ആർ. നിശാന്തിനി അടക്കം ആറു പൊലീസുകാർക്കെതിരെ വകുപ്പുതല നടപടിക്ക് നിർദേശം

തിരുവനന്തപുരം: കസ്റ്റഡിയിലെടുത്തയാളെ ക്രൂരമായി മര്‍ദിച്ചതിന് വനിത ബറ്റാലിയൻ കമാൻഡൻറ് ആര്‍. നിശാന്തിനിയടക്കം ആറു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. തൊടുപുഴ യൂനിയന്‍ ബാങ്കില്‍ സീനിയര്‍ മാനേജരായിരുന്ന പെഴ്‌സി ജോസഫ് ഡെസ്മണ്ടി‍​െൻറ പരാതിയിലാണ് നടപടി. ഹൈകോടതി ഉത്തരവിനെതുടര്‍ന്ന് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോ ഈ കേസുമായി ബന്ധപ്പെട്ട എല്ലാവരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചശേഷമാണ് നടപടിയുണ്ടായത്. 2011 ജൂലൈ 26-നാണ് കേസിനാസ്പദമായ സംഭവം. ബാങ്കില്‍ വാഹനവായ്പക്കെത്തിയ പൊലീസുകാരിയായ വി.ഡി. പ്രമീളയോട് പെഴ്‌സി ജോസഫ് മോശമായി പെരുമാറിയെന്നായിരുന്നു ആരോപണം. തുടര്‍ന്ന് അന്ന് തൊടുപുഴ എ.എസ്.പിയായിരുന്ന നിശാന്തിനിയുടെ ഓഫിസിലേക്ക് വിളിച്ചുവരുത്തിയ പെഴ്‌സിയെ ഇവര്‍ ക്രൂരമായി മര്‍ദിച്ചെന്നായിരുന്നു പരാതി. ബാക്കിയുള്ളവര്‍ ആ സമയത്ത് സ്റ്റേഷനില്‍ ഉണ്ടായിരുന്നവരാണ്. പെഴ്‌സിയുടെ പരാതിയില്‍ അന്ന് ഇടുക്കി എസ്.പിയായിരുന്ന ജോര്‍ജ് വര്‍ഗീസ് അന്വേഷണം നടത്തിയെങ്കിലും പൊലീസുകാര്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ടാണ് നല്‍കിയത്. ഈ റിപ്പോര്‍ട്ട് പിന്നീട് മനുഷ്യാവകാശ കമീഷ​െൻറ നിശിത വിമര്‍ശത്തിന് കാരണമാകുകയും ചെയ്തു. ഇദ്ദേഹം വിരമിച്ചതിനാലും അന്വേഷണ ഉദ്യോഗസ്ഥന്‍ മാത്രമായിരുന്നതിനാലും അച്ചടക്കനടപടി നേരത്തേ ആലോചിച്ചിരുന്നത് ഉപേക്ഷിച്ചിട്ടുണ്ട്. വാഹന വായ്പക്ക് ചെന്ന ത​െൻറ കൈയില്‍ കയറിപ്പിടിച്ചെന്നും രേഖകളുമായി വീട്ടിലേക്ക് ചെല്ലാന്‍ ക്ഷണിച്ചെന്നുമായിരുന്നു പൊലീസുകാരിയായ പ്രമീളയുടെ പരാതി. എന്നാല്‍, ഇത് വിശ്വസനീയമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതൊരു കെണിയായിരുന്നുവെന്ന കാര്യം തള്ളിക്കളയാനാവില്ലെന്നും സര്‍ക്കാര്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നിശാന്തിനിയുടെ മൊഴിയിലും പൊരുത്തക്കേടുണ്ട്. പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യും മുമ്പേ പെഴ്‌സിയെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ എടുത്ത നടപടി അറിയിക്കാന്‍ ഹൈകോടതി ഉത്തരവിട്ടിരുന്നു. പെഴ്‌സി ജോസഫിനെ കുറ്റമുക്തനാക്കി തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിയുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.