കിളിമാനൂര്‍: രാജാരവിവര്‍മയുടെ ജന്മനാടായ കിളിമാനൂരില്‍ കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് പണിത സ്മാരക സമുച്ചയം നവീകരിക്കാന്‍ തീരുമാനമായി. തിങ്കളാഴ്ച കിളിമാനൂരില്‍ ചേര്‍ന്ന അക്കാദമി നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം. എം.എല്‍.എ ബി. സത്യനുമായി അംഗങ്ങള്‍ കൂടിയാലോചന നടത്തി. ചിത്രശില്‍പ, വാസ്തുശില്‍പ സംബന്ധിയായ പുസ്തകങ്ങളും ഫോട്ടോഗ്രഫി പഠനത്തിനാവശ്യമായ പുസ്തകങ്ങളും ശേഖരിച്ച് വിപുലമായ ലൈബ്രറി ഹാള്‍, കലാകാരന്മാര്‍ക്ക് താമസിച്ച് ചിത്രം രചിക്കാനുള്ള റെസിഡന്‍ഷ്യല്‍ സ്റ്റുഡിയോ, കോട്ടേജുകള്‍ എന്നിവയും പണികഴിപ്പിക്കും. ഗെസ്റ്റ് മുറികള്‍, മിനി ഓഡിറ്റോറിയം, മിനി തിയറ്റര്‍, ഡോര്‍മിറ്ററി സംവിധാനങ്ങളോട് കൂടിയതാകും കെട്ടിട സമുച്ചയം. രാജാരവിവര്‍മ ആര്‍ക്കൈവ്സം, സമകാലിക കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാനുള്ള ആര്‍ട്ട് ഗാലറി, സുപ്രധാന ക്യൂറെറ്റ്സ് പ്രദര്‍ശ നം, പ്രധാന കലാസൃഷ്ടികള്‍ അടങ്ങുന്ന ആര്‍ട്ട് ഗാലറി എന്നിവ ഒരുക്കും. തുടര്‍ച്ചയായി കലാപരിപാടികള്‍ സംഘടിപ്പിക്കും. സ്റ്റുഡിയോ പ്രവര്‍ത്തനങ്ങളായ ഗ്രാഫിക്സ്, വുഡ് ഗ്രാഫിക്സ്, മെറ്റല്‍ ക്രാഫ്റ്റ്, സിറാമിക്, ടെറാകോട്ട എന്നിവയും നടപ്പാക്കാനും പദ്ധതിയുണ്ട്. കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയ 25 ലക്ഷം രൂപ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവിടും. യോഗത്തില്‍ കേരള ലളിതകല അക്കാദമി ചെയര്‍മാന്‍ സത്യപാലന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ നേമം പുഷ്പരാജ്, സെക്രട്ടറി പൊന്ന്യംചന്ദ്രന്‍, ട്രഷറര്‍ വി.ആര്‍. സന്തോഷ്, സാംസ്കാരിക വകുപ്പ് അണ്ടര്‍ സെക്രട്ടറി ബി. സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.