പൂവാർ: പഞ്ചായത്ത് ബിയർ പാർലർ തുടങ്ങാൻ എൻ.ഒ.സി അനുവദിച്ച തീരുമാനത്തിനെതിരെ നാട്ടുകാർ നടത്തുന്ന സമരം 85 ദിവസം പിന്നിട്ടു. തിങ്കളാഴ്ച പ്രമുഖരുടെ നേതൃത്വത്തിൽ വിപുലമായ പ്രതിഷേധ പരിപാടികളുമായി നാട്ടുകാർ തെരുവിലിറങ്ങും. രാവിലെ 10ന് പൂവാർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ നടക്കുന്ന പ്രതിഷേധക്കൂട്ടായ്മയിൽ ആർച് ബിഷപ് സൂസപാക്യം, സ്വാമി ഗുരുരത്നം ജ്ഞാനതപസി, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. സർവകക്ഷി യോഗം ചേർന്ന് എൻ.ഒ.സി നൽകിയ തീരുമാനം മരവിപ്പിക്കുന്നതിനു നിയമോപദേശം തേടാൻ തീരുമാനിച്ചിരുന്നു. തുടർന്ന് ജനകീയ സമിതി പഞ്ചായത്തിൽ റിവ്യൂ പെറ്റീഷൻ നൽകിയെങ്കിലും അധികൃതർ സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. നാട്ടുകാർ ഒന്നടങ്കം പ്രധിഷേധം ഉയർത്തിയിട്ടും സ്വകാര്യ ഹോട്ടലിന് ബിയർ പാർലർ ആരംഭിക്കാൻ എൻ.ഒ.സി നൽകിയ തീരുമാനത്തിൽതന്നെ പഞ്ചായത്ത് അധികൃതർ ഉറച്ചുനിൽക്കുകയാണ്. ജനുവരി 10ന് ചേർന്ന യോഗത്തിലാണ് ബിയർ പാർലർ പ്രവർത്തിപ്പിക്കാൻ പഞ്ചായത്ത് അനുമതി നൽകിയത്. 15 അംഗങ്ങളുള്ള പഞ്ചായത്തിൽ കോൺഗ്രസിലേത് ഉൾപ്പെടെ ആറ് അംഗങ്ങൾ ഈ തീരുമാനത്തോട് വിയോജിച്ചിരുന്നു. ജനുവരി 16ന് തുടങ്ങിയ പഞ്ചായത്ത് ഉപരോധം ഇപ്പോഴും തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.