പാലോട് മേളക്ക് നാളെ തുടക്കം

പാലോട്: 54ാമത് പാലോട് കാര്‍ഷിക കലാ വ്യാപാരമേളയും കന്നുകാലിച്ചന്തയും വിനോദസഞ്ചാര വാരാഘോഷവും നാളെമുതല്‍ 16വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 9.30ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മധു മേളക്ക് തിരിതെളിക്കും. വൈകീട്ട് ആറിന് കന്നുകാലിച്ചന്തയും വിനോദസഞ്ചാര വാരാഘോഷവും മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക കലാമേള മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി ഉദ്ഘാടനം ചെയ്യും. മേളയോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ സമ്മാനവിതരണം നടത്തും. ഗുരുതര രോഗംബാധിച്ചവരെ സഹായിക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം നടന്‍ അലന്‍സിയറും പദ്ധതി ഉദ്ഘാടനം ചലച്ചിത്രതാരം അനുശ്രീയും നിര്‍വഹിക്കും. തിങ്കളാഴ്ച കടക്കയ്ല്‍നിന്നും പാലോട് ജങ്ഷന്‍ വരെ മിനി മാരത്തണ്‍ സംഘടിപ്പിക്കും. മേള സന്ദര്‍ശകരായത്തെുന്ന എല്ലാവര്‍ക്കും യുനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ മേള സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. മുട്ടക്കോഴിക്കുഞ്ഞുങ്ങളുടെ വിതരണം മേളയിലുണ്ടാകും. പ്രത്യേക കന്നുകാലിച്ചന്ത എട്ടുമുതല്‍ മേളയിലൊരുക്കിയിട്ടുണ്ട്. നൂറിലധികം സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ സ്റ്റാളുകള്‍, കാര്‍ണിവെല്‍, ചക്ക മഹോത്സവം, മോട്ടോര്‍ എക്സ്പോ എന്നിവയും ഒരുക്കിയിട്ടുണ്ട്. വിവിധദിവസങ്ങളിലായി മെഡിക്കല്‍ ക്യാമ്പുകള്‍, സെമിനാറുകള്‍, ചര്‍ച്ചകള്‍, സാംസ്കാരിക സമ്മേളനങ്ങള്‍, കവിയരങ്ങ്, ബോധവത്കരണ പരിപാടികള്‍, നാടകോത്സവം, ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവെല്‍, വിവിധ കലാപരിപാടികള്‍, വൈവിധ്യമാര്‍ന്ന മത്സരയിനങ്ങള്‍ എന്നിവയും നടക്കും. 16ന് വൈകീട്ട് സമാപനസമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മേള ചെയര്‍മാന്‍ ഷിറാസ് ഖാന്‍, ജന. സെക്രട്ടറി വി.എസ്. പ്രമോദ്, എ.എം. അന്‍സാരി, അമല്‍ എസ്. നായര്‍, മനേഷ് ജി. നായര്‍, ബിനു, റജി, അനസ് തോട്ടവിള, എ. കബീര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.