തിരുവനന്തപുരം: കൊതുക് നശീകരണമടക്കം പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നൊരുക്കമില്ലെങ്കിൽ ഡെങ്കി കേരളം കീഴടക്കുമെന്ന് ആരോഗ്യവിദഗ്ധർ. ആറുമാസത്തിനിടെ കുഞ്ഞുങ്ങളടക്കം 225 പേരോളം പനി ബാധിച്ച് മരിച്ചു. മാലിന്യം നീക്കലും പനിക്ക് മരുന്ന് നൽകലുമല്ലാതെ ശാസ്ത്രീയ പഠനങ്ങൾ ഇനിയും ഉണ്ടായിട്ടില്ല. ഇത് വരുംവർഷങ്ങളിൽ വലിയ അപകടാവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കുമെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഡെങ്കിപ്പനിയാകും വില്ലനാകാൻ പോകുന്നത്. ശുദ്ധജലത്തില്‍ മാത്രം മുട്ടയിട്ട് പെരുകുന്ന ഡെങ്കി കൊതുകുകളുടെ (ഈഡിസ് ഈജിപ്തി) പ്രജനനം തടയാനും ഉറവിടം നശിപ്പിക്കാനുമാകാത്തതാണ് പ്രധാന വെല്ലുവിളി. ടൈപ് വൺ ഇനത്തിലുള്ള വൈറസാണ് ഇപ്പോൾ ഡെങ്കിക്ക് കാരണമായിരിക്കുന്നത്. കഴിഞ്ഞവര്‍ഷങ്ങളില്‍ ടൈപ് ടു, ടൈപ് ത്രീ വൈറസുകളാണ് കേരളത്തില്‍ പടര്‍ന്നത്. ടൈപ് വൺ ബാധിച്ച ഒരാൾക്ക് പിന്നീട് ടൈപ് ടു അല്ലെങ്കിൽ ടൈപ് ത്രീ ഡെങ്കി വന്നാൽ ജീവൻതന്നെ അപകടത്തിലാകുമെന്നാണ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. ഇക്കുറി ആയിരക്കണക്കിന് പേർക്കാണ് സംസ്ഥാനത്ത് ടൈപ് വൺ ഡെങ്കി ബാധിച്ചത്. ഒരിക്കൽ ഡെങ്കിപ്പനിയുടെ ഒരു ടൈപ് ബാധിച്ചാൽ ശരാശരി 10 വർഷം വരെ ശരീരത്തിൽ അതിെൻറ പ്രതിരോധം ഉണ്ടായിരിക്കും. ചിലർക്ക് ആജീവനാന്തവും പ്രതിരോധം നിലനിൽക്കും. എന്നാൽ പിന്നീട് എപ്പോഴെങ്കിലും അടുത്ത ഇനം വൈറസാണ് ആക്രമിക്കുന്നതെങ്കിൽ ആ വ്യക്തിയിലുണ്ടായിരുന്ന ടൈപ് വൺ വൈറസിെൻറ പ്രതിരോധശേഷിയെ കീഴ്െപ്പടുത്തി വളരെ വേഗം അടുത്ത വൈറസ് ശരീരത്തെ ആക്രമിക്കും. അത് മരണനിരക്ക് വർധിക്കാനാകും ഇടവരുത്തുകയെന്നും ഡോക്ടർമാർ പറയുന്നു. അതിനാൽ ശാസ്ത്രീയ പഠനത്തിലൂന്നിയുള്ള പ്രതിരോധ മാർഗങ്ങളും ബോധവത്കരണവും നടത്താൻ ആരോഗ്യവകുപ്പിനും സർക്കാർ സംവിധാനങ്ങൾക്കും കഴിയണമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. തലസ്ഥാന ജില്ല ഡെങ്കിയുടെ ഏറ്റവും വലിയ ഹോട്ട് സ്പോർട്ട് ഏരിയയായും കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴും കൊതുകുനശീകരണത്തിന് പകരം മാലിന്യനിര്‍മാര്‍ജനത്തിന് പിറകെയാണ് തദ്ദേശ സ്ഥാപനങ്ങള്‍. കൊതുകുനശീകരണത്തിന് ഊന്നല്‍കിട്ടാതെ പോകുന്നതാണ് ഡെങ്കിപ്പനി പടരാന്‍ കാരണമായതായി ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിക്കാതെ ഡെങ്കിപോലെയുള്ള രോഗങ്ങളെ ചെറുക്കാനാവില്ലെന്ന് ഐ.എം.എയും വിലയിരുത്തുന്നു. - എ. സക്കീർ ഹുസൈൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.