കേരള സര്‍വകലാശാല: സൈക്കോളജി വിഭാഗം അധ്യാപകരുടെ തമ്മിലടി; വിദ്യാര്‍ഥികളുടെ ഭാവി തുലാസില്‍

തിരുവനന്തപുരം: കേരള സര്‍വകലാശാല സൈക്കോളജി വിഭാഗത്തിലെ പി.ജി, എം.ഫില്‍ കോഴ്സുകളുടെ പരീക്ഷ കഴിഞ്ഞ് മാസങ്ങളായിട്ടും വൈവ വോസി പരീക്ഷ വൈകുന്നു. അധ്യാപകര്‍ക്കിടയിലെ ചേരിപ്പോരാണ് പരീക്ഷ അനിശ്ചിതമായി നീളാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. പി.ജി വിദ്യാര്‍ഥികള്‍ കഴിഞ്ഞ ആഗസ്റ്റ് 30നും എം.ഫില്‍ വിദ്യാര്‍ഥികള്‍ ഒക്ടോബര്‍ മൂന്നിനും സമര്‍പ്പിച്ച പ്രബന്ധങ്ങളുടെ വൈവ വോസി പരീക്ഷയാണ് ഇതുവരെയും നടക്കാത്തത്. രണ്ട് എം.ഫില്‍ ബാച്ചും ഒരു പി.ജി ബാച്ചും അടക്കം 32 വിദ്യാര്‍ഥികളുടെ ഭാവി തുലാസിലാണ്. സര്‍വകലാശാലയുടെ മറ്റ് പഠനവകുപ്പുകളിലെല്ലാം വൈവ വോസി പരീക്ഷയും ഫലപ്രഖ്യാപനവും നടത്തി മാസങ്ങള്‍ പിന്നിട്ടു. സെപ്റ്റംബറില്‍ പി.ജി വിദ്യാര്‍ഥികളുടെയും ഡിസംബറില്‍ എം.ഫില്‍ വിദ്യാര്‍ഥികളുടെയും വൈവ നടത്താന്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍, അധ്യാപര്‍ക്കിടയിലെ ചേരിപ്പോര് കാരണം മാറ്റിവെക്കുകയായിരുന്നു. യഥാസമയം പരീക്ഷ നടക്കാത്തതിനാല്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിനുള്ള അവസരം നഷ്ടമായിരിക്കുകയാണ്. സൈക്കോളജി വിഭാഗത്തിലെ പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിച്ച് വിദ്യാര്‍ഥികളുടെ വൈവ നടത്തി പരീക്ഷാഫലം പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ സര്‍വകലാശാല കാമ്പസ് യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തുകയും സൈക്കോളജി വിഭാഗം വകുപ്പ് മേധാവിയെ ഉപരോധിക്കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.