അഞ്ചാലുംമൂട്: ഉറ്റവരുടെ സഹായമില്ലാതെ ജീവിക്കുന്ന വയോധികർക്ക് ഇനി അഷ്ടമുടിക്കായലിെൻറ സൗന്ദര്യം ആസ്വദിച്ച് ഹൈടെക് മോഡലിലുള്ള മന്ദിരത്തിൽ താമസിക്കാം. സാമൂഹികനീതി വകുപ്പിെൻറ നിയന്ത്രണത്തിലും ചിറ്റുമല ബ്ലോക്കിെൻറ അധീനതയിലുമുള്ള തൃക്കരുവ ഗ്രാമപഞ്ചായത്തിലെ ഇഞ്ചവിള സർക്കാർ വൃദ്ധസദനമാണ് ആധുനിക സംവിധാനത്തോടെ പുതുക്കി നിർമിക്കുന്നത്. 2005ൽ ശിലപാകി രണ്ടുവർഷംകൊണ്ട് പണി പൂർത്തീകരിച്ച വൃദ്ധസദനത്തിൽ ആരംഭത്തിൽ ഓഫിസ് റൂമും സ്റ്റാഫ് റൂമും പാചകപ്പുരയും ഉൾപ്പെടെ 27 മുറികളാണ് ഉണ്ടായിരുന്നത്. അന്തേവാസികൾ വർധിച്ചതോടെ സ്ഥലപരിമിതി പ്രശ്നമായി. മാനേജിങ് കമ്മിറ്റിയുടെ ഇടപെടിലിനെ തുടർന്ന് സർക്കാറിൻറ പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച അഞ്ചുകോടി രൂപ ചെലവാക്കിയാണ് മന്ദിരം ആധുനികവത്കരിക്കുന്നത്. നിലവിൽ 35 പുരുഷന്മാരും 27 സ്ത്രീകളുമുൾപ്പെടെ 62 പേരാണ് മന്ദിരത്തിലെ അന്തേവാസികൾ. ഒരു അന്തേവാസിക്ക് സർക്കാർ ഫണ്ടായി 2000 രൂപ ഭക്ഷണത്തിനും 1000 രൂപ മരുന്നിനുമായി പ്രതിമാസം ലഭിക്കുന്നുണ്ട്. നവീകരിക്കുന്ന മന്ദിരത്തിൽ ലിഫ്റ്റ് സൗകര്യം, പുതുതായി ഡോർമിറ്ററികൾ, ആധുനിക രീതിയിൽ നവീകരിച്ച പാചകപ്പുര തുടങ്ങിയവയുടെ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. മന്ദിരത്തിെൻറ പ്രവേശനകവാടവും സൗന്ദര്യവത്കരിക്കുന്നുണ്ട്. രണ്ടു മാസത്തിനകം നിർമാണം പൂർത്തീകരിച്ച് ഉദ്ഘാടനം നടത്താനാണ് തീരുമാനമെന്ന് വൃദ്ധസദനം സൂപ്രണ്ട് സന്തോഷ്കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.