അഗസ്ത്യാര്‍കൂട യാത്ര ഇന്നുമുതല്‍

വിതുര: അഗസ്ത്യാര്‍കൂടത്തിലേക്കുള്ള ആദ്യ സന്ദര്‍ശക സംഘം ശനിയാഴ്ച രാവിലെ ബോണക്കാട്ടുനിന്ന് യാത്ര തിരിക്കും. വനം വകുപ്പിന്‍െറ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടക്കുന്ന ദൈര്‍ഘ്യമേറിയ ട്രക്കിങ്ങാണ് അഗസ്ത്യാര്‍കൂട യാത്ര. ഫെബ്രുവരി 24ന് ശിവരാത്രി വരെ നീളുന്ന 42 ദിവസമാണ് സന്ദര്‍ശന കാലയളവ്. ഓരോ ദിവസവും 100 പേര്‍ക്ക് വീതമാണ് സന്ദര്‍ശനാനുമതി. ഓണ്‍ലൈന്‍ വഴി മുഴുവന്‍ പ്രവേശനപാസും വിറ്റഴിഞ്ഞതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിത്യഹരിതവനങ്ങളിലൂടെയും പാറക്കെട്ടുകളിലൂടെയും 23 കിലോമീറ്റര്‍ നടന്നുവേണം മുകളിലത്തൊന്‍. തമിഴ്നാട്-കേരള അതിര്‍ത്തിയിലെ അഗസ്ത്യമലയ്ക്ക് 1868 മീറ്റര്‍ ഉയരമുണ്ട്. കൊടുമുടിയില്‍ സ്ഥാപിച്ചിട്ടുള്ള അഗസ്ത്യമുനിയുടെ ശില്‍പത്തില്‍ പ്രത്യേക പൂജകള്‍ നടത്താന്‍ ആദിവാസി മൂപ്പന്മാരുടെ നേതൃത്വത്തിലുള്ള സംഘം ശിവരാത്രി ദിവസം മലകയറിയത്തെും. സന്ദര്‍ശനത്തിന് നേതൃത്വം നല്‍കേണ്ട വനപാലകര്‍ക്കും ഗൈഡുകള്‍ക്കും പേപ്പാറ അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എ. നൗഷാദിന്‍െറ നേതൃത്വത്തില്‍ പരിശീലനം നല്‍കി. 15 പേരടങ്ങുന്ന ഓരോ സന്ദര്‍ശക സംഘത്തോടുമൊപ്പം ഒരു ഗൈഡുമുണ്ടാകും. ബോണക്കാടുനിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള പിക്കറ്റ് സ്റ്റേഷനിലാണ് സന്ദര്‍ശകരുടെ വാഹനങ്ങള്‍ സൂക്ഷിക്കേണ്ടത്. ഇവിടെയും അതിരുമലയിലും ഭക്ഷണശാലകള്‍ പ്രവര്‍ത്തിക്കും. പ്ളാസ്റ്റിക് ഉല്‍പന്നങ്ങള്‍, മദ്യം, സിഗരറ്റ് എന്നിവക്ക് കര്‍ശന നിരോധനമുണ്ട്. ആദ്യദിവസത്തെ യാത്രക്ക് ശേഷം വിശ്രമിക്കേണ്ട സ്ഥലം അതിരുമലയാണ്. പിറ്റേദിവസം അഗസ്ത്യമല കയറി തിരികെ വന്നിട്ടും ഇവിടെ തന്നെയാണ് വിശ്രമം. അടുത്തദിവസമാണ് മടക്കയാത്ര. പേപ്പാറ വന്യജീവി സങ്കേതത്തിലുള്‍പ്പെട്ട അഗസ്ത്യാര്‍കൂടം യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.