നഗരത്തിലെ രണ്ട് മൊബൈൽ ഷോപ്പുകളിൽ കവർച്ച നടത്തിയ എട്ടംഗസംഘം ഉടൻ പൊലീസ് വലയിലാകും

കൊല്ലം: നഗരത്തിലെ രണ്ട് മൊബൈൽ ഷോപ്പുകളിൽ കവർച്ചനടത്തിയ എട്ടംഗസംഘം ഉടൻ പൊലീസ് വലയിലാകുമെന്ന് സൂചന. മോഷ്ടാക്കളെ പിന്തുടർന്ന കൊല്ലത്തുനിന്നുള്ള പൊലീസ് സംഘം ബിഹാറിലെ ചമ്പാരൻ ജില്ലയിലെത്തി. സിറ്റി പൊലീസ് കമീഷണർ അജിത ബീഗം ചമ്പാരൻ പൊലീസ് സൂപ്രണ്ടുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് പ്രതികളെ പിടികൂടാനുള്ള പിന്തുണ ഉറപ്പുവരുത്തി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് പൊലീസ് ഇവരെ പിന്തുടരുന്നത്. കൊല്ലത്തെ മൊബൈൽ കടകളിൽ കവർച്ച നടത്തിയശേഷം രണ്ടുദിവസം കൂടി സംസ്ഥാനത്ത് തങ്ങിയ കവർച്ചസംഘം തമിഴ്നാട് വഴി ബിഹാറിലേക്ക് കടക്കുകയായിരുന്നു. കഴിഞ്ഞമാസം 24ന് പുലർച്ചെയാണ് ഹൈസ്കൂൾ ജങ്ഷന് സമീപം കൊച്ചുകൊടുങ്ങല്ലൂർ ക്ഷേത്രത്തിനടുത്ത് രണ്ട് മൊബൈൽ ഷോപ്പുകളിലാണ് വൻകവർച്ച നടന്നത്. രണ്ട് കടകളിൽനിന്ന് 13 ലക്ഷം രൂപയുടെ മൊബൈൽഫോണുകളും രണ്ടുലക്ഷം രൂപയും മോഷണം പോയിരുന്നു. കെട്ടിടത്തി​െൻറ രണ്ടറ്റത്തുമുള്ള സി.സി ടി.വി കാമറകളിൽ എട്ടുപേരടങ്ങുന്ന മോഷണസംഘത്തി​െൻറ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. സമാനമായ രീതിയിലുള്ള മോഷണം എറണാകുളത്തും പാലക്കാടും സമീപ ദിവസങ്ങളിലുണ്ടാവുകയും ചെയ്തിരുന്നു. കൊല്ലത്തെ കവർച്ചക്കു ശേഷം തിരുവനന്തപുരത്തും മോഷണം നടത്തിയശേഷമാണ് ഇവിടം വിട്ടത്. ഒന്നരലക്ഷം മൊബൈൽ നമ്പറുകൾ നിരീക്ഷിച്ചാണ് നാല് സ്ഥലങ്ങളിലും മോഷണം നടക്കുന്ന സമയത്തുണ്ടായിരുന്ന എട്ട് നമ്പറുകൾ പൊലീസ് തിരിച്ചറിഞ്ഞത്. ഇവർ ചമ്പാരനിൽ തന്നെയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർ ഇവിടെ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.