ഇലകമണ്ണില്‍ കുടിവെള്ളക്ഷാമം രൂക്ഷം; അയിരൂര്‍ ആറ് വരണ്ടുണങ്ങി

വര്‍ക്കല: ഇലകമണ്‍ ഗ്രാമപഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷം. അയിരൂര്‍ ആറ് വരണ്ടുണങ്ങി. എന്നാല്‍, നീരുറവകളില്‍നിന്ന് ശുദ്ധജലം പാഴാകുകയും ചെയ്യുന്നുണ്ട്. കായല്‍പുറം, ഹരിഹരപുരം, തേരിക്കല്‍കുന്ന്, ചാരുംകുഴി, കിഴക്കേപ്പുറം, ഊന്നിന്മൂട്, കളീയ്ക്കല്‍, അയിരൂര്‍, പാളയംകുന്ന് പ്രദേശങ്ങളിലാണ് കുടിവെള്ള ദൗര്‍ലഭ്യം മൂലം ജനജീവിതം ദുസ്സഹമായത്. കിണറുകള്‍, കുളങ്ങള്‍, തോടുകള്‍ എന്നിവയെല്ലാം വറ്റി. 20 അടി താഴ്ചയുള്ള കിണറുകളില്‍ 10 അടിയിലധികം വെള്ളമുണ്ടായിരുന്നു ആഴ്ചകള്‍ക്ക് മുമ്പുവരെയും. ഇപ്പോള്‍ തൊട്ടി മുങ്ങാന്‍പോലും കിണറുകളില്‍ വെള്ളമില്ല. ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ സമൃദ്ധമായി ഒഴുകിയിരുന്ന അയിരൂര്‍ ആറ് വരണ്ടുണങ്ങിയതിന് പുറമെ സമീപകാലത്ത് ഏലാകളും നശിച്ചു. മേഖലയില്‍ തേരിക്കല്‍കുന്ന്, വിളപ്പുറം, ഊന്നിന്മൂട്, കളത്തറ മേഖലകളില്‍ വല്ലപ്പോഴും മാത്രം പൈപ്പ്ലൈനുകളില്‍ എത്തുന്ന കുടിവെള്ളം ശേഖരിക്കാന്‍ വലിയ തിരക്കാണ്. കായല്‍ത്തീരത്തോട് ചേര്‍ന്ന സ്ഥലങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. കുഴല്‍ക്കിണറുകളില്‍നിന്ന് പരിമിത തോതില്‍ മാത്രമേ ജലം ലഭിക്കുന്നുള്ളൂ. ഹരിഹരപുരം, കായല്‍പ്പുറം പ്രദേശങ്ങളില്‍ കുന്നിന്‍ചെരിവുകളില്‍നിന്ന് സമൃദ്ധമായി ഒഴുകുന്ന നീരുറവകള്‍ ധാരാളമുണ്ടിവിടെ. പ്രദേശവാസികള്‍ കുടിക്കാനും കുളിക്കാനും അലക്കാനുമൊക്കെ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, ഈ ശുദ്ധജലം ശാസ്ത്രീയമായി സംഭരിക്കാനോ വിതരണം ചെയ്യാനോ പദ്ധതികളൊന്നും ആസൂത്രണം ചെയ്തിട്ടില്ല. നാട്ടിന്‍പുറങ്ങളിലെ ശുദ്ധജല സ്രോതസ്സുകളുടെ സംരക്ഷണവും പരിപാലനവും അതത് ഗ്രാമപഞ്ചായത്തുകള്‍ക്കാണ്. എന്നാല്‍, ഇലകമണ്ണില്‍ ഇവ അവഗണിക്കപ്പെടുകയാണ്. കായലോരങ്ങളിലും സ്വകാര്യ പുരയിടങ്ങളിലും ധാരാളമുണ്ട് നീരുറവകള്‍. ഉറവകളില്‍നിന്ന് ശുദ്ധജലം പണം വാങ്ങി വന്‍തോതില്‍ വില്‍പന നടത്തുന്നുണ്ട്. 250 ലിറ്ററിന് 500 രൂപയും 500 ലിറ്ററിന് 1000 രൂപയുമാണ് ഈടാക്കുന്നത്. ഇലകമണ്‍ ഗ്രാമപഞ്ചായത്തിലെ ഹരിഹരപുരം സെന്‍റ് തോമസ് പള്ളിക്ക് സമീപം മാത്രം ഇരുപതോളം ഉറവകളുണ്ട്. ഇവയില്‍ ചിലത് പൊതു ആവശ്യത്തിന് ഉപയോഗിക്കാന്‍ പാകത്തില്‍ നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും അനാഥമായവയാണ് ഭൂരിഭാഗവും. എന്നാല്‍, സമീപ പഞ്ചായത്തുകളിലെ ശുദ്ധജലക്ഷാമം പരിഹരിക്കാന്‍ ഈ ജലവിഭവം ഉപയോഗപ്പെടുത്താന്‍ അധികൃതര്‍ തയാറാകുന്നില്ല. കുടിവെള്ളം സംഭരിച്ച് വിതരണം ചെയ്യാവുന്ന ചെറുകിട പദ്ധതികള്‍ ഇവിടെ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമായിരുന്നിട്ടും അധികൃതര്‍ മനസ്സ് വെക്കുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.