സ്മാര്‍ട്ട് സിറ്റി; വിദഗ്ധരുടെ ചര്‍ച്ച തുടങ്ങി

തിരുവനന്തപുരം: സ്മാര്‍ട്ട്സിറ്റി പദ്ധതിക്ക് പ്രപ്പോസല്‍ സമര്‍പ്പിക്കുന്നതിന് വാര്‍ഡ് അടിസ്ഥാനത്തില്‍ നടത്തുന്ന വിദഗ്ധരുടെ ആദ്യയോഗം കണ്ണമ്മൂലയില്‍ നടന്നു. മേയര്‍ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. സതീഷ്കുമാറിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിദഗ്ധരുള്‍പ്പെടെ 30ഓളം പേര്‍ പങ്കെടുത്തു.ആമയിഴഞ്ചാന്‍ തോട് നവീകരിച്ച് ആക്കുളം കായലിലേക്ക് ജലഗതാഗതമൊരുക്കുന്നതിനുള്ള ബൃഹത് പദ്ധതിയാണ് കണ്ണമ്മൂല വാര്‍ഡിന്‍േറതായി സമര്‍പ്പിക്കാനൊരുങ്ങുന്നത്. കണ്ണമ്മൂലയില്‍ 500 ഏക്കറോളം സ്ഥലമാണ് സ്മാര്‍ട്ട്സിറ്റി പദ്ധതിക്കായി നിര്‍ദേശിക്കുന്നത്. നഗരത്തിലെ പ്രധാന കനാലായ ആമയിഴഞ്ചാന്‍ തോട് നവീകരിച്ചാല്‍ ചരക്ക് ഗതാഗതമുള്‍പ്പെടെയുള്ളവ നടത്താമെന്നാണ് നിര്‍ദേശം. റോഡിലെ വാഹനഗതാഗതത്തിരക്കിന് കുറവുണ്ടാക്കാനും കഴിയും. അടിസ്ഥാന സൗകര്യവികസനത്തിനുള്ള നിര്‍ദേശങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്. സെന്‍റര്‍ ഫോര്‍ എന്‍വയണ്‍മെന്‍റല്‍ ഡെവലപ്മെന്‍റ് ചെയര്‍മാന്‍ പ്രഫ. വി.കെ. ദാമോദരന്‍ വിഷയാവതരണം നടത്തി. ജലലഭ്യത, വൈദ്യുതിലഭ്യത, ഖരമാലിന്യ സംസ്കരണവും-ശുചീകരണവും, പൊതുഗതാഗത സംവിധാനങ്ങള്‍, പാര്‍പ്പിടം, ഡിജിറ്റലൈസേഷന്‍, ഇ- ഗവേണന്‍സ്, പരിസ്ഥിതി സൗഹൃദവികസനം, സ്ത്രീകള്‍-കുട്ടികള്‍-മുതിര്‍ന്നവര്‍ എന്നിവരുടെ സുരക്ഷിതത്വം, വിദ്യാഭ്യാസം, ആരോഗ്യം, സ്വിവറേജ് സംവിധാനം തുടങ്ങി വിവിധ മേഖലകളിലെ വിഷയങ്ങളുള്‍പ്പെടുത്തിയുള്ള സമഗ്രമായ ചര്‍ച്ചയാണ് നടന്നത്. ഒക്ടോബര്‍ ഏഴിന് ചേരുന്ന കണ്ണമ്മൂല വാര്‍ഡ് കമ്മിറ്റി യോഗത്തില്‍ ഇവ അംഗീകരിച്ച് കോര്‍പറേഷന് സമര്‍പ്പിക്കും. രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ സ്മാര്‍ട്ട്സിറ്റി പദ്ധതി നടപ്പാക്കാനുള്ള കേന്ദ്രപദ്ധതിക്കായാണ് വിവിധ വാര്‍ഡുകളില്‍നിന്ന് പ്രപ്പോസലുകള്‍ സ്വീകരിക്കുന്നത്. 100 വാര്‍ഡുകളില്‍നിന്ന് പ്രപ്പോസലുകള്‍ സ്വീകരിച്ച ശേഷം ഇവയില്‍ ഏറ്റവും മികച്ചതാണ് കോര്‍പറേഷന്‍ സര്‍ക്കാറിന് സമര്‍പ്പിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.