തെരുവുനായ്ക്കളെ മൂന്നുമുതല്‍ വന്ധ്യംകരിക്കും

തിരുവനന്തപുരം: ജില്ലയില്‍ തെരുവുനായ് വന്ധ്യംകരണം ഒക്ടോബര്‍ മൂന്നിന് ആരംഭിക്കും. ഇതിന് യുദ്ധകാലാടിസ്ഥാനത്തില്‍ വിപുല പ്രവര്‍ത്തന പദ്ധതികള്‍ക്ക് കലക്ടര്‍ എസ്. വെങ്കിടേസപതി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മധു എന്നിവരുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം രൂപം നല്‍കി. 11 ബ്ളോക്കുകളിലായി പദ്ധതി നടപ്പാക്കും. പ്രാരംഭഘട്ടം തിരുവനന്തപുരം, പാറശ്ശാല, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍, ഇലകമണ്‍ എന്നീ ആറു ബ്ളോക്കുകളില്‍ തുടങ്ങും. ഇവിടങ്ങളില്‍ നായ്ക്കള്‍ക്കുള്ള ശസ്ത്രക്രിയാ സംവിധാനങ്ങള്‍, കൂടുകള്‍ എന്നിവ സജ്ജമാണ്. ഭക്ഷണം ഉറപ്പുവരുത്തുന്നതിന് സംവിധാനങ്ങളും കെയര്‍ടേക്കറെയും ഒന്നാം തീയതിയോടെ എത്തിക്കും. ആവശ്യമുള്ള ജീവനക്കാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കും. നായ്ക്കളെ പിടികൂടി എത്തിക്കുന്നതിനും ശസ്ത്രക്രിയക്ക് ശേഷം നിര്‍ദിഷ്ട സ്ഥലങ്ങളില്‍ തിരികെ എത്തിക്കുന്നതിനും കൂടുകള്‍ സൗകര്യമുള്ള വാഹനങ്ങള്‍ അടിയന്തരമായി ലഭ്യമാക്കും. ശസ്ത്രക്രിയക്ക് വെറ്ററിനറി ഡോക്ടര്‍മാരെ നിയോഗിക്കും. വിരമിച്ച വിദഗ്ധ മൃഗഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിനും തീരുമാനിച്ചു. മൂന്നിന് പി.എം.ജിയിലെ ജില്ലാ വെറ്ററിനറി സെന്‍ററില്‍ കലക്ടറും നെടുമങ്ങാട് പദ്ധതി പ്രദേശത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും സന്ദര്‍ശനം നടത്തി വിലയിരുത്തും. മറ്റുള്ളകേന്ദ്രങ്ങള്‍ വിവിധ സ്ഥിരംസമിതി അധ്യക്ഷാന്മാര്‍ അടക്കമുള്ളവര്‍ സന്ദര്‍ശിക്കും. ഏകോപനത്തിനായി എ.ഡി.എം ജോണ്‍ വി. സാമുവല്‍ ആറ് ബ്ളോക്കുകളിലേക്ക് അഞ്ച് ഡെപ്യൂട്ടി കലക്ടര്‍മാരെ നിയോഗിച്ച് ഉത്തരവായി. നെയ്യാറ്റിന്‍കരയിലും പാറശ്ശാലയിലും ലാന്‍ഡ് അക്യുസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ക്കാണ് ചുമതല. ജില്ലാ വെറ്ററിനറി സെന്‍ററില്‍ ലാന്‍ഡ് അക്യുസിഷന്‍(ദേശീയപാത) ഡെപ്യൂട്ടി കലക്ടര്‍, നെടുമങ്ങാട് ലാന്‍ഡ് റിഫോംസ് ഡെപ്യൂട്ടി കലക്ടര്‍, ഇലകമണില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എന്നിവര്‍ ഏകോപന ചുമതല നിര്‍വഹിക്കും. പദ്ധതി നടത്തിപ്പ് സംബന്ധിച്ച പൊതുയോഗം ഏഴിന് രാവിലെ 11ന് കലക്ടറേറ്റില്‍ ചേരും. തുടര്‍ന്ന് 12ന് കലക്ടറുടെ അധ്യക്ഷതയില്‍ വിപുലമായ ആക്ഷന്‍ പ്ളാന്‍ യോഗം ചേരും. നായ്പിടിത്തക്കാരെ തെരഞ്ഞെടുക്കുന്നതിനും അവര്‍ക്ക് ബ്ളോക് തലത്തില്‍ പരിശീലനം നല്‍കുന്നതിനും തീരുമാനിച്ചു. അനിമല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ തുടങ്ങിയ എന്‍.ജി.ഒകളുടെ സഹകരണവും ഉറപ്പാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.