മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ച ആറുപേര്‍ പിടിയില്‍

നെയ്യാറ്റിന്‍കര: അമരവിള പാലത്തിനുസമീപം മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍ ആറുപേര്‍ പിടിയില്‍. സമാന്തര സര്‍വിസ് ജീവനക്കാരായ പെരുമ്പഴുതൂര്‍ തളിയാഴിക്കല്‍ ജയന്‍ (37), പീലിയോട് സ്വദേശി അഭിലാഷ് (34), പീലിയോട് ചന്തവിള പുത്തന്‍വീട്ടില്‍ ബിജു (33), പൊരിയണിക്കാല പുത്തന്‍വീട്ടില്‍ ഉണ്ണി (34), തൊഴുക്കല്‍ കിഴക്കേകുന്നുവിള വീട്ടില്‍ മനോജ് (29), കാവുവിള അയണിയറത്തല പുത്തന്‍വീട്ടില്‍ മനു (27)എന്നിവരെ നെയ്യാറ്റിന്‍കര പൊലീസാണ് പിടികൂടിയത്. ആക്രണത്തിനുശേഷം രക്ഷപ്പെടാന്‍ ഉപയോഗിച്ച ട്രക്കറും ഇരുചക്രവാഹനവും പിടിച്ചെടുത്തു. ചൊവ്വാഴ്ച സമാന്തര സര്‍വിസ് വാഹനം പിടികൂടിയശേഷം വീണ്ടും പരിശോധനക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. കമ്പും മറ്റുമായി ജീപ്പ് അടിച്ചുതകര്‍ത്തശേഷം ഉദ്യോഗസ്ഥരെ മര്‍ദിക്കുകയായിരുന്നു. ആറ്റിങ്ങല്‍ ഓഫിസിലെ സ്ക്വാഡാണ് പരിശോധനക്കത്തെിയത്. സമാന്തര സര്‍വിസ് വാഹന ഡ്രൈവര്‍മാരുടെ മര്‍ദനത്തില്‍ പരിക്കേറ്റ ഉദ്യോഗസ്ഥര്‍ നെയ്യാറ്റിന്‍കര ജില്ല ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. നെയ്യാറ്റിന്‍കര താലൂക്കില്‍ അനധികൃത സര്‍വിസ് വര്‍ധിച്ചുവരുന്നതായി ശ്രദ്ധയിപെട്ടതിനെതുടര്‍ന്ന് നടത്തിയ പരിശോധനക്കിടയിലായിരുന്നു ആക്രമണം. കെ.എസ്.ആര്‍.ടി.സിക്ക് വലിയതോതില്‍ നഷ്ടം വരുത്തുന്ന തരത്തില്‍ നെയ്യാറ്റിന്‍കരയില്‍ അനധികൃത സമാന്തര സര്‍വിസ് വര്‍ധിച്ചുവരുകയാണ്. സമാന്തര സര്‍വിസിനെതിരെ നടപടി സ്വീകരിച്ച ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരത്തില്‍ ആക്രമണം നടന്നിട്ടുണ്ട്. ആക്രമണം ഭയന്ന് പലപ്പോഴും ഉദ്യോഗസ്ഥര്‍ സമാന്തര സര്‍വിസിനെതിരെ നടപടി സ്വീകരിക്കാറില്ല. നെയ്യാറ്റിന്‍കര പൊലീസ് സംഭവത്തില്‍ കൂടുതല്‍പേര്‍ക്കെതിരെ കേസെടുത്തു. സമാന്തര സര്‍വിസ് വാഹനങ്ങള്‍ക്കെതിരെ വരുംദിവസങ്ങളില്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബുധനാഴ്ച പൊലീസിന്‍െറ സേവനത്തോടെ വിവിധഭാഗങ്ങളില്‍ പരിശോധന കര്‍ശനമാക്കി. പരിശോധന ശക്തമായതോടെ ബുധനാഴ്ച നെയ്യാറ്റിന്‍കരയുടെ വിവിധഭാഗങ്ങളില്‍ കൂടുതല്‍ സമാന്തര സര്‍വിസ് വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. സമാന്തര സര്‍വിസ് വാഹനങ്ങള്‍ക്ക് നിയന്ത്രണംവന്നതോടെ കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ ലാഭത്തിലാണ് ഓടുന്നത്. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി ബി. ഹരികുമാര്‍, നെയ്യാറ്റിന്‍കര സി.ഐ അരുണ്‍, നെയ്യാറ്റിന്‍കര എസ്.ഐ ഷിജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.