിന് വഴങ്ങി ക്ലാസുകൾ വിടേണ്ടിവരുന്നത്. സ്കൂളിലെ സാധനസാമഗ്രികൾ തല്ലിത്തകർത്ത് നടത്തുന്ന ഈ സമരങ്ങൾ വിദ്യാലയത്തി​െൻറ പൊതുഅച്ചടക്കത്തെ സാരമായി ബാധിക്കുന്നുണ്ട്. ഇത്തരം സമരങ്ങൾ പെൺകുട്ടികളുടെ സുരക്ഷക്ക് ഭീഷണിയായി മാറിയിരിക്കുകയുമാണ്. വിദ്യാർഥികളുടെ പഠനാവസരങ്ങൾ നഷ്ടപ്പെടാതിരിക്കാനും സ്കൂളുമായി ബന്ധമില്ലാത്തവർ അതിക്രമിച്ചുകയറുന്ന സാഹചര്യം ഒഴിവാക്കാനും അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.