സ്മാര്‍ട്ട് സിറ്റി നഗരഹൃദയമേഖലയില്‍ മാത്രം

തിരുവനന്തപുരം: ഏറെ കൊട്ടിഗ്ഘോഷിച്ച് കോര്‍പറേഷന്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ട സ്മാര്‍ട്ട്സിറ്റി പദ്ധതി ഒടുവില്‍ നഗരഹൃദയമേഖലയില്‍ മാത്രമായി ചുരുങ്ങി. സംസ്ഥാന തെരഞ്ഞെടുപ്പുകമീഷനുമായി ചേര്‍ന്ന് വോട്ടെടുപ്പിലൂടെ ജനം തെരഞ്ഞെടുത്ത മറ്റുരണ്ട് പ്രധാനകേന്ദ്രങ്ങള്‍ അവസാനം ഒഴിവാക്കിയാണ് കോര്‍പറേഷന്‍ അന്തിമ തീരുമാനം കൈക്കൊണ്ടത്. ആസൂത്രണത്തിലെ പിഴവാണ് ഇതെന്ന ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. കഴക്കൂട്ടം- കോവളം ബൈപാസ് കോറിഡോറും മെഡിക്കല്‍ കോളജ്- ജനറല്‍ ആശുപത്രി ഉള്‍പ്പെടുന്ന പ്രദേശങ്ങളെയുമാണ് ഒഴിവാക്കിയത്. വികസന മേഖലകള്‍ തെരഞ്ഞെടുക്കാന്‍ മേയര്‍ വി.കെ. പ്രശാന്തിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന അവസാനഘട്ട യോഗത്തിലാണ് ഈ തീരുമാനം. വോട്ടെടുപ്പിലൂടെ ജനങ്ങള്‍ തെരഞ്ഞെടുത്തതില്‍ ഒന്നാം സ്ഥാനത്തത്തെിയത് നഗരഹൃദയമേഖലയാണ്. രണ്ടാമതത്തെിയത് കഴക്കൂട്ടം- കോവളം ബൈപാസ് കോറിഡോറും മൂന്നാമത് മെഡിക്കല്‍കോളജ്- ജനറല്‍ ആശുപത്രി മേഖലയുമാണ്. ഈ മൂന്ന് കേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കി നഗരവികസനം, നഗരനവീകരണം, ഹരിതവികസനം എന്നീ പദ്ധതികളാണ് നടത്താന്‍ ഉദ്ദേശിച്ചത്. ഒരു മേഖലക്ക് മാത്രമാണെങ്കില്‍ കഴിഞ്ഞ അഞ്ചുമാസത്തിലേറെയായി നടന്നുവന്ന ചര്‍ച്ചകളും സെമിനാറുകളും എന്തിനായിരുന്നെന്ന ചോദ്യമുയര്‍ന്നിട്ടുണ്ട്. ജനഹിതമറിയാന്‍ വോട്ടെടുപ്പും നടത്തേണ്ടിയിരുന്നില്ളെന്നാണ് അഭിപ്രായങ്ങള്‍. ചാല, തമ്പാനൂര്‍, ഫോര്‍ട്ട്, വഴുതക്കാട്, തൈക്കാട്, വലിയശാല, പാളയം ഉള്‍പ്പെടുന്ന നഗരഹൃദയമേഖല അടിസ്ഥാനമാക്കിയുള്ള വികസനപദ്ധതികളാണ് ഇപ്പോഴുള്ളത്. പദ്ധതി രൂപവത്കരണത്തിന്‍െറ പ്രാഥമിക വിശകലനം മേയറുടെ സാന്നിധ്യത്തില്‍ സ്മാര്‍ട്ട് സിറ്റി കണ്‍സള്‍ട്ടന്‍റായ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ ടെക്നിക്കല്‍ കമ്മിറ്റിയുടെ മുമ്പാകെ അവതരിപ്പിച്ചു. പൊതുജനങ്ങള്‍ക്കായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും സുസ്ഥിരവികസനം ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം. മാലിന്യനിര്‍മാര്‍ജനം, തടസ്സരഹിത നടപ്പാതസൗകര്യം, മെച്ചപ്പെട്ട ഗതാഗത നിര്‍വഹണം, പാര്‍ക്കിങ് സംവിധാനങ്ങള്‍, സൈക്കിള്‍ പാതകള്‍ എന്നിവക്ക് ഊന്നല്‍ നല്‍കും. നവസാങ്കേതിക വിദ്യ ഉപയോഗിച്ച് വികേന്ദ്രീകൃത ഖരമാലിന്യ സംസ്കരണം പ്രാരംഭ പദ്ധതിയായി നടപ്പാക്കും. ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനും അനിവാര്യമായ പാര്‍ക്കിങ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ശ്രദ്ധ നല്‍കും. പകല്‍ സമയങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട റോഡുകള്‍ നടപ്പാത സൗകര്യത്തിന് പ്രത്യേകം മാറ്റിവെക്കും. സൈക്കിള്‍ ട്രാക്കുകള്‍ക്ക് രൂപകല്‍പന നല്‍കാനും നിര്‍ദേശമുണ്ട്. ഈ പ്രദേശത്തെ റോഡുകളും നടപ്പാതകളും ഭിന്നശേഷിക്കാര്‍ക്കുകൂടി യോജ്യമായി രൂപപ്പെടുത്തും. പാരമ്പര്യേതര ഊര്‍ജമേഖലയിലും ശ്രദ്ധനല്‍കും. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ആവാസ കേന്ദ്രങ്ങളിലും സൗരോര്‍ജ ഉല്‍പാദനം പ്രോത്സാഹിപ്പിക്കുകയും മഴവെള്ള സംഭരണം ഉറപ്പുവരുത്തുകയും ചെയ്യും. മേഖല വികസനം കൂടാതെ നവസാങ്കേതിക വിദ്യ ഉപയോഗിച്ച് നഗരം ഒട്ടാകെ കുടിവെള്ള ഗുണനിലവാരം ഉറപ്പുവരുത്തല്‍, ഗതാഗത നിര്‍വഹണം, സുരക്ഷ സംവിധാനങ്ങള്‍, കോര്‍പറേഷനിലെ ജനസേവനങ്ങളുടെ ഇ-ഗവേണന്‍സ് എന്നിവയും സുതാര്യമാക്കും. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ നിലവിലുള്ളതും നിര്‍ദേശിക്കപ്പെട്ടിട്ടുള്ളതുമായ പദ്ധതികളുമായി ഏകോപിപ്പിച്ചായിരിക്കും പദ്ധതി നടപ്പാക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.