മത്സ്യ വിപണന മേഖല തകർന്നു; കായൽ മത്സ്യങ്ങൾക്ക് ഇരട്ടി വില

ചവറ: ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാതായതോടെ മത്സ്യ വിപണന മേഖലയാകെ തകർന്ന നിലയിൽ. മത്സ്യബന്ധന യാനങ്ങളും വള്ളങ്ങളും കടലിൽ പോകാതായതോടെ മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള ആയിരങ്ങൾ പട്ടിണിയിലായി. കഴിഞ്ഞ അഞ്ചു ദിവസമായി മത്സ്യ വിപണന രംഗം തകർന്ന അവസ്ഥയാണ്. നീണ്ടകര, ശക്തികുളങ്ങര, അഴീക്കൽ ഹാർബറുകൾ വിജനമായ നിലയാണ്. കടലിൽ പോകാൻ അറിയിപ്പ് കിട്ടാത്തതു കാരണം കാൽക്കാശിന് വരുമാനമിെല്ലന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. നിരോധനം കഴിഞ്ഞ് അധികകാലമാകാത്തത് കാരണം ഉടമകളും സാമ്പത്തികമായി ബുദ്ധിമുട്ടിലാണ്. ബോട്ടുകളുടെ അറ്റകുറ്റപ്പണികൾക്കായി ചെലവഴിച്ച പണം പോലും ലഭ്യമാകാത്ത സമയത്ത് എത്തിയ പ്രകൃതിക്ഷോഭം ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഉടമകൾ പറയുന്നു. കടൽക്ഷോഭത്തിൽപെട്ട് വലകളും മത്സ്യ ബന്ധന ഉപകരണങ്ങളും നഷ്ടപ്പെട്ടവരും നിരവധിയാണ്. പൊതു മാർക്കറ്റുകളിൽ കായൽ മത്സ്യങ്ങൾ മാത്രമാണ് വിൽപന നടത്തുന്നത്. 100 രൂപയിൽ താഴെ മത്സ്യം വാങ്ങാനാകാത്ത സ്ഥിതിയാണ്. ആഴ്ചകൾക്ക് മുമ്പ് സ്റ്റോക്ക് ചെയ്ത അയല, ചെമ്മീൻ, ചൂര, ചാള എന്നിവ മാർക്കറ്റുകളിലുണ്ടെങ്കിലും വില ഇരട്ടിയായതോടെ വാങ്ങാതെ മടങ്ങി പോകേണ്ട അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. മത്സ്യ മേഖലയുമായി ബന്ധപ്പെട്ട് അനുബന്ധമായി നടക്കുന്ന തൊഴിലും നിലച്ചതോടെ നൂറു കണക്കിന് കുടുംബങ്ങളും പരിതാപകരമായ അവസ്ഥയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.