സാറ്റ്ലൈറ്റ് സര്‍വേ അന്തിമഘട്ടത്തിലേക്ക്

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയോടനുബന്ധിച്ച് മംഗലപുരം മുതല്‍ വെങ്ങാനൂര്‍ വരെ നിര്‍മിക്കുന്ന 55 കിലോമീറ്റര്‍ പ്രാന്തപ്രദേശ വികസന ഇടനാഴിയുടെ (ആറുവരിപ്പാത) സാറ്റ്ലൈറ്റ് സര്‍വേ അന്തിമഘട്ടത്തിലേക്ക്. അടുത്തമാസം ഇടനാഴിയുടെ ടോപോ സര്‍വേ പദ്ധതിയുടെ ആസൂത്രകരായ സി.ആര്‍.ഡി.പിക്ക് (കാപിറ്റല്‍ റീജനല്‍ ഡെവല്മെന്‍റ് പ്രോഗ്രാം) ഡല്‍ഹി ആസ്ഥാനമായുള്ള ഐ.ഐ.ഡി.സി ലിമിറ്റഡ് കൈമാറും. നഗരം തൊടാതെ പൂര്‍ണമായും ഗ്രാമീണമേഖയിലൂടെ കടന്നുപോകുന്നതാണ് നിര്‍ദിഷ്ട വികസന ഇടനാഴി. ഇതിന്‍െറ സാധ്യതാപഠനമാണ് ഇപ്പോള്‍ നടക്കുന്നത്. പഠനം പൂര്‍ത്തിയായശേഷം റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറും. 60 മീറ്റര്‍ വീതിയില്‍ 55 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നിര്‍ദിഷ്ട റോഡിന്‍െറ നിര്‍മാണത്തിന് 819 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ജില്ലയിലെ 13 പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡ് മംഗലപുരത്തുനിന്ന് ആരംഭിച്ച് അണ്ടൂര്‍കോണം, വട്ടപ്പാറ, അരുവിക്കര, ഊരൂട്ടമ്പലം, ബാലരാമപുരം വഴി വിഴിഞ്ഞം ബൈപാസുമായി ചേരും. എന്‍.എച്ച്. 47, എം.സി റോഡ്, തിരുവനന്തപുരം-നെയ്യാര്‍ റോഡ്, തിരുവനന്തപുരം-തെന്മല റോഡ് എന്നിങ്ങനെ ദേശീയ സംസ്ഥാനപാതകളെ ബന്ധിപ്പിക്കുന്നതാണ് ഇടനാഴി. റോഡുമായി ബന്ധപ്പെട്ട് നാല് സാമ്പത്തികമേഖലകളുടെ വികസനവും സി.ആര്‍.ഡി.പി പരിശോധിക്കുന്നുണ്ട്. മംഗലപുരത്തും ഊരൂട്ടമ്പലത്തും ലോജിസ്റ്റിക് മേഖലകള്‍, ടെക്നോസിറ്റിയുടെ തുടര്‍ച്ചായി അണ്ടൂര്‍കോണത്ത് ഐ.ടി, ഐ.ടി.ഇ.എസ് മേഖല, വിനോദ-മാധ്യമ മേഖലകള്‍, റോഡുനിര്‍മാണവുമായി ബന്ധപ്പെട്ട് പുനരധിവസിക്കപ്പെടേണ്ടവര്‍ക്കുള്ള ഭൂമി എന്നിവയാണത്. വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാകുമ്പോള്‍ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ആറുവരിപ്പാത സഹായകമാകുമെന്ന് അധികൃതര്‍ അവകാശപ്പെടുന്നു. അതേസമയം, ഇടനാഴി കടന്നുപോകുന്ന 13 പഞ്ചായത്തിലും ജനങ്ങളുടെ പ്രതിഷേധം ശക്തമാണ്. മംഗലപുരം, അണ്ടൂര്‍കോണം പോത്തന്‍കോട്, വെമ്പായം, കരകുളം, അരുവിക്കര, വിളപ്പില്‍, കാട്ടാക്കട, മലയിന്‍കീഴ്, മാറനല്ലൂര്‍, പള്ളിച്ചല്‍, ബാലരാമപുരം, വെങ്ങാനൂര്‍ വരെ നീളുന്നതാണ് ഇടനാഴി. അണ്ടൂര്‍കോണത്ത് രണ്ടിടത്തായി 108 ഏക്കറും ഹബ്ബ് സ്ഥാപിക്കുന്നതിന് മംഗലപുരത്ത് 60 ഏക്കറും പന്തലക്കോട് 80 ഏക്കറും നീറമണ്‍കുഴിയില്‍ 95 ഏക്കറും റെസിഡന്‍റ് ഏരിയക്ക് വേണ്ടി മാറനല്ലൂരില്‍ 90 ഏക്കറും ഏറ്റെടുക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍, ഈ നീക്കത്തിനെതിരെ ശക്തമായ സമരപരിപാടികള്‍ക്കാണ് പഞ്ചായത്ത് ഭരണസമിതികള്‍ നീങ്ങുന്നത്. പവര്‍ഗ്രിഡ്, കെ.എസ്.ഇ.ബി സബ്സെക്ഷന്‍ ഓഫിസ്, ടെക്നോസിറ്റി, മോണോ റെയില്‍പദ്ധതി, സി.ആര്‍.പി.എഫ് ക്യാമ്പ് തുടങ്ങിയ പദ്ധതികള്‍ക്കായി അണ്ടൂര്‍കോണം പഞ്ചായത്തില്‍നിന്ന് മാത്രം നൂറോളം കുടുംബങ്ങള്‍ക്കാണ് നേരത്തേ കുടിയിറങ്ങേണ്ടിവന്നത്. ഇവരെ പുനരധിവസിപ്പിച്ചിരിക്കുന്ന മേഖലകളിലൂടെയാണ് നിര്‍ദിഷ്ട ഇടനാഴി കടന്നുപോകുന്നതും. പദ്ധതിക്കായി ഒരിഞ്ച് ഭൂമിപോലും വിട്ടുതരില്ളെന്ന നിലപാടിലാണ് പഞ്ചായത്ത് അധികൃതര്‍. ജനരോഷം ഭയന്ന് ഇത്തരം നിലപാടിലാണ് മറ്റ് പഞ്ചായത്തുകളും. അതേസമയം ഇടനാഴിയുടെ അന്തിമ രൂപരേഖ തയാറാക്കുന്നതിന് മുമ്പായി ജനങ്ങളുടെ അഭിപ്രായങ്ങളും ആക്ഷേപങ്ങളും അറിയിക്കാന്‍ സി.ആര്‍.ഡി.പി ഈമാസം 15 വരെ സമയം നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.