മത്സ്യത്തൊഴിലാളികൾ സമുദ്രാതിർത്തി ലംഘിക്കാതിരിക്കാൻ നേവിയും തീരസേനയും ജാഗ്രതപുലർത്തണം -ഗവർണർ *ഫിഷറീസ് വകുപ്പിെൻറ മത്സ്യോത്സവം തുടങ്ങി തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾ സമുദ്രാതിർത്തി ലംഘിക്കാതിരിക്കാൻ നേവിയും തീരസേനയും ജാഗ്രതപുലർത്തണമെന്ന് ഗവർണർ പി. സദാശിവം. ഫിഷറീസ് വകുപ്പ്് ടാഗോർ തിയറ്ററിൽ സംഘടിപ്പിച്ച മത്സ്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. സമുദ്രാതിർത്തിയെക്കുറിച്ച് ധാരണയില്ലാതെയാണ് പലപ്പോഴും മത്സ്യത്തൊഴിലാളികൾ അതിർത്തിലംഘിക്കുന്നത്. അത്യാധുനിക ഉപകരണങ്ങൾ കൈവശമുള്ള നേവി മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിൽ ശ്രദ്ധചെലുത്തണമെന്നും ഗവർണർ പറഞ്ഞു. മത്സ്യസമ്പത്തിലുണ്ടാകുന്ന കുറവ്, ജലാശയങ്ങളിലെ മലിനീകരണം തുടങ്ങി മത്സ്യമേഖല നിരവധിപ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്. ജലാശയങ്ങളിലെ ജൈവവൈവിധ്യം സംരക്ഷിക്കാൻ നടപടി സ്വീകരിക്കണം. മത്സ്യകൃഷി ആകർഷകമായ തൊഴിൽമേഖലയായി മാറ്റുംവിധത്തിലുള്ള ഇടപെടൽ സർക്കാറിെൻറ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ഗവർണർ പറഞ്ഞു. ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അധ്യക്ഷയായി. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മേയർ വി.കെ. പ്രശാന്ത്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, ഫിഷറീസ് ഡയറക്ടർ ഡോ. എസ്. കാർത്തികേയൻ, അഡീഷനൽ ഡയറക്ടർ കെ.എം. ലതി എന്നിവർ സംസാരിച്ചു. ചൊവ്വാഴ്ച രാവിലെ 10ന് മത്സ്യഅദാലത്ത് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. വളർത്തുമത്സ്യങ്ങൾ, അലങ്കാര മത്സ്യങ്ങൾ, നൂതന മത്സ്യകൃഷി രീതികൾ, മത്സ്യ ഉൽപന്നങ്ങൾ എന്നിവയുടെ പ്രദർശനം, തീരമൈത്രി സംഗമം, മത്സ്യത്തൊഴിലാളി കൂട്ടായ്മ, ഡോക്യുമെൻററി പ്രദർശനം, ധനസഹായ വിതരണം തുടങ്ങിയവയും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.