തിരുവനന്തപുരം: ജീവിതവഴിയിൽ കേട്ടുപരിചയം പോലുമില്ലാത്ത കേരള നിയമസഭക്കു മുന്നിലെത്തിയപ്പോൾ മുരുകമ്മാളിന് തലക്കറക്കം പോലെ. മുഖ്യകവാടത്തിൽ കാത്തുനിന്ന മാധ്യമപ്പടയെ കണ്ടപ്പോൾ മിടിപ്പ് കൂടി കുഴഞ്ഞുവീഴുമെന്ന സ്ഥിതിയായി. ആരോടും ഒന്നും പറയാതെ പിഞ്ചുമക്കളെയും ചേർത്തുപിടിച്ച് സഭക്കകത്തേക്ക് നടന്നു. ചികിത്സ നിഷേധിച്ച് ആംബുലൻസിൽ ദാരുണാന്ത്യം വരിച്ച മുരുകെൻറ ഭാര്യയും മക്കളായ രാഹുലും േഗാകുലും പ്രവേശിച്ചപ്പോൾ സഭക്ക് പെരുമഴയൊഴിഞ്ഞ ശാന്തത. സ്വാശ്രയ കോളജ് വിഷയത്തിലെ ബഹളത്തിനൊടുവിൽ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് പുറത്തിറങ്ങിയ തൊട്ടുടനെയാണ് സി.പി.എം െകാല്ലം ജില്ല സെക്രട്ടറി കെ.എൻ. ബാലഗോപാൽ ഇവരേയും കൂട്ടി എത്തിയത്. അയൽനാട്ടിലെ മുഖ്യമന്ത്രിയെ കാണാൻ സഹോദരി സുഭദ്രമ്മാളും തിരുനെൽവേലി കൗൺസിലർ മാരിമുത്തുവും ഒപ്പമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയെൻറ അടുത്തെത്തിയപ്പോൾ ഒരുനിമിഷം മുരുകമ്മാളിന് വിതുമ്പലടക്കാനായില്ല. ഒരാഴ്ച മുമ്പ് കൈവിട്ടുപോയ പ്രിയതമനെക്കുറിച്ചുള്ള ഒാർമ ഇവരുടെ മുഖത്ത് നിഴലിച്ചു. സ്വന്തമായി വീടില്ലാത്തതും ജീവിതം വഴിമുട്ടിയതുമെല്ലാം വിശദീകരിച്ചു. എൽ.കെ.ജിയിലും രണ്ടാം ക്ലാസിലും പഠിക്കുന്ന മക്കളുടെ ഭാവിയും ബോധ്യപ്പെടുത്തി. ഇംഗ്ലീഷിൽ തയാറാക്കിയ നിവേദനം മുഖ്യമന്ത്രിക്ക് കൈമാറി. കുടുംബത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. ഇൗമാസം ആറിനാണ് മലയാളിക്ക് അപമാനം സൃഷ്ടിച്ച ദുരന്തം. കൊല്ലം കൊട്ടിയത്ത് പാൽക്കാരനായി ജോലി ചെയ്യുന്ന മുരുകൻ ചികിത്സ കിട്ടാതെയാണ് മരിച്ചത്. ബൈക്കപകടത്തിൽ പരിക്കേറ്റ് ആറു ആശുപത്രികൾ കയറിയിറങ്ങിയിട്ടും ഡോക്ടറില്ലെന്നും വെൻറിലേറ്റർ ഒഴിവില്ലെന്നും പറഞ്ഞ് ഇയാളെ മടക്കി. ഏഴാം മണിക്കൂറിൽ ആംബുലൻസിൽ ഇയാൾ മരണത്തിന് കീഴടങ്ങുകയും ചെയ്തു. വാടക വീട്ടിൽ കഴിയുന്ന കുടുംബത്തിന് സർക്കാർ സഹായം ഒരുക്കാൻ പ്രദേശത്തെ സി.പി.എം പ്രവർത്തകരാണ് മുന്നിട്ടിറങ്ങിയത്. ഏരിയ സെക്രട്ടറി എ.എം. ഇക്ബാൽ, പ്രവർത്തകരായ ജി. ആനന്ദൻ, ജെ. ബിജു എന്നിവരും ഇവർക്കൊപ്പം നിയമസഭയിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.