ജ​ല​നി​യ​​ന്ത്ര​ണം ഇ​നി ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ

തിരുവനന്തപുരം: രൂക്ഷമായ ജലക്ഷാമത്തിെൻറ പശ്ചാത്തലത്തിൽ നഗരത്തിൽ ഏർപ്പെടുത്തിയ ജലനിയന്ത്രണത്തിന് പുതിയ ക്രമീകരണവുമായി ജല അതോറിറ്റി. പകൽ സമയങ്ങളിലെ 50 ശതമാനം നിയന്ത്രണവും രാത്രിയിൽ 100 ശതമാനം പമ്പിങ്ങുമെന്ന നിലവിലെ രീതി മാറ്റി പകരം ഒന്നിടവിട്ട ദിവസങ്ങളിലെ നിയന്ത്രണമേർപ്പെടുത്താനാണ് തീരുമാനം. അതായത് ഒന്നാമത്തെ ദിവസം വൈകുന്നേരം ആറ് മുതൽ അടുത്ത ദിവസം വൈകുന്നേരം ആറ് വരെ 24 മണിക്കൂർ പമ്പിങ് നേർ പകുതിയാക്കും. തുടർന്നുള്ള 24 മണിക്കൂർ പമ്പിങ് 100 ശതമാനവും. ഇതോടെ മർദം കുറയുന്നത് മൂലം ജലവിതരണം തടസ്സപ്പെടുന്നത് പരിഹരിക്കാനാകുമെന്നാണ് ജല അതോറിറ്റിയുടെ വിലയിരുത്തൽ. പുതിയ ക്രമീകരണം തിങ്കളാഴ്ച വൈകീട്ട് ആറ് മുതൽ നിലവിൽ വന്നു. തുടർന്നുള്ള 24 മണിക്കൂറിൽ 50 ശതമാനമായിരുന്നു പമ്പിങ്. ചൊവ്വാഴ്ച വൈകീട്ട് ആറ് മുതൽ പമ്പിങ് പൂർണ തോതിലാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച പകലും പൂർണമായ അളവിൽ വെള്ളം കിട്ടുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം മുന്നറിയിപ്പില്ലാതെ തിങ്കളാഴ്ച രാത്രിയിലും വെള്ളവിഹിതം വെട്ടിക്കുറച്ചത് ചൊവ്വാഴ്ച നഗരജീവിതത്തെ ദുസ്സഹമാക്കി. അറിയിപ്പനുസരിച്ച് രാത്രിയിൽ പൂർണ തോതിൽ വെള്ളം കിട്ടുമെന്ന് കരുതി കാത്തിരുന്നവരാണ് വെട്ടിലായത്. ഇതോടെ ചൊവ്വാഴ്ചയിലെ കാര്യങ്ങൾ അവതാളത്തിലായി. രാത്രിയിൽ പൂർണമായി വെള്ളം കിട്ടിയിരുന്ന താഴ്ന്ന പ്രദേശങ്ങളിൽ പോലും വെള്ളം നൂല് പോലെയായിരുന്നു. ഇതോടെ ആളുകൾ ജല അതോറിറ്റി ഓഫിസിലേക്ക് വിളിയും ബഹളവുമായി. ചൊവ്വാഴ്ച വൈകീട്ട് ആറ് മുതൽ തുടർന്നുള്ള 24 മണിക്കൂർ പൂർണമായും വെള്ളം കിട്ടുമെന്ന് പറഞ്ഞാണ് പരാതി പറയാൻ വിളിച്ചവരെ അധികൃതർ ആശ്വസിപ്പിച്ചത്. അതേസമയം തിങ്കളാഴ്ച രാത്രിക്ക് പുറമേ ചൊവ്വാഴ്ചയും വെള്ളം മുടങ്ങിയത് നഗരജീവിതം താളംതെറ്റിച്ചു. ആശുപത്രികളും ഹോസ്റ്റലുകളും പൊതു കാൻറീനുകളുമടക്കം പ്രതിസന്ധിയിലായി. മൂന്ന് ലക്ഷം ലിറ്റർ വെള്ളം പ്രതിദിനം ആവശ്യമുള്ള ജനറൽ ആശുപത്രിയിൽ പകുതി പോലും കിട്ടിയില്ല. വരും ദിവസങ്ങളിൽ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നാണ് ഉദ്യോഗസ്ഥരുടെയും ശുഭാപ്തി വിശ്വാസം. എന്നാൽ, മർദം കുറയൽ ജലവിതരണത്തെ ബാധിക്കുമോ എന്ന ആശയങ്കയുമുണ്ട്. ദിവസത്തിൽ പകുതി സമയം നിയന്ത്രണം വന്നതോടെ പൈപ്പുകളിലെ മർദം താഴുന്നതാണ് വിതരണത്തെ ബാധിച്ചിരുന്നത്. പൈപ്പുകളിൽ തുടച്ചയായി വെള്ളമെത്തുന്ന ഘട്ടങ്ങളിൽ മർദം കൃത്യമായിരിക്കുകയും ജലവിതരണം സുഗമമാവുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. നേരത്തെ പകൽ നേരങ്ങളിൽ പമ്പിങ് പകുതിയാക്കിയതോടെ പൈപ്പുകളിലെ വെള്ളത്തിെൻറ അളവ് കുറയുകയും മർദം താഴുകയും ചെയ്തിരുന്നു. രാത്രിയിൽ വെള്ളമെത്തിയാലും പൈപ്പുകളിൽ മതിയായ അളവിൽ മർദം ക്രമപ്പെടാത്തതിനാൽ വിതരണത്തിൽ തടസ്സം നേരിട്ടു. ഇത് പരിഹരിക്കാൻ പുതിയ ക്രമീകരണം ഏർെപ്പടുത്തിയെങ്കിലും എത്രത്തോളം പ്രാവർത്തികമാകുമെന്ന് കണ്ടറിയണം. ഇതിനിടെ ജല വിതരണത്തിൽ പ്രയാസം നേരിടുന്ന 50 സ്ഥലങ്ങളിൽ കിയോസ്കുകൾ സ്ഥാപിച്ചു. അഞ്ച് ടാങ്കർ ലോറികൾ ഇവിടങ്ങളിൽ വെള്ളം നിറക്കാനും നിയോഗിച്ചു. വലിയശാല, കവടിയാർ, ജവഹർ നഗർ, അമ്പലമുക്ക്, നന്തൻകോട്, മണ്ണാമൂല, വെള്ളയമ്പലം എന്നിവിടങ്ങളിലെ കിയോസ്കുകളിൽ വെള്ളം തീർന്നതിനെത്തുടർന്ന് വീണ്ടും വിതരണം ചെയ്തിട്ടുണ്ട്. വിതരണത്തിനുപയോഗിക്കുന്ന ലോറികളുടെ ട്രിപ്ഷീറ്റ് ജലഅതോറിറ്റിയുടെയും ജില്ല ദുരന്തനിവാരണ വകുപ്പിെൻറയും നിരീക്ഷണത്തിലും മേൽനോട്ടത്തിലുമാണ് തയാറാക്കുന്നതെന്ന് ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.