വർക്കല: ഇടവ ഗ്രാമപഞ്ചായത്തിലെ അംഗൻവാടികളുടെ പ്രവർത്തനം സംബന്ധിച്ച് വ്യാപക പരാതികൾ. നമ്പർ 44 കാപ്പിൽ അംഗൻവാടിയെക്കുറിച്ചാണ് ഏറ്റവും ഗുരുതരമായ ആക്ഷേപങ്ങൾ ഉയരുന്നത്. ഇതുസംബന്ധിച്ച് സി.ഡി.പി.ഒക്ക് നാട്ടുകാർ പരാതി നൽകിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് ആരോപണമുണ്ട്. നമ്പർ 44 അംഗൻവാടി വർഷങ്ങളായി വർക്കറുടെ വീട്ടുവളപ്പിലാണ് പ്രവർത്തിക്കുന്നത്. ഇങ്ങനെ പ്രവർത്തിക്കുന്നത് നിയമവിരുദ്ധമാണെന്ന് നേരത്തേ തന്നെ പരാതി ഉയർന്നിരുന്നു. എന്നാൽ, സൂപ്പർവൈസറുടെ സ്വാധീനത്തിെൻറ തണലിലാണ് വർക്കർ വീട്ടിൽ പ്രവർത്തനങ്ങൾ തുടരുന്നത്. അംഗൻവാടിയുടെ ദൈനംദിനപ്രവർത്തനങ്ങൾ പരാതിക്കിട നൽകിയിട്ടും പഞ്ചായത്ത് ഉൾപ്പെടെ ആരും അന്വേഷണം നടത്താൻ പോലും തയാറായില്ല. തുടർന്ന് നാട്ടുകാരനായ സാംസ്കാരികപ്രവർത്തകൻ അഡീഷനൽ ഐ.സി.ഡി.എസിനോട് വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് ആവശ്യപ്പെട്ടു. പരാതിയെ ബന്ധപ്പെട്ടവർ നിസ്സാരമായാണ് കണ്ടത്. 45 ദിവസം കഴിഞ്ഞിട്ടും അപേക്ഷകന് മറുപടിയും ലഭിച്ചിട്ടില്ല. അംഗൻവാടിയിലെത്തുന്ന പോഷകാഹാരം, ഭക്ഷ്യധാന്യങ്ങൾ എന്നിവ വർക്കർ വ്യാജരേഖകൾ കാണിച്ച് തട്ടിയെടുക്കുന്നതായും വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായും പരാതിയുണ്ട്. അംഗൻവാടി പ്രവർത്തിപ്പിക്കാൻ വേണ്ടത്ര കുട്ടികളും ഇവിടെയില്ല. കുട്ടികളുടെ ഹാജർബുക്കിൽ പഠിക്കാനെത്താത്ത കുട്ടികളുടെ പേര് എഴുതിച്ചേർത്താണ് ഹാജർ രേഖപ്പെടുത്തുന്നത്. പരിശോധന നടക്കുന്ന ദിവസം തൊട്ടടുത്ത വീടുകളിലെ കുട്ടികളെ കൊണ്ടുവന്നിരുത്തുന്നത് പതിവാണ്. കുട്ടികൾക്ക് നൽകേണ്ട പോഷകാഹാരം പശുക്കളെ തീറ്റിക്കുന്നത് പതിവായപ്പോഴാണ് നാട്ടുകാർ രംഗത്ത് വന്നത്. വർക്കല ഐ.സി.ഡി.എസിന് കീഴിലാണ് ഇടവ പഞ്ചായത്തിലെ 24 അംഗൻവാടികളും പ്രവർത്തിക്കുന്നത്. പലതും സുരക്ഷിതമായ പരിസരത്തല്ല പ്രവർത്തിക്കുന്നത്. മിക്കവാറും അംഗൻവാടികളിലെല്ലാം ഭക്ഷ്യധാന്യങ്ങളുടെ ചോർച്ച നിർബാധം നടക്കുന്നുണ്ട്. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ഭാരവാഹികളോ മേൽനോട്ടം നിർവഹിക്കേണ്ട സൂപ്പർവൈസറോ അംഗൻവാടികൾ സന്ദർശിക്കാറുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.