തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ സി.​സി.​ടി.​വി സ്ഥാ​പി​ക്കണം –മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ

തിരുവനന്തപുരം: സർക്കാർ, സ്വകാര്യ മേഖലയിലെ എല്ലാ ആശുപത്രിയുടെയും തീവ്രപരിചരണ വിഭാഗത്തിലും ഓപറേഷൻ തിയറ്ററിലും സി.സി.ടി.വി കാമറകൾ നിർബന്ധമാക്കാൻ സർക്കാർ നിയമനിർമാണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. രോഗിക്ക് നൽകുന്ന ചികിത്സയുടെ വിശദാംശങ്ങൾ മുറിക്ക് പുറത്ത് കാത്തിരിക്കുന്ന ബന്ധുക്കൾക്ക് തത്സമയം കാണാൻ കഴിയണമെന്നും കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് നിർേദശിച്ചു. സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ ആശുപത്രികളുടെ തീവ്രപരിചരണ വിഭാഗങ്ങൾ, ഓപറേഷൻ തിയറ്റർ എന്നിവിടങ്ങളിൽ അടച്ചിട്ട മുറികളിൽ നടക്കുന്ന രഹസ്യചികിത്സ രോഗികളുടെ ബന്ധുക്കളിൽ ആശങ്കയുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് കമീഷെൻറ ഇടപെടൽ. മരിച്ച രോഗികൾക്കുവരെ ചില സ്വകാര്യ ആശുപത്രികൾ വെൻറിലേറ്ററിന് വാടക വാങ്ങുന്നതായി ആക്ഷേപമുണ്ട്. പണത്തിനുവേണ്ടി മരിച്ചവരെ തീവ്രപരിചരണ വിഭാഗത്തിൽ രഹസ്യമായി ചികിത്സിക്കാറുണ്ടെന്നും ആക്ഷേപമുണ്ട്. ബില്ലിനുവേണ്ടി അനാവശ്യ ശസ്ത്രക്രിയകളും പതിവാണ്. ഇത്തരം ആക്ഷേപങ്ങൾ സി.സി.ടി.വി സ്ഥാപിച്ചാൽ ഒഴിവാക്കാനാവും. ചികിത്സച്ചെലവുകൾ ഏകീകരിക്കാൻ പുതിയ നിയമത്തിന് കഴിയുമെന്ന് ഉത്തരവിൽ പറയുന്നു. ഇതുവഴി ചികിത്സച്ചെലവ് ഗണ്യമായി കുറക്കാനാവും. ചികിത്സ മേഖലയിലെ അനഭിലഷണീയ പ്രവണതകൾ തടയാനും കഴിയും. ഇത്തരം പ്രവണത അധികൃതർ കണ്ടില്ലെന്ന് നടിക്കാറാണ് പതിവ്. താൻ നൽകുന്ന ചികിത്സ ബന്ധുക്കൾ തത്സമയം കാണുണ്ടെന്ന് വരുമ്പോൾ ഡോക്ടർക്ക് കൂടുതൽ ഉത്തരവാദിത്തമുണ്ടാകുമെന്നും ചികിത്സപ്പിഴവ് ഒഴിവാക്കാനാവുമെന്നും ചികിത്സക്കിടയിൽ രോഗി മരിക്കുന്ന സന്ദർഭങ്ങൾ കുറക്കാനാവുമെന്നും പി. മോഹനദാസ് പറഞ്ഞു. ഒമാനിൽ ഡോക്ടറായ സജീവ് ഭാസ്കർ സമർപ്പിച്ച പരാതിയിലാണ് നടപടി. ജീവിക്കാനുള്ള അവകാശം മനുഷ്യന് ഭരണഘടനാദത്തമായി സിദ്ധിച്ചതാണ്. മികച്ച ചികിത്സ ലഭിക്കാനുള്ള അവകാശം ഇതിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. സർക്കാർ ഇത്തരം ജനോപകാരപ്രദമായ നിയമനിർമാണങ്ങൾ കൊണ്ടുവന്ന് ആരോഗ്യമേഖലയിലെ സംശുദ്ധി ഉറപ്പുവരുത്തണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.