ജീവനക്കാരെ കബളിപ്പിച്ച് കടകളിൽനിന്ന് പണംകവർച്ച; പ്രതിയെ തെളിവെടുപ്പിനെത്തിച്ചു

ആറ്റിങ്ങല്‍: മുനിസിപ്പല്‍ ബസ്സ്റ്റാൻഡിലെ മൊബൈല്‍ കടയിലെയും നഗരത്തിലെ ഡ്രൈക്ലീനിങ് സ്ഥാപനത്തിലെയും ജീവനക്കാരെ കബളിപ്പിച്ച് പണംകവര്‍ന്ന കേസിലെ പ്രതിയെ ആറ്റിങ്ങലിലെത്തിച്ച് തെളിവെടുത്തു. പത്തനംതിട്ട റാന്നി മല്ലപ്പള്ളി കീഴ്വായൂര്‍ സ്വദേശി രാജേഷ് ജോർജിനെയാണ് (41) തട്ടിപ്പുനടത്തിയ കടകളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞമാസം 26ന് ആറ്റിങ്ങല്‍ മുനിസിപ്പല്‍ ബസ്സ്റ്റാഡിലെ ഷാജിയുടെ ഉടമസ്ഥതയിലുള്ള മൊബൈല്‍ കടയിലും ടൗണിലെ ഡ്രൈക്ലീനിങ് കടയിലുമാണ് വിശ്വസനീയമായരീതിയില്‍ പെരുമാറി പണം തട്ടിയെടുത്ത് ഇയാള്‍ മുങ്ങിയത്. സി.സി.ടി.വി ദൃശ്യമുള്‍പ്പെടെ പത്രങ്ങളില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട റാന്നി സ്റ്റേഷനിലെ പൊലീസുകാരനാണ് ആളെ തിരിച്ചറിഞ്ഞ് വിവരം ആറ്റിങ്ങല്‍ പൊലീസിന് കൈമാറിയത്. കൊല്ലം ജില്ലയിലെ പുനലൂരിലും പത്തനംതിട്ടയിലെ വിവിധ സ്ഥലങ്ങളിലും സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയതിന് മുമ്പ് രാജേഷ് ജോർജ് പിടിയിലായിട്ടുണ്ട്. തട്ടിപ്പുനടത്താന്‍ കട തെരഞ്ഞെടുത്തുകഴിഞ്ഞാല്‍ ഉടമയുടെ വിവരങ്ങള്‍ ആദ്യംതിരക്കി അറിയും. അതിനുശേഷം ഉടമ ഇല്ലാത്ത സമയം കടയിലെത്തി ഉടമയുടെ അടുത്തസുഹൃത്തെന്ന രീതിയില്‍ ഫോണില്‍ സംസാരിച്ച് ജീവനക്കാരുടെ വിശ്വാസ്യതനേടും. ഉടമ പറഞ്ഞിട്ടെന്നുധരിപ്പിച്ച് പണം ജീവനക്കാരില്‍നിന്ന് തട്ടിയെടുക്കുകയാണ് രീതി. എല്ലാ തട്ടിപ്പും ഒരേ രീതിയിലാണ് നടത്തിവന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.