വര്‍ക്കല: ജില്ലയുടെ അതിര്‍ത്തിഗ്രാമമായ ഇടവയിലെ കാപ്പില്‍ കായല്‍ ഒഴുകുന്നത് മരണക്കയത്തിലേക്ക്. പഴയ തിരുവിതാംകൂറിന്‍െറ ചരിത്രത്തിലും സാഹിത്യത്തിലും ഇടംനേടിയ കായല്‍ ഇന്ന് ഒഴുക്കുനിലച്ച നിലയിലാണ്. വെറ്റക്കട മുതല്‍ കാപ്പില്‍പാലം വരെയുള്ള ഏക്കറുകളോളം സ്ഥലം മണല്‍തിട്ടയായതാണ് ഒഴുക്ക് നിലക്കാന്‍ കാരണം. രണ്ടര കി.മീ ദൈര്‍ഘ്യത്തിലും നൂറുമീറ്ററോളം വീതിയിലുമാണ് മണല്‍ അടിഞ്ഞുകൂടിക്കിടക്കുന്നത്. കായല്‍ ഈ സ്ഥിതിയിലായിട്ട് കാല്‍നൂറ്റാണ്ടോളമായി. ദശലക്ഷത്തിലധികം ടണ്‍ മണലുണ്ടിവിടെ. ഇത് നീക്കംചെയ്താല്‍ ഇടവക്കായല്‍ കുണുങ്ങിക്കുണുങ്ങി ഒഴുകും. എന്നാല്‍ കായലിനെ ഒഴുകാന്‍ വിടാന്‍ അധികൃതര്‍ മടിക്കുകയാണ്. കായലിനെ ആശ്രയിച്ച് തുടര്‍ന്നുപോന്ന പരമ്പരാഗത വ്യവസായമായ കയര്‍വിരിയും തൊണ്ടുതല്ലലും മാല് അഴുക്കലും ഇടവയില്‍നിന്നും കാപ്പില്‍ തീരത്തുനിന്നും അപ്രത്യക്ഷമായി. കായലില്‍ വന്‍തോതില്‍ മാലിന്യംതള്ളല്‍ കൂടിയായപ്പോള്‍ പ്രദേശത്ത് പാരിസ്ഥിതിക പ്രശ്നങ്ങളും തലപൊക്കി. നാട്ടുകാരുടെ ദൈനംദിന ജീവിതത്തിലും മാലിന്യവാഹിയായ കായല്‍ ദുരിതം വിതക്കുന്നുണ്ട്. കയര്‍ വ്യവസായം തകര്‍ന്നടിഞ്ഞതിന് പിന്നാലെ ഉള്‍നാടന്‍ മത്സ്യബന്ധനം നടത്തി ഉപജീവനം നയിച്ചിരുന്ന കുടുംബങ്ങളും പട്ടിണിയിലായി. ഇവര്‍ മറ്റ് മാര്‍ഗങ്ങള്‍ തേടി. കായലിന്‍െറ പടിഞ്ഞാറുവശം മുതല്‍ വെറ്റക്കട തൈക്കാപള്ളിയുടെ പുറകുവശംവരെ നീണ്ടുകിടന്നിരുന്ന കായല്‍ ഇന്നില്ല. വന്‍തോതില്‍ മണല്‍ അടിഞ്ഞുകൂടിയതിനാലാണ് കായല്‍ പൊഴിമുഖത്തിന് സമീപം നിലച്ചുപോയത്. പിന്നെയുള്ള രണ്ട് കി.മീ ഭാഗം മണല്‍മൂടി നികന്നുപോയി. ഇവിടം മുഴുവനും കാട്ടുപുല്ലുകള്‍ നിറഞ്ഞ നിലയിലാണ്. കായലിലെ മണ്ണടിഞ്ഞും രൂക്ഷമായ കടല്‍ക്ഷോഭത്തിലുമാണ് മണല്‍തിട്ടകള്‍ രൂപപ്പെട്ട് കായല്‍ നികന്നുപോയത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി മണല്‍ നീക്കംചെയ്യാനും അത് വില്‍പന നടത്താനും അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിനെയും റവന്യൂ, ജില്ല ഭരണകൂടത്തെയും സമീപിച്ചിരുന്നു. എന്നാല്‍ ‘ഒറ്റവരി’ നിവേദനത്തിന് പകരം വിഷയം പഠിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നതാധികാരികള്‍ ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്ത് നേതൃത്വത്തിന് അത് സാധിച്ചിരുന്നില്ല. ഇതോടെ കായലിനെ സര്‍ക്കാറും സൗകര്യപൂര്‍വം വിസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.