നിര്‍മാണത്തില്‍ വ്യാപക ക്രമക്കേടെന്ന് കണ്ടത്തെല്‍

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ (കെ.പി.എച്ച്.സി.സി) പണിത പൊലീസ് ക്വാര്‍ട്ടേഴ്സുകളില്‍ വിജിലന്‍സ് പരിശോധന. പേരൂര്‍ക്കട എസ്.എ.പി ക്യാമ്പിലെ ക്വാര്‍ട്ടേഴ്സുകളുടെ നിര്‍മിതിയില്‍ വ്യാപകക്രമക്കേട് നടന്നതായി കണ്ടത്തെി. ആറ് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള കെട്ടിടങ്ങള്‍ പലതും ചോര്‍ന്നൊലിക്കുകയാണ്. മിക്കമുറികളിലും ടൈല്‍സ് പൊട്ടിയിളകിയതായും കണ്ടത്തെി. പലയിടങ്ങളിലും മേല്‍ക്കൂരകള്‍ കാറ്റില്‍പറന്നുപോയതായി ക്വാര്‍ട്ടേഴ്സ് നിവാസികള്‍ പറയുന്നു. കെ.പി.എച്ച്.സി.സി നിര്‍മിച്ച കെട്ടിടങ്ങളിലൊന്നും അറ്റകുറ്റപ്പണികള്‍ നടത്തുന്നില്ളെന്ന് താമസക്കാര്‍ പരാതിപ്പെട്ടു. അതേസമയം, അറ്റകുറ്റപ്പണികള്‍ക്ക് ഫണ്ട് ലഭ്യമല്ലാത്തതാണ് പ്രശ്നകാരണമെന്ന് കെ.പി.എച്ച്.സി.സി അധികൃതര്‍ അറിയിച്ചു. എന്നാല്‍, കെ.പി.എച്ച്.സി.സി തലപ്പത്തുണ്ടായിരുന്ന ഐ.പി.എസ് ഉന്നതരും കരാറുകാരുമായുള്ള ഒത്തുകളിയാണ് നിര്‍മാണത്തിലെ പാളിച്ചകള്‍ക്ക് കാരണമെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ സംശയിക്കുന്നു. നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ ലഭ്യമാക്കാന്‍ കെ.പി.എച്ച്.സി.സി അധികൃതരോട് വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭ്യമാകുന്ന മുറക്ക് തുടരന്വേഷണത്തിന് ശിപാര്‍ശചെയ്ത് വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറുമെന്ന് തിരുവനന്തപുരം യൂനിറ്റ് ഡിവൈ.എസ്.പിയുടെ ഓഫിസ് അറിയിച്ചു. ഐരാണിമുട്ടം ഹോമിയോ കോളജില്‍ ഹെര്‍ബല്‍ പൂന്തോട്ടം പണിയാന്‍ കണ്ടത്തെിയ സ്ഥലത്തും വിജിലന്‍സ് പരിശോധന നടത്തി. ഇവിടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുകയാണ്. ഇത് സര്‍ക്കാറിന് വന്‍സാമ്പത്തിക ബാധ്യത വരുത്തിയതായും വിജിലന്‍സ് വൃത്തങ്ങള്‍ പറയുന്നു. ഇതുസംബന്ധിച്ച രേഖകള്‍ പരിശോധിച്ചുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നിര്‍മിതികളിലെ ക്രമക്കേടുകളും നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കെടുകാര്യസ്ഥത കണ്ടത്തെുന്നതിനും വേണ്ടിയാണ് പരിശോധനകള്‍ നടന്നത്. ഡിസംബറില്‍ നടന്ന പരിശോധനയില്‍ തകരപ്പറമ്പ് മേല്‍പ്പാല നിര്‍മാണത്തിലുള്‍പ്പെടെ ക്രമക്കേടുകള്‍ കണ്ടത്തെിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.