സ്മാര്‍ട്ട് കാര്‍ഡ് : മോട്ടോര്‍ വാഹന വകുപ്പ് കോടികള്‍ തട്ടുന്നു

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്‍െറ വിവിധ സേവനങ്ങള്‍ക്ക് നിലവില്‍ അഞ്ചിരട്ടിവരെ കേന്ദ്രസര്‍ക്കാര്‍ ഫീസ് വര്‍ധിപ്പിച്ചതിന് പിന്നാലെ സ്മാര്‍ട്ട് കാര്‍ഡിന്‍െറ പേരില്‍ തട്ടിപ്പും. സ്മാര്‍ട്ട് കാര്‍ഡിന് ഈടാക്കാന്‍ പറഞ്ഞ 200 രൂപ ഫീസ് കാര്‍ഡ് നല്‍കാതെ ജനങ്ങളില്‍നിന്ന് വാങ്ങുന്നതായാണ് മോട്ടോര്‍ വാഹന വകുപ്പിനെതിരായ ആക്ഷേപം. ലൈസന്‍സ്, ആര്‍.സി ബുക്ക് ഉള്‍പ്പെടെ മോട്ടോര്‍ വാഹന വകുപ്പില്‍നിന്ന് പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ക്കാണ് നിലവിലെ ഫീസിനുപരി സ്മാര്‍ട്ട് കാര്‍ഡ് വിതരണം ചെയ്യുമ്പോള്‍ 200 രൂപ അധികം ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്. അങ്ങനെ വാങ്ങുമ്പോള്‍ ലൈസന്‍സ്, ആര്‍.സി ബുക്ക് തുടങ്ങിയവയെല്ലാം ചിപ്പ് ഘടിപ്പിച്ച സ്മാര്‍ട്ട് കാര്‍ഡായി നല്‍കണം. നിലവില്‍ മധ്യപ്രദേശ്, ബിഹാര്‍, കര്‍ണാടക, തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് പൊതുജനങ്ങള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് സേവനം നല്‍കുന്നുണ്ട്. എന്നാല്‍, കേരളത്തില്‍ സ്മാര്‍ട്ട് കാര്‍ഡിനായുള്ള ചര്‍ച്ച നടക്കുന്നതേയുള്ളൂ. ഈ സാഹചര്യത്തില്‍ സ്മാര്‍ട്ട് കാര്‍ഡിന് 200 രൂപ ഫീസ് ഈടാക്കുന്നത് അന്യായമാണ് എന്നാണ് വിലയിരുത്തല്‍. ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍, ആര്‍.സിയുമായി ബന്ധപ്പെട്ട റീ ടെസ്റ്റ്, പേരുമാറ്റം, ഉടമസ്ഥാവകാശം മാറ്റം, വിലാസം മാറ്റം എന്നിവക്കെല്ലാം 200 രൂപ അധികമായി ഈടാക്കുകയാണ്. നിലവില്‍ ലൈസന്‍സ് എടുക്കാന്‍ ലേണേഴ്സ് ലൈസന്‍സ് ഇഷ്യൂ ഫീസ് -150, ലേണേഴ്സ് ടെസ്റ്റ് ഫീസ് -50, ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ്ഫീസ് (ഗ്രൗണ്ട് ടെസ്റ്റ് ഫീസ്) -300, ഡ്രൈവിങ് ലൈസന്‍സ് ഇഷ്യൂ ചെയ്യാന്‍ -200, യൂസേഴ്സ് ഫീസ് -50 എന്നിങ്ങനെ 750 രൂപയാണ് ഈടാക്കിയിരുന്നത്. ഇപ്പോള്‍ ഇതിനുപുറമെ സ്മാര്‍ട്ട് കാര്‍ഡിനുള്ള 200 രൂപയും കൂടി ചേര്‍ത്ത് 950 രൂപയാണ് ഈടാക്കുന്നത്. വാഹന രജിസ്ട്രേഷന് മോട്ടോര്‍ സൈക്കിളിന് ഈടാക്കിയിരുന്ന 110ല്‍നിന്ന് 300 ആയും കാര്‍, ഓട്ടോ എന്നിവക്ക് 300ല്‍നിന്ന് 600 ആയും മീഡിയം വാഹനങ്ങള്‍ 550ല്‍നിന്ന് 1350 ആയും ഹെവി വാഹനങ്ങള്‍ക്ക് 1500ല്‍നിന്ന് 1940 രൂപയായുമാണ് സര്‍വിസ് ചാര്‍ജ് ഉള്‍പ്പെടെ വര്‍ധിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ ആര്‍.ടി.ഒ ഓഫിസില്‍ ഒരുദിവസം 4000നും 5000നും ഇടക്കാണ് ഇടപാട് നടക്കുന്നത്. ഇത്തരത്തില്‍ 10 ലക്ഷത്തോളം രൂപയാണ് ഒരു ജില്ലയില്‍നിന്ന് അനധികൃതമായി ജനങ്ങളില്‍നിന്ന് വകുപ്പ് ഈടാക്കുന്നത്. സംസ്ഥാനത്തെ 73 ആര്‍.ടി.ഒ ഓഫിസുകളില്‍നിന്ന് പ്രതിദിനം മോട്ടോര്‍ വാഹന വകുപ്പ് സ്മാര്‍ട്ട് കാര്‍ഡ് ഇനത്തില്‍ അനധികൃതമായി ഈടാക്കുന്നത് കോടികളാണ്. ഇതിനെതിരെ വാഹന ഉടമകളും തൊഴിലാളി യൂനിയനുകളും പ്രതിഷേധവുമായത്തെിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.