മലയിൻകീഴ്: മണിയറവിള സർക്കാർ ആശുപത്രി ഇനി കാട്ടാക്കട താലൂക്കാശുപത്രിയാകും. ഇതു സംബന്ധിച്ച ഉത്തരവ് ശനിയാഴ്ച സർക്കാർ പുറപ്പെടുവിച്ചു. മലയിൻകീഴുകാരുടെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു ഈ ആശുപത്രിയെ താലൂക്കാശുപത്രി ആക്കണമെന്നത്. താലൂക്കാശുപത്രിയാകുന്നതോടെ 24 മണിക്കൂർ പ്രവർത്തനവും 20 ഡോക്ടർമാരുടെ വിവിധ മേഖലകളിലുള്ള സേവനവുമുണ്ടാകും. എല്ലാവിധ സൗകര്യങ്ങളുമുള്ള ഈ ആശുപത്രിക്ക് താലൂക്ക് പരിവേഷം കിട്ടിയതോടെ കാട്ടാക്കട മണ്ഡലത്തിലെ സാധാരണക്കാർക്ക് ചികിത്സക്ക് ഇനി നഗരത്തിലേക്കും മറ്റ് സ്വകാര്യആശുപത്രിയെയും ആശ്രയിക്കേണ്ടതില്ല. ഇപ്പോഴും ഇവിടെ ചികിത്സ തേടി എത്തുന്നവരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനയാണുള്ളത്. ജനറൽ മെഡിസിൻ, സർജറി, പ്രസവം, കുട്ടികളുടെ ചികിത്സ, ഇ.എൻ.ടി, ത്വക്ക് തുടങ്ങി സമസ്തചികിത്സയും ഉണ്ടാകുമെന്നാണ് മലയിൻകീഴ് പഞ്ചായത്ത് പ്രസിഡൻറ് എസ്. ചന്ദ്രൻനായർ പറയുന്നത്. പരാതികൾക്ക് ഇടംനൽകാത്തവിധം ആശുപത്രിയിൽ സേവനമുണ്ടാകുമെന്ന് ഐ.ബി.സതീഷ് എം.എൽ.എയും അറിയിച്ചു. രാത്രിയിൽ ഡോക്ടറുടെ സേവനമുണ്ടാകുന്നില്ല, അത്യാവശ്യമരുന്നുകൾ ലഭ്യമാകുന്നില്ല തുടങ്ങിയപരാതികൾക്ക് താലൂക്കാശുപത്രിയാകുന്നതോടെ പരിഹാരമാകും. അപകടങ്ങളുണ്ടാകുമ്പോൾ മെഡിക്കൽ കോളജ്, ജനറൽ ആശുപത്രി, നെയ്യാറ്റിൻകര താലൂക്കാശുപത്രികളെയാണ് പ്രധാനമായും ഇവിടത്തുകാർ ആശ്രയിക്കുന്നത്. കാട്ടാക്കട താലൂക്ക് രൂപവത്കരണത്തെ സംബന്ധിച്ച് ആലോചനകൾ നടന്നപ്പോൾതന്നെ മണിയറവിള ആശുപത്രിയെ താലൂക്ക് ആശുപത്രിയാക്കണമെന്ന ആവശ്യവുമായി നിരവധി സന്നദ്ധസംഘടനകളും യുവജനസംഘടനകളും രംഗത്തുവന്നിരുന്നു. വിവിധ വിഭാഗങ്ങളിലായി 70 ലേറെ ജീവനക്കാരും പുതിയ താലൂക്കാശുപത്രിയിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.